വിറ്റിലി​ഗോ എന്ന രോ​ഗാവസ്ഥയുമായി ജീവിക്കുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവു‍ഡ് താരം വിജയ് വർമ. ചർമത്തിൽ വെളുത്ത പാടുകൾ ഉണ്ടായി നിറം നഷ്ടപ്പെടുന്ന അവസ്ഥയാണ് വിറ്റിലി​ഗോ. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ്  നടനെന്ന നിലയിൽ വിറ്റിലി​ഗോ മൂലം നേരിടുന്ന വെല്ലുവിളികളേക്കുറിച്ചും അതിനെ അതിജീവിക്കുന്നതിനേക്കുറിച്ചും താരം പങ്കുവെച്ചത്.

To advertise here,

തുടക്കത്തിൽ വിറ്റിലി​ഗോ വലിയ പ്രശ്നമായി താൻ കണ്ടിരുന്നില്ലെന്ന് വിജയ് വർമ പറയുന്നു. എന്നാൽ സിനിമാരം​ഗത്തെത്തി തൊഴിൽ അവസരങ്ങൾ ലഭിക്കാതെവന്ന സമയത്ത് താൻ ഈ അവസ്ഥയോർത്ത് ആശങ്കപ്പെട്ടിരുന്നു. വിറ്റിലി​ഗോ തന്റെ സിനിമാമോഹത്തിന് തടസ്സമാകുമോ എന്ന് ചിന്തിച്ചിരുന്നു. എന്നാൽ താൻ സിനിമാ ഫീൽഡിലെത്തി വിജയങ്ങൾ കീഴടക്കിയതോടെ തന്നെയൊട്ടും ഇക്കാര്യം ആശങ്കപ്പെടുത്തുകയുണ്ടായില്ലെന്നും വിജയ് വർമ പറഞ്ഞു. 

പൊതുപരിപാടികളിൽ വെള്ളപ്പാണ്ടുകൾ മറയ്ക്കാതെ വരുന്ന താരം സിനിമകളിൽ അവ മറച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതെന്തുകൊണ്ടെന്നും വിജയ് വർമ പറയുന്നുണ്ട്. പ്രേക്ഷകർ തന്റെ സിനിമ കാണുമ്പോൾ അഭിനയമല്ലാതെ മറ്റൊരിടത്തേക്കും ശ്രദ്ധപതിയാതിരിക്കാനാണ് അവ മറയ്ക്കാൻ തീരുമാനിച്ചത്. പക്ഷേ ഇക്കണ്ട കാലമത്രയും തന്റെ എല്ലാ പൊതുപരിപാടികളിലും അവ മൂടിവെക്കാൻ താൻ തുനിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു. 

എന്താണ് വിറ്റിലി​ഗോ?

തൊലിയില്‍ നിറം കൊടുക്കുന്ന മെലനോസൈറ്റ് (Melanocyte) എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണം തൊലിയില്‍ ചിലഭാഗങ്ങളില്‍ നിറമില്ലാതെ വെളുത്ത് കാണുന്ന അവസ്ഥയാണിത്. നമ്മുടെ തന്നെ immune cells / പ്രതിരോധശക്തി മെലനോസൈറ്റിനോട് പ്രതിരോധിക്കുന്നതുകൊണ്ടോ, കെമിക്കൽ മീഡിയേറ്ററിന്റെ വ്യത്യാസം കൊണ്ടോ, ​ഗ്രോത്ത് ഫാക്റ്ററിന്റെയോ ആന്റിഓക്സിഡന്റിന്റെയോ കുറവ് കൊണ്ടോ ഒക്കെ ഇങ്ങനെ സംഭവിക്കാം.
 
വെള്ളപ്പാണ്ടിന്റെ കാര്യത്തിൽ പാരമ്പര്യം ഒരു ഘടകമാണെങ്കിലും സ്പർശനത്തിലൂടെ ഇത് പകരില്ല എന്നതും എടുത്തുപറയേണ്ടതാണ്. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയ കൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.
 
വെള്ളപ്പാണ്ടിനെ പ്രധാനമായും രണ്ടായി തരംതിരിക്കാം

Vitiligo Ulgrim
Segmental Vitiligo
പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ ഇവ കണ്ണുകളെയും ബാധിക്കാം. വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, അലോപേഷ്യ ഏരിയാഫ്ഫ (ഭാഗികമായ കഷണ്ടി), അറ്റോപിക് ഡെർമറ്റൈറ്റിസ്, സോറിയാസിസ്, ഡി.എൽ.ഇ,  വരണ്ട ചർമം തുടങ്ങിയ ത്വക്ക് രോഗങ്ങളും കാണാറുണ്ട്. കൂടാതെ ഡയബറ്റിസ്, തൈറോയ്ഡ് രോ​ഗങ്ങൾ തുടങ്ങിയവയും കാണാറുണ്ട്.

ചികിത്സാ വിധികള്‍
 
രോഗിയുടെ വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.

മരുന്നുകള്‍

  • പുറമേ പുരട്ടുന്ന മരുന്നുകള്‍
  • അകത്തേക്ക് കഴിക്കുന്ന മരുന്നുകള്‍
  • സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍
  • മെലനോസൈറ്റ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍.

ഫോട്ടോ തെറാപ്പി

 വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.

വിറ്റിലി​ഗോ സർജറി
 
രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.
 
സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. പിന്നെ epidermal autografts, Melanocyte Culture എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്.

വിറ്റിലി​ഗോ സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട്

ഡോ. ശാലിനി
ഡെർമറ്റോളജിസ്റ്റ്