കട്ടപ്പന : കട്ടപ്പനയിലെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തിയശേഷം മരിച്ച കുഞ്ഞുമോനും കേസിലെ പ്രതികളും മരണത്തിന്റെ തലേന്ന്‌ ബാർബർ ഷോപ്പിലിരുന്ന്‌ ഒരുമിച്ച് മദ്യപിച്ചെന്ന് പോലീസ്. ഇതിനുശേഷമുണ്ടായ തർക്കമാണ് മർദനത്തിലേക്കും മരണത്തിലേക്കും നയിച്ചത്. പ്രതികളിലൊരാളായ സുരേഷ് കുമാറിന്റെ സൂര്യ ബാർബർഷോപ്പിൽ ഓഗസ്റ്റ് 25-ന് രാത്രി എല്ലാവരും ഒരുമിച്ച് മദ്യപിച്ചിരുന്നു.

To advertise here,

ഇതിനിടെ കുഞ്ഞുമോൻ പ്രതിയായ റിനിയുടെ അമ്മയെ മോശപ്പെടുത്തി സംസാരിച്ചതാണ് പ്രകോപനമുണ്ടാക്കിയത്. തുടർന്ന് റിനി കുഞ്ഞുമോനെ ചവിട്ടിവീഴ്ത്തി മർദിച്ചു. സുരേഷും ഒപ്പംചേർന്നു. മർദനത്തെത്തുടർന്ന് വീണുപോയ കുഞ്ഞുമോനെ കാലിൽ പിടിച്ചുവലിച്ച് പ്രതികൾ ബാർബർഷോപ്പിന്റെ ഇടനാഴിക്ക് പുറത്ത് റോഡിലേക്കിടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൂസലില്ലാതെ പ്രതികൾ, രോഷത്തോടെ കുടുംബം

ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ കട്ടപ്പന പോലീസ്‌സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതികൾക്ക് ഭാവഭേദം ഉണ്ടായിരുന്നില്ല. സ്ഥലത്ത് കുഞ്ഞുമോന്റെ ഭാര്യയും മക്കളും എത്തിയിരുന്നു.

ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന കുഞ്ഞുമോൻ പലപ്പോഴും വീട്ടിൽ പോയിരുന്നില്ല. കടത്തിണ്ണയിലും മറ്റും കഴിയുകയായിരുന്നു പതിവ്. ഇയാളുടെ പേരിൽ ഒട്ടേറെ ക്രിമിനൽകേസുകളും ഉണ്ടായിരുന്നു.

ജയിലിലേക്ക് കൊണ്ടുപോകാനായി ജീപ്പിൽ കയറ്റിയപ്പോൾ കുഞ്ഞുമോന്റെ മക്കൾ പ്രതികളോട് രോഷത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. നസീമിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. റെജി എം.കുന്നിപ്പറമ്പിൽ, സി.ഐ. പ്രേംകുമാർ, എസ്.ഐ.മാരായ എബി ജോർജ്, മഹേഷ് കുമാർ, എ.എസ്.ഐ. സുരേഷ് ബി.ആന്റോ, സി.പി.ഒ. എം.എസ്. അനൂപ്, പ്രശാന്ത് കെ.മാത്യു, അൽബാഷ്, വിബിൻ, എസ്.സി.പി.ഒ.അനീഷ്, ജോസഫ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.