തിരുവനന്തപുരം: വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുകുനിവാരണവും ഉറവിടനശീകരണവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈൽ പനിക്കുള്ളതെങ്കിലും അത്രയും ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രതപാലിക്കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ചികിത്സതേടണമെന്നും മന്ത്രി നിർദേശിച്ചു.

To advertise here,

എന്താണ് വെസ്റ്റ് നൈൽ

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937-ൽ യുഗാൺഡയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്താദ്യമായി 2011-ൽ ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു. 2019-ൽ മലപ്പുറത്ത് ആറുവയസ്സുകാരൻ വെസ്റ്റ് നൈൽ ബാധിച്ച് മരിച്ചിരുന്നു.

രോഗലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം.

ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.

രോഗപ്രതിരോധവും ചികിത്സയും

ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവുംനല്ല പ്രതിരോധമാർഗം. സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കും.

മുൻകരുതലുകൾ

  • വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക
  • ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാ​ഗം കോട്ടൺ തുണികൊണ്ട് മൂടുക
  • കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക
  • സ്വയംചികിത്സ ഒഴിവാക്കുക

ആശങ്ക വേണ്ടെന്ന് മന്ത്രി; ശുചീകരണം ശക്തമാക്കും

മെഡിക്കൽ കോളേജ്: വെസ്റ്റ്നൈൽ പനിയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജൻ. ഇതുമായി ബന്ധപ്പെട്ട് ​ഗവ.മെഡിക്കൽ കോളേജിൽ കൂടിയ ഉന്നതതല യോ​ഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രോ​ഗം തടയുന്നതിന്റെ ഭാ​ഗമായി ജില്ലയിൽ ശുചീകരണം ശക്തമാക്കും. 

മഴക്കാലരോ​ഗങ്ങളെ നേരിടാൻ ജില്ല പൂർണസജ്ജമാണ്. മെഡിക്കൽ കോളേജിൽ ഒരു പനി ക്ലിനിക്ക് തുടങ്ങും. രോ​ഗലക്ഷണങ്ങളുള്ളവർക്ക് പ്രത്യേക പരിശോധനകൾ നടത്തും. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ്നൈൽ രോ​ഗം കണ്ടെത്താനായത്. മറ്റൊരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ​ഗുരുതരാവസ്ഥയിലായ ശേഷമാണ് രോ​ഗിയെ മെഡിക്കൽ കോളേജിലെത്തിച്ചത്. ജീവൻ രക്ഷിക്കാൻ കഴിയാത്തവിധം രോ​ഗി ​ഗുരുതരാവസ്ഥയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈൽ രോ​ഗം പരത്തുന്ന കൊതുകുകൾ പെറ്റുപെരുകുന്നത്. രാത്രികാലത്താണ് ഇവ കടിക്കുക. മനുഷ്യരെയും മൃ​ഗങ്ങളെയും പക്ഷികളെയും ഒരുപോലെ കടിക്കുന്നതുകൊണ്ട് രോ​ഗബാധ ഉണ്ടാകും. എന്നാൽ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോ​ഗം പകരില്ല. 1937ൽ ഉ​ഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് രോ​ഗം ആദ്യമായി കണ്ടെത്തിയത്.