പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോയതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് നടി ഹെയ്ഡൻ പാനറ്റിയർ. ദിസ് ഈസ് മി: എ റെക്കണിങ് എന്ന തന്റെ പുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരത്തിലാണ് ഹെയ്ഡൻ താൻ കടന്നുപോയ കഠിനകാലത്തേക്കുറിച്ച് പങ്കുവെച്ചത്. തനിക്ക് സ്വയം നിയന്ത്രണം നഷ്ടമായിരുന്ന കാലമാണ് അതെന്നും ഹെയ്ഡൻ പറയുന്നു. 

To advertise here,

ഏറെ വിഷമിപ്പിച്ച ദിനങ്ങളാണവയെന്നും എല്ലാകാര്യത്തിലും പൂർണത നോക്കുന്ന തനിക്ക് നല്ല അമ്മയാകാൻ കഴിയുന്നില്ലെന്ന തോന്നൽ കൂടുതൽ തകർത്തുവെന്നും ഹെയ്ഡൻ പറയുന്നു. ഒരുഘട്ടമെത്തിയപ്പോൾ മദ്യത്തിലും മയക്കുമരുന്നിലും അടിമപ്പെടുന്ന അവസ്ഥ വരെയുണ്ടായിരുന്നുവെന്നും ഹെയ്ഡൻ പറഞ്ഞു.

2015-ൽ ഒരു ടി.വി ഷോയ്ക്കിടെ താൻ പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിടുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരിൽ പ്രമുഖ ബ്യൂട്ടി ബ്രാൻഡ് തന്നെ കരാറിൽ നിന്ന് പുറത്താക്കിയെന്നും ഹെയ്ഡൻ വെളിപ്പെടുത്തു. യഥാർഥവും മാനുഷികവുമായ ഒരു കാര്യത്തിന്റെ പേരിൽ എങ്ങനെയാണ് അവർക്ക് തന്നെ മുൻവിധിയോടെ കാണാനാവുന്നതെന്ന് ഓർത്തിട്ടുണ്ടെന്നും ഹെയ്ഡൻ പറയുന്നുണ്ട്.

പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോകുന്നവർ നിശബ്ദരായി സഹിക്കേണ്ടതില്ലെന്നും അതേക്കുറിച്ച് തുറന്നുപറയാൻ തയ്യാറാവണമെന്നും ഹെയ്ഡൻ പറയുന്നുണ്ട്. ഇത് യഥാർഥമല്ലെന്നും മനസ്സിൽ ഉണ്ടാക്കിയെടുക്കുന്ന കാര്യങ്ങളാണെന്നും കരുതുന്നവർ നിരവധിയുണ്ട്. എന്നാൽ ആർക്കും നിയന്ത്രിക്കാനാവുന്ന അവസ്ഥയല്ല അത്. വേദനാജനകവും ഭീതിപ്പെടുത്തുന്നതും ആണെന്നും അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്നും ഹെയ്ഡൻ വ്യക്തമാക്കുന്നു.

2014 ഡിസംബറിലാണ് ഹെയ്ഡന് കയാ എവോഡ്കിയാ ക്ലിറ്റ്ഷ്കോ എന്ന മകൾ പിറന്നത്.

എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ

പ്രസവശേഷം അമ്മമാരിൽ കാണപ്പെടുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. സാധാരണ വിഷാദരോഗത്തിൽ കാണുന്ന സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം തുടങ്ങിയ പ്രശ്നങ്ങൾ തന്നെയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെ കാര്യത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും.

വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കൗൺസിലിംഗ്‌, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.

ആവശ്യമായ മുൻകരുതലുകൾ

പ്രസവശേഷം അമ്മമാരിൽ ഏത് രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്.

തെറാപ്പി - വിഷാദമുണ്ടെന്ന് തോന്നുന്നപക്ഷം മനഃശാസ്ത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അവരുടെ നിർദേശപ്രകാരം തെറാപ്പി ചെയ്യാം.

വ്യായാമം - പതിവായി വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. സന്തോഷത്തിന് കാരണമാകുന്ന സെറോടോണിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും.

ആശയവിനിമയം - സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങൾ വായിക്കുക, ഒരു വ്യക്തി അയാളുമായിതന്നെ ആശയവിനിമയം നടത്തുക.

നല്ല ഭക്ഷണരീതി- നല്ല ഭക്ഷണരീതിയുണ്ടാക്കുക. സമീകൃതാഹാരം കഴിക്കുക. ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം നടത്തുക. ഡോക്ടറുടെ നിർദേശാനുസരണമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.