
ഗർഭശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഗർഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയുമൊക്കെ ഗർഭിണികളിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഗർഭകാലത്ത് ഉണ്ടാകുന്ന സംശയങ്ങളൊക്കെ ഗൂഗിളിൽ തിരയുകയും അതിൽ പറയുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്നതായിട്ടാണ് പലപ്പോഴും കാണുന്നത്. സാധാരണ ചെയ്യുന്ന ജോലികളൊക്കെ ചെയ്യാമോ, നടക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമോ എന്നുതുടങ്ങി ഗർഭിണിയാകുമ്പോൾ തന്നെ നിരവധി സംശയങ്ങളാണ് ഉണ്ടാകുന്നത്. ഗർഭകാലത്തെ ആദ്യ മൂന്നുമാസം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
കഴിയുന്നതും അധികം മരുന്നുകൾ ഉപയോഗിക്കരുത്
മരുന്നു കഴിക്കരുതെന്ന് പറയാൻ കാരണം ആദ്യത്തെ 14 ആഴ്ച (മൂന്നു മാസം) കുഞ്ഞുങ്ങളുടെ അവയവങ്ങൾ ഉണ്ടാകുന്ന സമയമാണ്. ഈ സമയത്ത് ഗൈനക്കോളജിസ്റ്റ് നിർദ്ദേശിക്കുന്ന ഒരു വൈറ്റമിൻ ഗുളികയുടെ ആവശ്യം മാത്രമേ ഉള്ളൂ. മറ്റെന്തെങ്കിലും മരുന്ന് കഴിക്കണമെന്നുള്ള സാഹചര്യം വന്നാൽ ഗൈനക്കോളജിസ്റ്റിനെ അറിയിച്ചിട്ടു മാത്രം കഴിക്കുക. മാത്രമല്ല കുട്ടികൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അതിനുവേണ്ടി ശ്രമിക്കുന്ന സ്ത്രീകൾ മാസക്കുളിയുടെ രണ്ടാം ഭാഗത്തിൽ (ആദ്യ 14 ദിവസം കഴിഞ്ഞിട്ടുള്ള സമയം) ഗർഭധാരണത്തിന് സാധ്യതയുള്ള സമയമാണ്. ഈ സമയത്തും മരുന്നുകൾ ഒഴിവാക്കേണ്ടതാണ്. ഡോക്ടർമാർ മരുന്നുകൾ നിർദ്ദേശിക്കുകയാണെങ്കിൽ ഗർഭധാരണത്തിന് ശ്രമിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കേണ്ടതാണ്.
ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക
പുറത്തുനിന്ന് ആഹാരം കഴിക്കുമ്പോൾ വൃത്തിക്കുറവ് കൊണ്ട് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുമൂലം ഛർദ്ദിയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാം, ഇതിനായി മരുന്ന് കഴിക്കേണ്ടി വരും. മാത്രമല്ല ഗർഭധാരണ സമയത്തെ ഛർദ്ദിയുടെ ഒപ്പം ഇതു കൂടിയാകുമ്പോൾ ധാരാളം ബുദ്ധിമുട്ടുകൾ ഗർഭിണികൾക്ക് ഉണ്ടാകാം. കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന, അധികം അധികം എണ്ണയും എരുവും മസാലയുമൊക്കെ ചേരാത്ത ഭക്ഷണമാണ് ഉത്തമം.
ധാരാളം ആളുകൾ കൂടുന്ന സ്ഥലത്ത് പോകരുത്
സാംക്രമിക രോഗങ്ങൾ വരാൻ സാധ്യതയുള്ളതിനാലാണ് ആൾക്കാർ കൂടുന്ന സ്ഥലങ്ങളിൽ ഗർഭിണികൾ പോകരുതെന്ന് പറയുന്നത്. ഇത്തരത്തിൽ എന്തെങ്കിലും അണുബാധ ഉണ്ടായാൽ മരുന്ന് കഴിക്കേണ്ടതായി വന്നേക്കാം.
ആദ്യത്തെ മൂന്നുമാസം ഉണ്ടായേക്കാവുന്ന ഒരു സംശയമാണ് യാത്ര ചെയ്യാമോ എന്നുള്ളത്. അതുപോലെ തന്നെ നടക്കാമോ, പടി കയറാമോ, ജോലി ചെയ്യാമോ എന്നുള്ളതൊക്കെയാണ് മറ്റു സംശയങ്ങൾ. ഇപ്പോഴും പല വീടുകളിലും ഗർഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ പൂർണ്ണ വിശ്രമം എടുക്കാനാണ് പറയുന്നത്. ആദ്യത്തെ മൂന്നു മാസത്തിൽ മാത്രമല്ല തുടർന്നുള്ള സമയത്തും പൂർണ്ണ വിശ്രമത്തിന്റെ ആവശ്യമില്ല. സാധാരണ പോലെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം ഈ സമയത്ത് ചെയ്യാൻ പാടില്ല എന്ന് പറയുന്ന ജോലികൾ ഒന്നും തന്നെയില്ല ഒരു സാധാരണ സ്ത്രീ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യാം, പടി കയറുന്നതിനും യാതൊരു തടസവുമില്ല. ഇങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാൽ ഗർഭം അലസ്സിപ്പോകുമോ എന്ന ഭയം പലർക്കുമുണ്ട്. ആ ഭയം അസ്ഥാനത്താണ്.
ആദ്യത്തെ 14 ആഴ്ചയിൽ ഗർഭച്ഛിദ്രം സംഭവിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമത്, കുഞ്ഞിന് ജനിതകമായ എന്തെങ്കിലും വൈകല്യം ഉണ്ടെങ്കിലോ അല്ലെങ്കിൽ ചുരുക്കം ചില അവസരങ്ങളിൽ ഹോർമോൺ സംബന്ധമായി പ്രശ്‌നങ്ങൾ ഉണ്ടെങ്കിലോ ആണ് ഗർഭം അലസ്സിപ്പോകുന്നത്. ആദ്യമായി ഗർഭം ധരിക്കുന്ന സ്ത്രീ ഇതിനെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല. പിന്നെ ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, ഗർഭച്ഛിദ്രം എന്ന് പറയുന്നത് പ്രകൃതി നമുക്ക് തരുന്ന ഒരു വരദാനമാണ്. അതായത് തികച്ചും ആരോഗ്യകരമല്ലാത്ത ഒരു ഭ്രൂണമാണ് അലസ്സി പോകുന്നത്.
ആദ്യത്തെ മൂന്നു മാസങ്ങളിൽ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ധാരാളമായി വെള്ളം കുടിക്കുക
പല സ്ത്രീകൾക്കും ഈ സമയത്ത് ഛർദ്ദി ഉള്ളതുകൊണ്ടോ അല്ലെങ്കിൽ ഛർദ്ദിക്കാൻ തോന്നുന്നു എന്നതുകൊണ്ടോ ചിലപ്പോൾ വെള്ളം കുടിക്കാനോ ആഹാരം കഴിക്കാനോ സാധിച്ചെന്നു വരില്ല. ഏതുസമയത്ത് വെള്ളം കുടിച്ചാലാണ് ഛർദ്ദിക്കാതിരിക്കുക, ഏത് ഭക്ഷണം കഴിച്ചാലാണ് ബുദ്ധിമുട്ട് ഇല്ലാതിരിക്കുക എന്ന് സ്വയം മനസ്സിലാക്കി അത്യാവശ്യം വേണ്ട ആഹാരങ്ങൾ ഈ മൂന്നു മാസം കഴിക്കുക. ഈ മൂന്നു മാസത്തിൽ സാധാരണ അളവിൽ കൂടുതൽ ആഹാരത്തിന്റെ ആവശ്യമില്ല. ഈ സമയം അവയവങ്ങൾ ഉണ്ടാകുന്ന സമയമാണ്. കുഞ്ഞിന് വളർച്ച വലുതായി കാണുകയില്ല. 3 മാസം കൊണ്ട് 9 സെന്റീമീറ്റർ നീളവും 50 ഗ്രാം ഭാരവും മാത്രമേ കുഞ്ഞിനു ഉണ്ടാവുകയുള്ളു. കഴിയുമെങ്കിൽ ഗർഭകാലത്ത് ഒന്നര - രണ്ട് ലിറ്റർ വെള്ളം കുടിക്കണം. കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, മാര്, കാപ്പി, ചായ, ജ്യൂസ്, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉൾപ്പെടുത്താം.
വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധ ചെലുത്തേണ്ടതാണ്
ഗട്ടറുള്ള റോഡുകളിൽ യാത്ര ചെയ്യുന്നതിലൂടെ ഗർഭം അലസിപ്പോകില്ല. ശക്തമായ ഒരു വീഴ്ചയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വാഹനാപകടമോ ഉണ്ടാവുകയാണെങ്കിൽ മാത്രമേ അത് കുഞ്ഞിന് ഒരു ആഘാതമായി വരികയുള്ളൂ. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കേണ്ട കാര്യമില്ല. അതുപോലെതന്നെ ബസ്സിലും കാറിലും ഒക്കെ തന്നെ യാത്ര ചെയ്യാവുന്നതാണ്. തിരക്കുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സാംക്രമിക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് അങ്ങനെ ഉണ്ടാകുമ്പോൾ അസ്വസ്ഥതകൾ കൂടാനും മരുന്നു കഴിക്കാനും ഇട വരുന്നു. ഗർഭിണികൾ ആൾക്കൂട്ടമുള്ളിടത്ത് പോകുന്നത് ഒഴിവാക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്.
ആദ്യത്തെ മൂന്നുമാസത്തിൽ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാമോ എന്നുള്ളതും മറ്റൊരു സംശയമാണ്. നേരത്തെ ഗർഭം അലസ്സി പോയിട്ടുള്ള ഗർഭിണികൾ, ഈ സമയത്ത് ലൈംഗികവേഴ്ച ഒഴിവാക്കേണ്ടതാണ്.
ഗർഭകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ മൂന്നു മാസം ഈ കാലയളവിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോവുക.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: Dos and donts during the first trimester of pregnancy
Published: 04 Nov 2023, 08:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented