കോവിഡ് മഹാമാരിയുടെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. ഇപ്പോഴും ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം മാസ്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ ജനജീവിതത്തിന്‍റെ ഭാഗമായിത്തുടരുകയാണ്. കോവിഡ് ഭീഷണി വീണ്ടുമുയരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യസംഘടനയുടെ ആരോഗ്യ അടിയന്തിരാവസ്ഥാ പദ്ധതിയുടെ കോവിഡ് 19 ടെക്നിക്കൽ ലീഡായ ഡോ. മരിയ വാൻ കെർഖോവ്.
ഒരുവർഷത്തിലേറെയായി ആശങ്ക പടർത്തിക്കൊണ്ട് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വകഭേദമാണ് ഒമിക്രോൺ എന്നും നിലവിൽ ഒമിക്രോണിന്റെ മാത്രം അഞ്ഞൂറോളം ഉപവകഭേദങ്ങൾ ഉണ്ടെന്നതാണ് വസ്തുതയെന്നും മരിയ പറയുന്നു. ഒമിക്രോൺ രോഗബാധ, ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് വളരെ ഗുരുതരമാകാനുള്ള സ്ഥിതിവിശേഷം കുറവായിരിക്കും. പക്ഷേ ലക്ഷണങ്ങളില്ലാതെ വരാനോ വീണ്ടും അതേ വകഭേദം തന്നെ പിടിപെടാനോ തീവ്രമാകാനോ ഒക്കെ സാധ്യതയുണ്ട്. രോഗം തീവ്രമാകാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും വാക്സിനുകൾ ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും മരിയ പറയുന്നു.
മഹാമാരി വന്ന് നാലുവർഷമായതുകൊണ്ടുതന്നെ ജനങ്ങൾ ഈ രോഗത്തെക്കുറിച്ച് സംസാരിച്ചും മറ്റും തളർന്നിരിക്കുകയാണ്. പക്ഷേ രോഗത്തെ ഇല്ലാതാക്കാനല്ല, മറിച്ച് പടരാതിരിക്കാൻ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാനാകും. ആൾക്കൂട്ടമുള്ള അടച്ചിട്ട ഇടങ്ങളാണ് തുറസ്സായ ഇടങ്ങളേക്കാൾ കൂടുതൽ അപകടകരം. രോഗത്തെ പ്രതിരോധിക്കാൻ നിലവിലുള്ള മുൻകരുതലുകൾതന്നെ തുടരുക എന്നതാണ് പ്രധാനമെന്നും മരിയ പറയുന്നു.
ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം മാസ്ക് ധരിക്കുന്നത് ശീലമാക്കണം. ഒപ്പം വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. ലോകത്തിന്റെ മുപ്പതുശതമാനത്തോളം പേർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ലാത്തവരാണ്. ഇപ്പോഴും ഓരോ ആഴ്ച്ചയിലും പതിനായിരക്കണക്കിന് പേർ കോവിഡ് ബാധിച്ച് മരണമടയുന്നുണ്ട്. അവയിലേറെയും പ്രതിരോധിക്കാവുന്നവയുമാണ്, മരിയ പറയുന്നു.
തുടർന്നും പുതിയ വകഭേദങ്ങൾ പരിണമിക്കാൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കേണ്ടത് പ്രധാനമാണെന്നും മരിയ പറയുന്നു. നിലവിൽ രോഗത്തെ നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞതുകൊണ്ടു തന്നെ പ്രതിരോധവും എളുപ്പമായിരിക്കും. സമൂഹത്തിലെ ഓരോ വ്യക്തിയും രോഗം പടരുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും 2023-ഓടെ മഹാമാരി അവസാനിപ്പിക്കാൻ കഴിയുമെന്നും മരിയ പറയുന്നു.
അതിനിടെ, ചൈനയിലെ ഉയർന്ന കോവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദങ്ങൾ ആധിപത്യം സ്ഥാപിക്കുകവഴി ലോകത്തിന്റെ ആരോഗ്യസംവിധാനം തന്നെ തളരാനിടയുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർ തളരുന്നു, അവരിൽ സോഷ്യൽ ആങ്സൈറ്റി സിൻഡ്രോം വർധിക്കുകയാണ്. നിരവധി ആരോഗ്യപ്രവർത്തകരാണ് ഈ മേഖല വിടുന്നത്, ലോകാരോഗ്യസംഘടനയുടെ രോഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. മൈക് റയാൻ പറയുന്നു.
ഒമിക്രോണിൽ നിന്ന് പുറത്തുകടക്കാനുള്ള തന്ത്രം വാക്സിനേഷൻ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ആഴ്ച്ചയിലോ രണ്ടാഴ്ച്ചയ്ക്കുള്ളിലോ അടുത്ത തരംഗത്തെ പ്രതിരോധിക്കാൻ മതിയായ വാക്സിനേഷൻ നൽകാനാവുമോ എന്നതാണ് പ്രസക്തമായ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: world health organization reviews covid situation, 4th year of the pandemic
Published: 23 Dec 2022, 06:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented