അനാരോഗ്യകരമായ ജീവിതശൈലി മൂലം പലരും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. ഭക്ഷണക്രമത്തിലുണ്ടായ മാറ്റം, വ്യായമമില്ലായ്മ, ഉറക്കക്കുറവ് എന്നിങ്ങനെ അമിതവണ്ണത്തിന്റെ കാരണങ്ങള്‍ അനവധിയാണ്. അമിതവണ്ണം നിയന്ത്രിക്കാന്‍ ഒസെംപിക്, വെഗോവി തുടങ്ങിയ മരുന്നുകള്‍ കഴിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം മരുന്നുകൾ കഴിക്കുന്നത് നിര്‍ത്തുന്നത് അമിതവണ്ണം തിരിച്ചുവരാന്‍ ഇടയാക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചൈനയിലെ പീകിങ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് അമിതവണ്ണം കുറയ്ക്കാന്‍ വേണ്ടി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തുന്നത് ശരീരഭാരം തിരികെ വരാന്‍ കാരണമാവും എന്ന് പറയുന്നത്. 2,466 ആളുകളെ പങ്കെടുപ്പിച്ച് പതിനൊന്ന് തവണകളായിട്ടാണ് പഠനം നടത്തിയത്. രക്തത്തിലെ പഞ്ചസാരയുടേയും വിശപ്പിനേയും നിയന്ത്രിക്കുന്ന ശരീരത്തിലെ ഹോര്‍മോണുകളേപ്പോലെ പ്രവര്‍ത്തിക്കുന്ന ഒസെംപിക്, വെഗോവി തുടങ്ങിയ മരുന്നുകളുടെ ഉപയോഗത്തേക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.
ഈ മരുന്നുകള്‍ കഴിക്കുന്ന ആളുകളുടെ അമിതവണ്ണം മരുന്നുകഴിക്കുമ്പോള്‍ കുറയുന്നുണ്ട്. എന്നാല്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തുമ്പോള്‍ ശരീരഭാരം തിരിച്ചുവരുന്നുവെന്ന് ഗവേഷകർ പറയുന്നു. മരുന്ന് നിര്‍ത്തി എട്ടാഴ്ച്ചയ്ക്കുള്ളില്‍ ഗണ്യമായ രീതിയില്‍ ശരീരഭാരം കൂടുന്നുണ്ട്. ആളുകളിലെ വ്യത്യാസമനുസരിച്ച് ശരീരഭാരം കൂടുന്ന രീതിയിലും വ്യത്യാസമുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ നില കുറയ്ക്കുന്ന ജി.എല്‍.പി-1 മരുന്ന് കഴിച്ച ആളുകളിലാണ് ഇത് കൂടുതലായി കാണുന്നത്. മരുന്ന് നിര്‍ത്തി ഇരുപത് ആഴ്ച്ചയ്ക്കകം ഇവരുടെ ശരാശരി 2.5 കിലോഗ്രാം ശരീരഭാരം വർധിച്ചു. മാത്രമല്ല മരുന്ന് കഴിക്കുന്ന സമയത്ത് കൂടുതല്‍ ഭാരം കുറച്ചവര്‍ നിര്‍ത്തുമ്പോള്‍ മുമ്പത്തേക്കാള്‍ വണ്ണം വെക്കുന്നതായും കണ്ടെത്തി. ചികിത്സയുടെ സമയത്ത് ഭാരം കുറയുന്നതിന്റെ വേഗം അതിന്റെ തിരിച്ചുവരവിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു.
മരുന്ന് നിര്‍ത്തുമ്പോള്‍ അമിതവണ്ണം തിരിച്ചുവരുന്നതിന്റെ കാരണത്തേക്കുറിച്ച് ഗവേഷകർ പഠിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഗ്യാസ്ട്രിക്ക് ബൈപ്പാസ്, വെര്‍ട്ടിക്കല്‍ ബാന്‍ഡഡ് ഗ്യാസ്‌ട്രോപ്ലാസ്റ്റി എന്നീ ശസ്ത്രക്രിയയിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നവരിലും അമിതവണ്ണം തിരിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അമിതവണ്ണം നിയന്ത്രിക്കാനായി കഴിക്കുന്ന ഒസെംപിക് എന്ന മരുന്ന് ടൈപ്പ്-2 പ്രമേഹത്തിനും കഴിക്കാറുണ്ട്. 2017-ല്‍ നോവോ നോര്‍ഡിസ്‌ക് പുറത്തിറക്കിയ മരുന്ന് ശരീരഭാരം കുറയ്ക്കാനുള്ള കഴിവ് കാരണമാണ് ആളുകള്‍ക്കിടയില്‍ പ്രചാരം നേടിയത്. ഇതിലെ സെമാഗ്ലൂടൈഡ് ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും, ദഹനം മന്ദഗതിയിലാക്കി, വിശപ്പ് കുറയ്ക്കുകയും ചെയ്യും.
സാമൂഹികമാധ്യമങ്ങളിലൂടെ ഇലോണ്‍ മസ്‌ക്, ഓപ്ര എന്നീ സെലിബ്രിറ്റികള്‍ പ്രചാരം കൊടുത്തത് കൂടുതല്‍ ആളുകളിലേക്ക് ഒസെംപികിനെ എത്തിച്ചു. വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെ മരുന്നിന്റെ ക്ഷാമത്തിലേക്കും നിരക്ക് ഉയര്‍ത്താനും കാരണമായി. 2023-ല്‍ മാത്രം ഒസെംപിക് 21 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: New study reveals weight regain after stopping weight loss medications like Ozempic and Wegovy.
Published: 28 Jul 2025, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented