കുമളി : ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലത്തിന് മുന്നോടിയായി കുമളിയിലെത്തുന്ന അയ്യപ്പഭക്തർക്ക് വിരിവെയ്ക്കുന്നതിനും വാഹന പാർക്കിങ്ങിനുമായി വിപുലമായ ക്രമീകരണങ്ങളുമായി കുമളി പഞ്ചായത്ത്. തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കുമളിയിൽ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കുമളി- കോട്ടയം റോഡിൽ എം.എം.ജെ. പ്ലാന്റേഷൻസ്‌ കൈവശംവെച്ചിരുന്ന റവന്യൂഭൂമിയാണ് പഞ്ചായത്ത് ഏറ്റെടുത്ത് ഗ്രൗണ്ട് നിർമാണം ആരംഭിച്ചത്.

To advertise here,

തമിഴ്നാട്ടിൽനിന്നും മറ്റ് ഇതര സംസ്ഥാനങ്ങളിൽനിന്നും കുമളി വഴി കടന്നുപോകുന്ന തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനയാണ് എല്ലാവർഷവും ഉണ്ടാകാറുള്ളത്. മുൻകാലങ്ങളിൽ നേരിട്ടിരുന്ന കടുത്ത പാർക്ക‌ിങ് പ്രതിസന്ധിയും ടൗണിലെ മണിക്കൂറുകൾനീളുന്ന ഗതാഗതക്കുരുക്കും പൂർണമായി പരിഹരിക്കാൻ ഈ ഭൂമി ഏറ്റെടുക്കലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ ഗ്രൗണ്ടിന്റെ പണികൾ പുരോഗമിക്കുകയാണ്.

കുമളി ടൗണിലെ തിരക്ക് പൂർണമായും ഒഴിവാക്കുന്നതിനായി വിപുലമായ പാർക്കിങ് പ്ലാനാണ് ഇത്തവണ പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്നത്.

എം.എം.ജെ. പ്ലാന്റേഷൻസിന് മുൻപിൽ ഒരുങ്ങുന്ന പുതിയ ഗ്രൗണ്ടിനുപുറമേ, കുമളിയിലെ പ്രധാന പാർക്കിങ് കേന്ദ്രമായ കല്ലറയ്ക്കൽ ഗ്രൗണ്ടും കുമളി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടും തീർഥാടകരുടെ വാഹനങ്ങൾക്കായി പൂർണസജ്ജമാക്കും. വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും ടൗണിൽ ബ്ലോക്കുണ്ടാക്കാത്ത രീതിയിൽ വെവ്വേറെ കേന്ദ്രങ്ങളിൽ പാർക്കുചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

തീർഥാടന കാലയളവിൽ വാഹനം റോഡരികിൽ പാർക്കുചെയ്യുന്നത് പൂർണമായി നിരോധിക്കുമെന്നും ഭക്തരെ ടൗണിലിറക്കിയശേഷം വാഹനങ്ങൾ നിർബന്ധമായും ഈ നിശ്ചിത പാർക്കിങ് കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിശാലമായ വാഹന പാർക്കിങ്ങിനൊപ്പംതന്നെ ഭക്തർക്ക് വിശ്രമിക്കുന്നതിനായി വിരിപ്പന്തലുകളും ഇവിടെ ഒരുക്കും. കുടിവെള്ളം വിതരണം, താത്‌കാലിക ശുചിമുറികൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിൽ പഞ്ചായത്ത് നേരിട്ട് ഉറപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് പറഞ്ഞു.