കോഴിക്കോട്: ഓര്‍ക്കുക, ശ്വാസകോശം നമ്മുടെ ആയുഷ്കാലം മുഴുവന്‍ ആവശ്യമുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന രോഗകാരണങ്ങളില്‍ മൂന്നാംസ്ഥാനത്താണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സി.ഒ.പി.ഡി.). ശ്വാസകോശത്തിലെത്തുന്ന വിഷപ്പുകയാണ് വില്ലന്‍.
ഈ രോഗം ബാധിക്കുന്നവരില്‍ ഭൂരിഭാഗവും പുകവലിക്കുന്നവരാണ്. വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നുമുള്ള വിഷപ്പുകയും അന്തരീക്ഷമലിനീകരണവും മറ്റുകാരണങ്ങള്‍. സി.ഒ.പി.ഡി. ബാധിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം ആറുലക്ഷത്തോളംപേര് മരിക്കുന്നു.
നീര്‍ക്കെട്ട് വന്ന് ശ്വാസകോശനാളി ചുരുങ്ങി രോഗം തീവ്രമാകുന്ന അവസ്ഥയില്‍ ഓക്സിജന്‍- കാര്‍ബണ്‍ ഡയോക്സൈഡ് വിനിമയത്തെ ഗുരുതരമായി ബാധിക്കും. വ്യാപകമായി കാണപ്പെടുന്നുവെങ്കിലും രോഗത്തെക്കുറിച്ച് അവബോധം കുറവാണ്. ശ്വാസതടസ്സം, ചുമ, കഫക്കെട്ട്, കിതപ്പ്, നീര്‍ക്കെട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശ്വാസകോശ അര്‍ബുദവും സി.ഒ.പി.ഡി. രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു.
രോഗികളില്‍ 86.5 ശതമാനവും പുകവലിക്കാരോ പുകവലിക്കുന്നയാളില്‍ നിന്നുള്ള പുക നിരന്തരം ശ്വസിക്കുന്നവരോ ആണ്. കരിമരുന്ന് പ്രയോഗം, കൊതുകുതിരികള്‍, വിറകടുപ്പില്‍നിന്നുള്ള പുക, അഗര്‍ബത്തികളുടെ പുക എന്നിവയും രോഗകാരണമാവാറുണ്ട്. ടി.ബി. അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും രോഗത്തിന്റെ ആക്കംകൂട്ടുന്നു.
ശ്വാസകോശശേഷി പരിശോധന, സ്പൈറോമെട്രി എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫസീമ തുടങ്ങിയ ഘട്ടങ്ങളിലൂടെ രോഗി കടന്നുപോകേണ്ടിവരുന്നു. ഫിസിയോതെറാപ്പിമുതല് ശ്വസനക്രിയവരെ പ്രാഥമികഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
നിവാരണമാര്‍ഗങ്ങള്‍ പുകവലിയില്‍നിന്നും വിട്ടുനില്‍ക്കുക, ശ്വസനവ്യായാമങ്ങള്‍ ശീലിക്കുക, അന്തരീക്ഷമലിനീകരണം കുറയ്ക്കുക, പൊടിപടലങ്ങളില്‍നിന്നും പുക ശ്വസിക്കേണ്ടിവരുന്ന ജോലികളില്‍നിന്നും കഴിവതും വിട്ടുനില്‍ക്കുക, രോഗപ്രതിരോധ കുത്തിവെപ്പുകളും ചികിത്സയും മരുന്നും സ്വീകരിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. കെ. സന്ധ്യാക്കുറുപ്പ്, ഐ.എം.എ. അക്കാദമി ഓഫ് മെഡിക്കല്‍ സ്പെഷ്യാലിറ്റീസ്, കേരള ചാപ്റ്റര്‍.
ഡോ. എം. സഞ്ജീവ്കുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ്, മിഷന് ആശുപത്രി ,തലശ്ശേരി.
Content Highlights: world copd day november 20
Published: 20 Nov 2024, 10:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented