ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ.) കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗുരുതരമായി തന്നെ തുടരുകയാണ്. വായുമലിനീകരണത്തിന്റെ തോത് ഉയര്‍ന്നനിലയില്‍ തുടരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ പോലെ തന്നെ ആരോഗ്യമുള്ളവരെയും കാര്യമായി ബാധിക്കും. 

To advertise here,

ശ്വസനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'വാക്കിങ് ന്യുമോണിയ'യെ തുടര്‍ന്ന് നിരവധിയാളുകളാണ് ആശുപത്രികളെ സമീപിക്കുന്നത്. പൂര്‍ണ തോതിലെത്തുന്ന ന്യുമോണിയയോളം ഗുരുതരമാകാത്ത അവസ്ഥയെയാണ് 'വാക്കിങ് ന്യുമോണിയ' എന്ന് ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. 

വിശ്രമം, ആശുപത്രി പ്രവേശനം തുടങ്ങിയവ 'വാക്കിങ് ന്യുമോണിയ' ബാധിതര്‍ക്ക് ആവശ്യമായി വരാറില്ല. മൈക്കോപ്ലാസ്മ ന്യുമോണിയെ എന്ന ബാക്ടീരിയയാണ് 'വാക്കിങ് ന്യുമോണിയ'ക്ക് കാരണം. സാധാരണയായി ഈ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന ന്യുമോണിയയ്ക്ക് തീവ്രത കുറവായിരിക്കും. എന്നാല്‍ ചില കേസുകളില്‍ ഇത് ഗുരുതരമായേക്കാം. 

പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് 'വാക്കിങ് ന്യുമോണിയ'യുടെയും ലക്ഷണങ്ങള്‍. ശ്വാസം എടുക്കുന്നതിനും ചെറുതായി ബുദ്ധിമുട്ടുകളുണ്ടാകും. സാധാരണ റെസ്പിറേറ്ററി ഇന്‍ഫെക്ഷനെക്കാളും ഇത് നീണ്ടുനില്‍ക്കുകയും ചെയ്‌തേക്കാം. 

രോഗബാധിതരായവര്‍ ചുമയ്ക്കുകയോ മൂക്കുചീറ്റുകയോ ചെയ്യുമ്പോള്‍ പുറത്തെത്തുന്ന രോഗാണുക്കളാണ് മറ്റ് വ്യക്തികളിലേക്ക് അസുഖം പകര്‍ത്തുന്നത്. ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളില്‍ രോഗവ്യാപന സാധ്യത വളരെക്കൂടുതലാണ്.