തൊടുപുഴ : തൊടുപുഴയുടെ രാത്രി ജീവിതത്തിന് താത്കാലിക പൂട്ട്. അർധരാത്രി 12 മണി വരെ മാത്രമേ ഭക്ഷണശാലകളും വ്യാപാരകേന്ദ്രങ്ങളും പ്രവർത്തിക്കാൻ പാടുള്ളു എന്ന് പോലീസ് ഉത്തരവിറക്കിയതോടെയാണിത്. തൂഫാൻ നാർകോ ഹണ്ടിന്റെ ഭാഗമായി ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തിങ്കളാഴ്ച മുതൽ അർധരാത്രിക്കുശേഷം നഗരത്തിൽ ഭക്ഷണശാലകളൊന്നും പ്രവർത്തിക്കില്ല. പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്ക് മാത്രമാണ് നിരോധനമെന്ന് പോലീസ് പറയുന്നു. രാത്രി ജീവിതം സർക്കാരടക്കം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തിൽ ഇതിന് തടയിടുന്നതാണ് ഈ നീക്കമെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. നിയന്ത്രണം കൊണ്ടുവരുന്നതിൽ ചില വ്യാപാരികൾക്കും എതിർപ്പുണ്ട്. പൊതുജനത്തിന് മേൽ അനാവശ്യനിയന്ത്രണം അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണമുണ്ട്. എന്നാൽ, രാത്രികാലങ്ങളിൽ നഗരത്തിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്നും ഇത് തടയിടാൻ നിയന്ത്രണം നല്ലതാണെന്ന അഭിപ്രായവുമായി മറ്റൊരുവിഭാഗവും ശക്തമായി രംഗത്തുണ്ട്. തൊടുപുഴ നഗരസഭയും വ്യാപാരസമൂഹവും പോലീസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

To advertise here,

 

ലഹരിക്കച്ചവടം വ്യാപകം

:രാത്രിയിൽ നഗരത്തിൽ ലഹരിക്കച്ചവടം വ്യാപകമാണെന്ന് പോലീസ് പറയുന്നു. 12 മണിക്ക് ശേഷം തുറന്നിരിക്കുന്ന ചില കടകൾ കേന്ദ്രീകരിച്ചാണ് വിൽപ്പനയും കൈമാറ്റവും. നഗരത്തിൽ പഠിക്കാനെത്തിയ വിദ്യാർഥികളടക്കം രാത്രിയിൽ ഭക്ഷണശാലകളിലെത്തുന്നുണ്ട്. ഇവരിൽ ചിലരെങ്കിലും ഇരകളായി മാറുന്നുവെന്ന് പോലീസ് പറയുന്നു. കൂടാതെ ഇവരെ കടകളിൽനിന്ന് പിടികൂടാനും ബുദ്ധിമുട്ടാണ്. ഇതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ അർധരാത്രിക്ക് ശേഷമുള്ള നിരോധനം കൊണ്ടുവരുന്നതെന്നും ജില്ലാ പോലീസ് മേധാവിയടക്കം പറയുന്നു. നഗരത്തിലെ ഒരു കട കേന്ദ്രീകരിച്ച് ഗുരുതര പ്രശ്നമുണ്ടെന്നും പോലീസ് പറയുന്നു.

രാത്രിയാത്രക്കാരെബാധിക്കും

:കൊച്ചി ഭാഗത്തുനിന്ന് ഹൈറേഞ്ചിലേക്കും, മൂവാറ്റുപുഴ ഭാഗത്തുനിന്ന് പാലാ, പത്തനംതിട്ട, കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിലേക്കും യാത്രചെയ്യുന്ന ഒട്ടേറെപ്പേർ തൊടുപുഴ വഴിയാണ് കടന്നുപോകുന്നത്. രാത്രികാല കടകൾ ഇവർക്ക് ആശ്വാസമാണ്. എന്നാൽ, നിരോധനം വരുന്നതോടെ ഉറക്കംമാറാൻ കട്ടൻചായപോലും കിട്ടാത്ത സ്ഥിതിയുണ്ടാകും. തൊടുപുഴ കടന്നാൽ നെല്ലാപ്പാറ പോലെയുള്ള അപകടപാതകളുണ്ട്. അതിനാൽ പോലീസിന്റെ മേൽനോട്ടത്തിൽ കുറച്ച് കടകളെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യമുയരുന്നു. രാത്രി തീയേറ്ററിൽനിന്ന് സിനിമ കഴിഞ്ഞ് ഇറങ്ങുന്നവർക്കും, രാത്രിജീവിതം ആസ്വദിക്കുന്നവർക്കും ഇത് തിരിച്ചടിയാണ്. രാത്രി ജോലികഴിഞ്ഞ് വരുന്നവരും ആഹാരം കിട്ടാൻ ബുദ്ധിമുട്ടും.

ഉപജീവനം ഇനി എങ്ങനെ

:തൊടുപുഴ നഗരത്തിൽ അടുത്തിടെ രാത്രി പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. മുഴുവൻ സമയം പ്രവർത്തിക്കുന്നവയുമുണ്ട്. ഗാന്ധി സ്‌ക്വയറിൽ യാത്രക്കാർക്ക് ആശ്വാസമായി രണ്ട് ചായക്കടകളുണ്ട്,. വെങ്ങല്ലൂരിൽ മീൻ കച്ചവട കേന്ദ്രത്തിന് മുൻപിലും ചായ വിൽപ്പന കേന്ദ്രങ്ങളുണ്ട്. യാത്രക്കാരും മീൻ വിൽപ്പനക്കാരുമെല്ലാം ആശ്രയിക്കുന്ന ഈ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അങ്ങിനെയെങ്കിൽ ഈ തീരുമാനം അവരുടെ ഉപജീവന മാർഗത്തെ ബാധിക്കും.തൂഫാൻ നാർകോഹണ്ടിന്റെ ഭാഗമായിലഹരി ഉപയോഗം തടയുന്നതിനായാണ് ഈ നീക്കം തൊടുപുഴ നഗരത്തിൽ സന്ധ്യയോടെ ആരംഭിക്കുന്ന തട്ടുകടകളിലൊന്ന്