Representative Image| Photo: Gettyimages
ഗര്‍ഭകാലത്ത് ശരീരഭാരം കൂടുന്നത് വ്യത്യസ്തമായ ശാരീരിക പ്രക്രിയയുടെ ഭാഗമായിട്ടാണ്. ഈ സമയത്ത് ഗര്‍ഭിണിയുടെ ശരീരഭാരത്തില്‍ വരുന്ന വ്യത്യാസം ഗര്‍ഭാവസ്ഥയെ മാത്രമല്ല, അമ്മയുടേയും കുഞ്ഞിന്റെയും ദീര്‍ഘകാല ആരോഗ്യത്തെ വരെ ബാധിക്കുന്നു.
ഗര്‍ഭകാലത്ത് എത്രമാത്രം ശരീരഭാരത്തില്‍ വ്യത്യാസം വരണം?
ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീയ്ക്ക് എത്ര ശരീരഭാരം ഉണ്ട് എന്നതിനനുസരിച്ചാണ് എത്ര ഭാരം കൂടാം എന്ന് നിശ്ചയിക്കുന്നത്. പൊക്കത്തിന് അനുപാതികമായ വണ്ണം എത്രയാണ് എന്ന് കാണിക്കുന്ന സൂചികയാണ് ബോഡിമാസ് ഇന്‍ഡക്സ് (Body Mass Index) അഥവാ ബി.എം.ഐ.
- ബി.എം.ഐ. 18.5ല്‍ താഴെയാണെങ്കില്‍ തൂക്കക്കുറവുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോള്‍ 13 മുതല്‍ 18 കിലോഗ്രാം വരെ ഗര്‍ഭകാലത്ത് കൂടാം.
- ബി.എം.ഐ. 18.5നും 24.9നും ഇടയ്ക്കാണെങ്കില്‍ ഈ സ്ത്രീകള്‍ ശരിയായ തൂക്കമുള്ളവരായിരിക്കും. ഇവര്‍ക്ക് ഗര്‍ഭകാലത്ത് 11 മുതല്‍ 16 കിലോഗ്രാം വരെ ഭാരം കൂടാം.
- ബി.എം.ഐ. 25 മുതല്‍ 29.9 വരെ ആണെങ്കില്‍ അവര്‍ അമിതവണ്ണമുള്ളവരാണ്. ഇവര്‍ക്ക് ഗര്‍ഭകാലത്ത് 7 തൊട്ട് 11 കിലോഗ്രാം വരെ ഭാരം കൂടാവൂ.
- ദുര്‍മേദസ്സിലാണ് (ബി.എം.ഐ. 30നു മുകളില്‍) ഗര്‍ഭം തുടങ്ങുന്നതെങ്കില്‍ അഞ്ച് മുതല്‍ 9 കിലോഗ്രാം വരെ മാത്രമേ ഭാരം കൂടാവൂ. ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെങ്കില്‍ ആനുപാതികമായി ഉള്ള ഭാരക്കൂടുതല്‍ അനുവദനീയമാണ്.
ഒരു കുഞ്ഞ് ഉള്ളില്‍ വളരുന്നതുകൊണ്ട് ഭക്ഷണം ഇരട്ടിയാകണം എന്ന മിഥ്യാധാരണ നമ്മുടെയിടയില്‍ നിലവിലുണ്ട്. ആചാരപ്രകാരം ഗര്‍ഭിണിയെ കാണാന്‍ ചെല്ലുന്നവരും മധുര പദാര്‍ത്ഥങ്ങളും നെയ്യില്‍ വറുത്ത പലഹാരങ്ങളും സുഭിക്ഷമായി നല്‍കുന്നു. പഴങ്ങളും പച്ചക്കറികളും കറിയാക്കിയോ സാലഡുകളാക്കിയോ കഴിക്കുന്നതിനു പകരം പഴച്ചാറുകളായും സൂപ്പുകളാക്കിയും കഴിക്കുന്നു. പാല്, ചോറ്, നെയ്യ് എന്നിവയുടെ അളവും ക്രമാതീതമായി കൂട്ടുന്നു. ഗര്‍ഭകാലത്ത് അമിതമായി ഭാരം കൂടിയാല്‍ അമ്മയ്ക്കും കുഞ്ഞിനും അതുകൊണ്ട് പ്രശ്നങ്ങളുണ്ടാകുന്നു.
ഗര്‍ഭിണിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍
- ഗര്‍ഭകാലത്തെ പ്രമേഹം.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.
- മാസം തികയാതെയുള്ള പ്രസവം.
- ഗര്‍ഭകാല ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുന്നു. (നടക്കുമ്പോഴുള്ള ശ്വാസംമുട്ടല്‍, കാലില്‍ നീര്, കാലിലെ ഞരമ്പുകള്‍ വീര്‍ക്കുന്ന വെരിക്കോസ് വെയിന്‍, ശരിയായ ദഹനം നടക്കാതിരിക്കുക മുതലായവ).
- പ്രസവ സമയത്ത് വരുന്ന പ്രയാസങ്ങളും സിസേറിയന്‍ പ്രസവങ്ങളും.
- വര്‍ധിച്ച തൂക്കം/തൂക്കക്കുറവ്.
- സിസേറിയന്‍ പ്രസവം.
- അമിതവണ്ണം കാരണം, കുഞ്ഞിന്റെ തോളുകള്‍ പുറത്തു വരാതെ ഞരമ്പുകള്‍ക്കു വരുന്ന ക്ഷതം (Shoulder Dystocia).
- പ്രസവം കഴിഞ്ഞ് രക്തത്തില്‍ പഞ്ചസാരയുടെയും ധാതുക്കളുടേയും അളവു കുറഞ്ഞ് ജെന്നി രോഗം.
ഗര്‍ഭകാലത്ത് വേണ്ടത്ര തൂക്കം കൂടിയില്ലെങ്കില്‍
ഗര്‍ഭകാലത്ത് വേണ്ടത്ര തൂക്കം കൂടിയില്ലെങ്കിലും പ്രശ്നങ്ങളുണ്ട്. ഗര്‍ഭകാലത്ത് ഭാരം വേണ്ടത്ര കൂടിയില്ലെങ്കില്‍ കുഞ്ഞിന്റെ പ്രസവ സമയത്തെ തൂക്കം കുറയുകയും കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വികാസത്തെ ബാധിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള അണുബാധയും കുഞ്ഞിനുണ്ടാകാവുന്നതാണ്. അമ്മയ്ക്ക് വിളര്‍ച്ചയും അമിത രക്തസ്രാവവും ഉണ്ടാകാം.
ഗര്‍ഭകാലത്ത് സാധാരണ ഗതിയില്‍ 12 തുടങ്ങി 14 കിലോഗ്രാം വരെയാണ് കൂടുന്നത്. ഇതില്‍ 25 ശതമാനവും അമ്മയുടെ ശരീരത്തില്‍ കൊഴുപ്പായിട്ടാണ് മാറുന്നത് (3.5 കിലോഗ്രാം വരെ). ബാക്കിയുള്ള ഭാരം കുഞ്ഞിനും മറുപിള്ളയ്ക്കും ഗര്‍ഭപാത്രത്തിനും മറ്റുമായിട്ട് വീതിച്ചു പോകുന്നു. അമിതഭാരം ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുമ്പോള്‍ അനുപാതികമായ അമ്മയുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവും കൂടുന്നു. പ്രസവം കഴിയുമ്പോള്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് അങ്ങനെ തന്നെ നിലനില്‍ക്കുന്നതായിട്ടാണ് കാണുന്നത്.
എങ്ങനെ തടയാം
- ഗര്‍ഭിണിയാകുന്നതിനു മുന്‍പു തന്നെ ഇതിനുള്ള കാര്യങ്ങള്‍ തുടങ്ങണം. ശരിയായ ബി.എം.ഐ. ആണോ എന്ന് ഉറപ്പു വരുത്തിയിട്ടേ ഗര്‍ഭിണി ആകാവൂ. അമിതവണ്ണമുള്ളവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ തന്നെ ബുദ്ധിമുട്ട് വന്നേക്കാം. പി.സി.ഒ.ഡി. മുതലായ അണ്ഡോത്പാദനത്തെ ബാധിക്കുന്ന ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥക്കും അമിതഭാരം ഒരു കാരണമാണ്.
- ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ മൂന്നു മാസം കാര്യമായ തൂക്കക്കൂടുതല്‍ ഉണ്ടാകാറില്ല. ആദ്യത്തെ മൂന്നു മാസത്തില്‍ ഒരു കിലോഗ്രാം തൂക്കം മാത്രമേ കൂടുന്നുള്ളു. ഛര്‍ദിയുള്ളവര്‍ക്ക് തൂക്കം കുറയാറാണ് പതിവ്. പക്ഷേ അത് വളരെ തീവ്രമല്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുകയില്ല.
- പിന്നെയുള്ള ഏഴു മാസങ്ങളിലാണ് മേല്‍പ്പറഞ്ഞ കണക്കില്‍ തൂക്കം വയ്ക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ആഴ്ചയില്‍ അര കിലോഗ്രാം വെച്ച് നാലാം മാസം മുതല്‍ തൂക്കം കൂടുന്നു. നാല് തുടങ്ങി എട്ട് മാസം വരെ പൊതുവേ ഒരു മാസത്തില്‍ ഒന്ന്-ഒന്നര കിലോഗ്രാം വരെയും അവസാനത്തെ ഒരു മാസത്തില്‍ 2-3 കിലോഗ്രാം വരെയും തൂക്കം കൂടുന്നു. ഓരോ മാസവും ഈ തൂക്കത്തിന്റെ അളവിനെപ്പറ്റി നാം ശ്രദ്ധാലുക്കളായിരിക്കണം.
ആഹാരത്തില്‍ എന്തെല്ലാം ശ്രദ്ധിക്കാം?
- ആഹാരകാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുക. ഗര്‍ഭകാലത്തെ പ്രത്യേക ആവശ്യങ്ങള്‍ക്കായി 300 കാലറി ഊര്‍ജ്ജം മാത്രമേ അധികം വേണ്ടതുള്ളു. ഒരു ദോശ, ഒരു മുട്ട, ഒരു ഗ്ലാസ് പാല് എന്നിവ അധികം കഴിക്കുമ്പോള്‍ത്തന്നെ ഈ അധിക ഊര്‍ജ്ജം ലഭ്യമാകും എന്ന് മനസിലാക്കുക.
- ഒരു ഗ്ലാസ് പാല്, രണ്ട് അളവ് പച്ചക്കറി, സാലഡ്, ഒരു അളവ് പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പയറു വര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലുമൊന്ന് ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പു വരുത്തണം. സസ്യേതര ഭക്ഷണം കഴിക്കുന്നവര്‍ മീന്‍കറി ദിവസവും ഉള്‍പ്പെടുത്തണം.
- വറുത്തതും പൊരിച്ചതും, തേങ്ങയുടെ അധിക ഉപയോഗം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഇവ ഒഴിവാക്കുക. ചോറ്് അളവു കുറച്ച് കഴിക്കുക. കഴിയുന്നതും ഒരു നേരം മാത്രമേ ചോറ് ആകാവൂ.
തീര്‍ച്ചയായും ഗര്‍ഭിണികള്‍ക്ക് വ്യായാമം ഗര്‍ഭകാലത്ത് തുടങ്ങുകയോ തുടരുകയോ ചെയ്യാം. ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രമേ ചെയ്യാവൂ. ഗര്‍ഭകാലത്തെ ചുരുക്കം ചില അവസ്ഥകളില്‍ മാത്രം ശാരീരിക വ്യായാമം അനുവദനീയമല്ല. ശരീരം അനങ്ങി എന്തെങ്കിലും ജോലി ചെയ്യുന്നതുകൊണ്ട് ഗര്‍ഭം അലസ്സിപ്പോവുകയോ, നേരത്തേ പ്രസവിക്കുകയോ ചെയ്യും എന്ന ഭീതി വേണ്ട.
ഗര്‍ഭകാലത്തുള്ള മിതമായ വ്യായാമ മുറകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ പലതാണ്.
- നടുവേദന കുറയുന്നു
- ശരിയായ മലശോധന നടക്കുന്നു
- പ്രമേഹം, അധിക രക്തസമ്മര്‍ദ്ദം എന്നിവ വരാതെ സഹായിക്കുന്നു.
- ദുര്‍മേദസ്സിനെ നിയന്ത്രിക്കുന്നു
- പ്രസവം കഴിഞ്ഞുള്ള വ്യായാമം അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പു മാറ്റി ശരീരത്തിന്റെ ആകൃതിയും വടിവും വീണ്ടെടുക്കാന്‍ സഹായിക്കുന്നു.
ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യാം. വേഗതയില്‍ നടക്കുക, നേരത്തേ ചെയ്തുകൊണ്ടിരുന്ന വ്യായാമ മുറകള്‍ തുടരുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ശരീരത്തിന്റെ ബാലന്‍സ് തെറ്റി വീഴാനിടയില്ലാത്ത എല്ലാ വ്യായാമങ്ങളും ചെയ്യാം. ഇവിടെ രണ്ടു കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം
- സന്ധി ബന്ധങ്ങള്‍ ഹോര്‍മോണുകളുടെ ഫലത്തില്‍ അയഞ്ഞിരിക്കുന്നതിനാല്‍ വീഴാനും ബാലന്‍സ് നഷ്ടപ്പെടാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചാടുന്നതും ജെര്‍ക്കി ആയിട്ടുള്ളതുമായ വ്യായാമങ്ങള്‍ പാടില്ല.
- വയറു വലുതാകുന്നതിനനുസരിച്ച് മുന്നിലേയ്ക്കുള്ള ഭാരം കൂടുകയും മുന്നിലേയ്ക്കു വീഴാനുള്ള സാധ്യത കൂടുതലാകുകയും ചെയ്യും.
(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റാണ് ലേഖിക)
Content Highlights: Pregnancy Diet, Exercise and Pregnancy, Weight gain during Pregnancy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..