കയറ്റിറക്കവും കൊടുംവളവും തകർന്ന റോഡും

To advertise here,

നെടുങ്കണ്ടം : കമ്പം-കട്ടപ്പന സംസ്ഥാനപാതയിലെ മൂങ്കിപ്പള്ളം കയറ്റത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.

ജില്ലയിലെതന്നെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡുകളിൽ ഒന്നായ ഈ പാതയിൽ, കമ്പംമെട്ട്-ചേറ്റുകുഴി വഴി ആമയാർ ഭാഗത്തേക്ക് എത്തുന്ന റൂട്ടിലാണ് റോഡിന്റെ അശാസ്ത്രീയമായ നിർമാണവും വളവും കയറ്റവും ഒന്നിച്ചുവരുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നത്.

മാസം നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ഭാരമേറിയ ലോഡുമായി എത്തുന്ന വാഹനങ്ങളാണ് അപകടങ്ങളിൽപെടുന്നതിൽ ഏറെയും.

കമ്പത്തുനിന്ന് കട്ടപ്പനയിലേക്ക് സാധനങ്ങളുമായി പോകുന്ന ചരക്കുലോറികളാണ് ഇതിൽ ഏറെയും.

പാതയിലൂടെ നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. അപകടസാധ്യത മനസ്സിലാക്കാതെ തമിഴ്‌നാട്ടിൽനിന്ന് എത്തുന്ന ഡ്രൈവർമാരാണ് ഇവിടെ കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്. കയറ്റത്തിന്റെ കാഠിന്യവും ഒപ്പം വരുന്ന കൊടുംവളവും കാരണം വാഹനങ്ങളുടെ നിയന്ത്രണംവിട്ട് പുറകോട്ട് മറിയുന്നതും പതിവാണ്. ഇതിനുപുറമേ, റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

വണ്ടികൾ കയറ്റം കയറാൻ കഴിയാതെ കുടുങ്ങുമ്പോൾ, പ്രദേശത്തെ വ്യക്തിയുടെ സഹായത്തോടെ ട്രാക്ടർ ഉപയോഗിച്ചാണ് പലപ്പോഴും ഇവയെ വലിച്ചുകയറ്റാറുള്ളത്. ഇതിനു പുറമേ, ഈ പാതയിലെ പ്രധാന പാലങ്ങളിലൊന്നായ പഴയ കൊച്ചറപ്പാലം തീർത്തും അപകടകരമായ അവസ്ഥയിലാണ്.

പാലത്തിന്റെ താഴ്ഭാഗത്തെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് കമ്പികൾ പൂർണമായും തുരുമ്പെടുത്തനിലയിലാണ്.

ഈ പാലം പുതുക്കിപ്പണിയുന്നതിനായി മുൻപ് സർക്കാർ ഉത്തരവും ഔദ്യോഗിക നിർദേശങ്ങളും വന്നിരുന്നെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.

ഇറക്കം കഴിഞ്ഞ് കയറ്റം തുടങ്ങുന്ന താഴ്ഭാഗത്ത് മണ്ണിട്ട് റോഡ് ഉയർത്തിയാൽ ഈ വലിയ കയറ്റത്തിന്റെ ബുദ്ധിമുട്ട് ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

കൂടാതെ അപകടകരമായ വളവ് നിവർത്തുകയും റോഡിലെ കുഴികൾ അടച്ച് നവീകരിക്കുകയുംചെയ്താൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകും.