കട്ടപ്പന : ശാസ്താനടയിൽ മഴയോ മറ്റ് പ്രകൃതി ക്ഷോഭങ്ങളോ ഇല്ലാതെ ഉരുൾപൊട്ടലിന് സമാനമായി മണ്ണിടിഞ്ഞ് കർഷകൻ മരിച്ച സംഭവം അനധികൃത പാറഖനനം മൂലമെന്ന് സംശയം. അപകടമുണ്ടായ മലയുടെ പരിസരപ്രദേശം കേന്ദ്രീകരിച്ച് റവന്യു അധികൃതർ നടത്തിയ പരിശോധനയിൽ പാറ ഖനനം കണ്ടെത്തി.

To advertise here,

തോട്ടങ്ങൾ കേന്ദ്രീകരിച്ച് ആരുമറിയാതെയാണ് ഖനനം. മലയുടെ മറുഭാഗത്ത് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ രണ്ടിടത്താണ് ഖനനം കണ്ടെത്തിയത്. ഇവിടെ കഴിഞ്ഞദിവസവും പാറ പൊട്ടിക്കൽ നടന്നിരുന്നു. ഇതേ തുടർന്നുണ്ടായ പ്രകമ്പനമാണ് മലയിടിയാൻ കാരണമായതെന്ന് കരുതപ്പെടുന്നു.

ശാസ്താനടയിലുണ്ടായ മലയിടിച്ചിലിനെ തുടർന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ പാറഖനനമാണ് പാറയിടിഞ്ഞ് വീഴാൻ കാരണമെന്ന് സംശയം ഉയർന്നിരുന്നു. തുടർന്ന് പ്രദേശത്ത് വിശദമായ പരിശോധന നടത്താൻ ജില്ല കളക്ടർ നിർദേശിക്കുകയായിരുന്നു. ഇടുക്കി തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കട്ടപ്പന, വണ്ടൻമേട്, കാഞ്ചിയാർ വില്ലേജുകളിലായി പലയിടത്തും അനധികൃത പാറ ഖനന കേന്ദ്രം പ്രവർത്തിക്കുന്നത് കണ്ടെത്തി. ജലസേചനത്തിനുള്ള കുളം നിർമിക്കുന്നതിനും വീട് വെക്കാൻ തറ നിരപ്പാക്കുന്നതിനും അനുമതി വാങ്ങിയാണ് ലോഡ് കണക്കിന് പാറ പൊട്ടിച്ചു കടത്തുന്നത്. വണ്ടൻമേട് വില്ലേജിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ ഇടത്ത് ഏതാനുംദിവസം മുൻപ് വരെ പാറപൊട്ടിക്കൽ ഉണ്ടായിരുന്നതായി റവന്യു അധികൃതർ പറഞ്ഞു. സമീപത്ത് തന്നെ മണ്ണ് കുഴിച്ച് പാറപൊട്ടിച്ച് കടത്തുന്നതും കണ്ടെത്തി.