​കുമളി : സത്രത്തിലെ ദേവസ്വംബോർഡിന്റെ അധീനതയിലുള്ള ഇരുപതേക്കറോളം ഭൂമി സംരക്ഷിച്ച് അയ്യപ്പഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യം. പാർക്കിങ് സൗകര്യമില്ലെന്ന കാരണത്താൽ സത്രത്തിൽനിന്ന് കിലോമീറ്ററുകൾ അകലെ വാളാർഡിയിൽ വാഹനങ്ങൾ പാർക്കുചെയ്യാനും ടിക്കറ്റ് ബുക്കിങ് കൗണ്ടർ ആരംഭിക്കാനുമുള്ള തീരുമാനത്തിനെതിരേ പ്രദേശവാസികളും ക്ഷേത്രസമിതി അംഗങ്ങളും രംഗത്തെത്തി. ദേവസ്വം ബോർഡിന്റെ അനാസ്ഥ അവസാനിപ്പിച്ച് തീർഥാടകർക്ക് സത്രത്തിൽത്തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

To advertise here,

സത്രത്തിൽ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള 20 ഏക്കറോളം ഭൂമി ഉണ്ടായിട്ടും അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.

തീർഥാടകർക്ക് വാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യം, വിരിപ്പന്തൽ, ശൗചാലയങ്ങൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ എന്നിവ ഒരുക്കാൻ ആവശ്യമായ സ്ഥലം സത്രത്തിലുണ്ട്. എന്നാൽ, ഈ ഭൂമി ഫലപ്രദമായി വിനിയോഗിക്കാതെ കിടക്കുകയാണ്. ഇത് സ്വകാര്യവ്യക്തികളുടെ കൈയേറ്റത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷംവരെ സത്രത്തിൽ അയ്യപ്പഭക്തർക്ക് വിരിവെയ്ക്കു‌ന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ആവശ്യമായ സൗകര്യങ്ങൾ തുടർന്നും ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നാണ് ആരോപണം.

ഇതിനിടെയാണ് പാർക്കിങ് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സത്രത്തിൽനിന്ന് കിലോമീറ്ററുകൾ അകലെ വാളാർഡിയിൽ വാഹനങ്ങൾ പാർക്കുചെയ്യാനും ടിക്കറ്റ് ബുക്കിങ് കൗണ്ടർ ആരംഭിക്കാനുമുള്ള തീരുമാനം. ഇതിനെതിരേയാണ് പ്രദേശവാസികളും ക്ഷേത്രസമിതി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേരളത്തിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വാഹനങ്ങളിലെത്തുന്ന അയ്യപ്പഭക്തർക്കും സത്രം വഴി കാൽനടയായി എത്തുന്ന തീർഥാടകർക്കും സത്രത്തിൽത്തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. തീർഥാടകരെ വാളാർഡിയിൽ തടഞ്ഞുനിർത്തി യാത്രാദുരിതം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ദേവസ്വംബോർഡിന്റെ മേൽനോട്ടത്തിൽ സത്രത്തിലെ ഭൂമിയിൽ ഹോട്ടലുകളും കടകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആരംഭിച്ചാൽ തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനൊപ്പം ബോർഡിന് വരുമാനവും ലഭിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. ദേവസ്വം ഭൂമിയിലെ കൈയേറ്റങ്ങൾ തടയുന്നതിനും ഭൂമി ഫലപ്രദമായി വിനിയോഗിച്ച് അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും സത്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രസമിതി അംഗങ്ങളുടെയും ആവശ്യം.