ബ്രെയിൻ ഫോഗ്, ക്ഷീണം, മൂഡ് സ്വിങ് തുടങ്ങിയവയാണ് പ്രധാനം. ഇവയെല്ലാം പലപ്പോഴും വിഷാദത്തിന്റേതെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്.

എപ്പോഴും കടുത്ത സമ്മർദവും ക്ഷീണവും ഓർമക്കുറവും വിഷാദവുമൊക്കെ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ വിറ്റാമിൻ ബി12 നില പരിശോധിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. തുടർച്ചയായി ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ വിറ്റാമിൻ ബി 12 അപര്യാപ്തത മൂലമാണെന്ന് തിരിച്ചറിഞ്ഞ് ഉടൻ ചികിത്സ തേടണമെന്ന് പറയുകയാണ് ഹൈദരാബാദിൽ ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുപ്പത്തിമൂന്നുകാരനായ ഐടി പ്രൊഫഷണലിന്റെ അനുഭവം പങ്കുവെച്ച് ഡോ.സുധീർ ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്. മറവി, മൂഡ് സ്വിങ്, അസ്വസ്ഥത, കടുത്ത ക്ഷീണം എന്നിവയൊക്കെ മൂലമാണ് യുവാവ് ഡോക്ടറെ കാണാനെത്തിയത്. ജോലിയേയും വ്യക്തിബന്ധങ്ങളേയുമൊക്കെ തന്റെ മാനസികാവസ്ഥകൾ ബാധിച്ചുതുടങ്ങിയെന്നും യുവാവ് പരാതിപ്പെട്ടു. തുടക്കത്തിൽ ജോലിയിലെ സമ്മർദമാവാം കാരണം എന്നാണ് കരുതിയത്. എന്നാൽ ഡോ.സുധീർ കുമാറിന്റെ പരിശോധനയിലാണ് വിറ്റാമിൻ ബി12 അപര്യാപ്തതയാണ് കാരണമെന്ന് കണ്ടെത്തിയത്.
സസ്യാഹാരിയായിരുന്നു യുവാവ്. വിറ്റാമിൻ ബി12 പരിശോധിച്ചപ്പോഴുള്ള റിസൾട്ട് 10 pmol/L ആയിരുന്നു. ആരോഗ്യവാനായ ഒരാളുടെ നില എഴുപതിന് മുകളിൽ ഉണ്ടാവേണ്ട സ്ഥാനത്താണിത്. വിറ്റാമിൻ ബി12 ചെറിയതോതിലല്ല ഗുരുതരമായ തോതിൽ കുറവാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.
മസ്തിഷ്കത്തിന്റെയും നാഡിയുടെയും പ്രവർത്തനത്തിന് വിറ്റാമിൻ ബി12 അത്യന്താപേക്ഷിതമാണെന്നും ഡോ.സുധീർ കുമാർ പറയുന്നു. വിറ്റാമിൻ ബി12 വിറ്റാമിൻ കുറയുന്നത് മറവി, വിഷാദം, ഏകാഗ്രത ഇല്ലായ്മ തുടങ്ങിയ ന്യൂറോസൈക്യാട്രിക് ലക്ഷണങ്ങളും ചിലപ്പോൾ നാഡീസംബന്ധമായ മറ്റ് തകരാറുകൾ പോലും ഉണ്ടായേക്കാമെന്നും ഡോക്ടർ കുറിക്കുന്നു. യുവാവ് കാലങ്ങളോളം സസ്യാഹാരി ആയിരുന്നതിനാലും മറ്റ് സപ്ലിമെന്റുകൾ എടുക്കാതിരുന്നതുകൊണ്ടും വിറ്റാമിൻ ബി12 നന്നേ കുറയുകയായിരുന്നു. പരിശോധനയ്ക്കൊടുവിൽ ആരോഗ്യാവസ്ഥ മനസ്സിലായതോടെ വിറ്റാമിൻ ബി12 അടിയന്തരമായി ഇഞ്ചക്ഷൻ രൂപത്തിൽ നൽകി. ഭക്ഷണരീതിയിലേക്ക് പാലുത്പന്നങ്ങലും പോഷകഗുണമുള്ളവയും ഉൾക്കൊള്ളിച്ചു. മാസങ്ങൾക്കുള്ളിൽ യുവാവിലെ പ്രശ്നകരമായ ലക്ഷണങ്ങളിൽ മാറ്റം വന്നുവെന്നും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയെന്നും ഡോക്ടർ കുറിക്കുന്നു.
വിറ്റാമിൻ ബി12 കുറയുന്നതിന്റെ ലക്ഷണങ്ങളേക്കുറിച്ചും ഡോ.സുധീർ കുമാർ വിശദമാക്കുന്നുണ്ട്. സമ്മർദത്തിന്റേതെന്ന് കരുതി നിസ്സാരമാക്കുന്ന ലക്ഷണങ്ങളേക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ബ്രെയിൻ ഫോഗ്, ക്ഷീണം, മൂഡ് സ്വിങ് തുടങ്ങിയവയാണ് പ്രധാനം. ഇവയെല്ലാം പലപ്പോഴും വിഷാദത്തിന്റേതെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്. ഇന്ത്യക്കാരിൽ വിറ്റാമിൻ ബി12 കുറയുന്നത് സാധാരണമാണെന്നും അദ്ദേഹം പറയുന്നു. മാംസാഹാരങ്ങളിലാണ് വിറ്റാമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുള്ളത്. മത്സ്യം, മുട്ട, പാലുത്പന്നങ്ങൾ, കോഴിയിറച്ചി, റെഡ് മീറ്റ് എന്നിവയിൽ വിറ്റാമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകിപ്പിക്കാതിരിക്കുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താമെന്നും അദ്ദേഹം പറയുന്നു.
Content Highlights: Understanding Brain Fog and Depression: The Critical Role of Vitamin B12
Published: 09 Oct 2025, 02:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented