ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിൽ ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന. രോഗവ്യാപനത്തിന്റെ വ്യാപ്തി അത്യധികം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. ഇതിനകം 130-ലേറെ പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾ രോഗബാധിതരാവുകയും ചെയ്തുവെന്ന് ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

To advertise here,

എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോയാണ് മധ്യ, കിഴക്കൻ ആഫ്രിക്കയിലെ രോഗവ്യാപനത്തിനു പിന്നിൽ. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 516 പേരാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നത്. ആരോഗ്യപ്രവർത്തകർ ഫീൽഡുതല നിരീക്ഷണം, പരിശോധന തുടങ്ങിയവ നടത്തുന്നുണ്ടെന്നും രോഗീനിരക്കുകൾ വരുംദിവസങ്ങളിൽ വീണ്ടും കൂടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനം ആശങ്കയുളവാക്കുന്നതാണെന്നും ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് രോഗം പടരുന്നത് അണുബാധാ പ്രതിരോധം മെച്ചപ്പെടുത്താനുണ്ടെന്ന സൂചനയാണ് നൽകുന്നത്. പകർച്ചവ്യാധി നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താനായി ലോകാരോഗ്യ സംഘടന ഇതിനകം മുപ്പത്തിയേഴുകോടിയുടെ സാമ്പത്തികസഹായത്തിന് അനുമതി അംഗീകാരം നൽകിയിട്ടുണ്ട്.

അതിനിടെ രോഗവ്യാപനമുള്ള കോംഗോ, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളോട് സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നത് ശക്തിപ്പെടുത്താനും, ലാബ് പരിശോധനകൾ വർദ്ധിപ്പിക്കാനും ആശുപത്രികളിലെ രോഗവ്യാപനം പ്രതിരോധിക്കാനും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകാനും രോഗവ്യാപനം സംബന്ധിച്ച അവബോധം നൽകാനും ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുണ്ട്. രോഗബാധിതരുടെ ശവസംസ്കാര ചടങ്ങുകൾ സുരക്ഷാമാനദണ്ഡങ്ങൾ മുൻനിർത്തിയല്ലെങ്കിൽ അതും രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് മുന്നറിയിപ്പുണ്ട്.

എബോളബാധിതരും അവരുമായി അടുത്ത സമ്പർക്കമുള്ളവരും മെഡിക്കൽ അനുമതി ലഭിക്കുന്നതുവരെ അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തോടൊപ്പം അതിർത്തികൾ അടയ്ക്കുക, കടുത്ത യാത്രാവിലക്കുകൾ ഏർപ്പെടുത്തുക തുടങ്ങിയവയ്ക്കെതിരെ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട് ലോകാരോഗ്യസംഘടന.

എബോളയുടെ അത്യപൂർവമായ വകഭേദം ബൂൻഡിബുഗോയാണ് പുതിയ വ്യാപനത്തിന് പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബൂൻഡിബുഗോ. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ. വാക്സിൻ കണ്ടെത്തിയിട്ടില്ലെന്നതാണ് ബൂൻഡിബുഗോ എന്ന വകഭേദത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത വകഭേദമായതിനാൽ അസാധാരണ വകഭേദം എന്നാണ് ലോകാരോഗ്യസംഘടന ഈ വകഭേദത്തെ വിശേഷിപ്പിക്കുന്നത്.

2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾ രോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയാ മുൻകരുതൽ രോഗംപകരുന്നത് തയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.