എഡിഎച്ച്ഡി( attention-deficit/hyperactivity disorder)യോട് പൊരുതുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് നടി കുബ്ര സേത്. തന്നെ സംബന്ധിച്ചിടത്തോളം അതൊരു പരിമിതിയല്ല, മറിച്ച് സൂപ്പർ പവറാണ്. തെറാപ്പിയിലൂടെയാണ് ഈ അവസ്ഥ കൈകാര്യം ചെയ്യാൻ പഠിച്ചതെന്നും കുബ്ര പറഞ്ഞു.

To advertise here,

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കുബ്ര ഇതേക്കുറിച്ച് പങ്കുവെച്ചത്. എഡിഎച്ച്ഡിയോടുള്ള തന്റെ മനോഭാവം മാറാൻ സഹായിച്ചത് വർഷങ്ങളായുള്ള തെറാപ്പിയാണ്. എഡിഎച്ച്ഡി ഒരു പ്രശ്നമല്ലെന്ന്  തിരിച്ചറിഞ്ഞു. അതൊരു സൂപ്പർ പവറാണ്. എഡിഎച്ച്ഡിയെ തിരിച്ചറിഞ്ഞ് പുൽകാൻ തുടങ്ങിയത് തന്റെ സർഗാത്മകത, വ്യക്തിത്വം എന്നിവയിൽ മാറ്റംവരുത്തിയെന്നും കുബ്ര പറയുന്നു.

ഒരേസമയം ഒരുപാട് വൈരുദ്ധ്യങ്ങൾ അടങ്ങിയിട്ടുള്ള മസ്തിഷ്കമാണ് തന്റേത്. തെറാപ്പി തനിക്ക് വളരെയധികം ഗുണം ചെയ്തു. തന്റെ മസ്തിഷ്കം ആളുകൾക്കൊപ്പം വളരുകയാണ്. അവരിലൂടെ താൻ പഠിക്കുകയാണ്- കുബ്ര പറയുന്നു.

നിങ്ങൾക്ക് എഡിഎച്ച്ഡി ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ് എന്നല്ല; കൂടുതൽ മനസ്സിലാക്കേണ്ട കാര്യമാണെന്നാണ്‌ തിരിച്ചറിയേണ്ടതെന്നും കുബ്ര കൂട്ടിച്ചേർക്കുന്നു.

എന്താണ് എഡിഎച്ച്ഡി ?

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന 'ഇൻഅറ്റൻഷൻ', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന 'ഇംപൾസിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പർ ആക്ടിവിറ്റി' എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര. അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളിൽ അമിതമായ ഊന്നൽ, മാറിമാറിപ്പോവുന്ന ചിന്തകൾ തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. തലച്ചോറിലെ ഡോപമിന്റെ അളവിൽ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അർദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.

എങ്ങനെ മാറ്റിയെടുക്കാം ?

ഇത്തരക്കാരെ കൃത്യമായി ചികിൽസിക്കാത്തപക്ഷം കുട്ടികൾ ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളിൽ ചെന്നു ചാടാനും പിന്നീട് ലഹരി അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്.

അതിനാൽ വികൃതി കൂടുതലാണെന്ന് സ്വയം തീരുമാനിക്കാതെ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി കണ്ടെത്തി ചികിത്സിച്ചാൽ ഭാവിയിൽ ഇവർ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങൾക്കും വിധേയരാവുന്നത് തടയാൻ സാധിക്കും.

എഡിഎച്ച്ഡി വരാനുള്ള കാരണങ്ങൾ ഇന്നും അജ്ഞാതമാണെങ്കിലും നമ്മുടെ ജനിതകപരമായ ഘടകങ്ങൾക്ക് ഇതിൽ പ്രധാന പങ്കുണ്ടെന്ന് കരുതുന്നു. തലച്ചോറിന് വരുന്ന പരിക്കുകൾ, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത കൂട്ടുന്നു. എഡിഎച്ച്ഡി കണ്ടെത്തുന്നതിനായി ഒന്നിലധികം പരിശോധനകൾ നടത്തണം. ബിഹേവിയർ തെറാപ്പിയും മരുന്നുകളും ഉൾപ്പെട്ടതാണ് ചികിത്സ.