വസ്ത്രധാരണത്തിലെ വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലൂടെ വാര്‍ത്തയിൽ ഇടം നേടിയ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ്‌ബോസ് ഒ.ടി.ടി ഒന്നാം സീസണ്‍ മത്സരാര്‍ഥിയുമായിരുന്നു ഉര്‍ഫി. എന്നാൽ, ഇപ്പോഴിതാ തന്റെ ലിപ് ഫില്ലറുകൾ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് താരം. അതിനാൽ, അത് അലിയിച്ചുകളയാൻ(dissolve) തീരുമാനിച്ചതായും അവർ വ്യക്തമാക്കി. 

To advertise here,

ഫില്ലറുകൾ ഡിസോൾവ് ചെയ്ത് കളയുന്നതിനായി ഡോക്ടറെ സമീപിച്ചതിന്റെ ദൃശ്യങ്ങളോടൊപ്പമാണ് ഉർഫി ഇക്കാര്യം പങ്കുവെച്ചത്. ഫില്ലർ അലിയിക്കുന്നതിനായി ഡോക്ടർ ചുണ്ടുകളിൽ കുത്തിവെക്കുന്നതിൻ്റെയും തുടർന്ന് വേദനയോടെ നീരുവെച്ച് ചുവന്ന ചുണ്ടുകളുടെയും കവിളിന്റേയും ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു. നീർവീക്കം കണ്ടാൽ തന്നെ വേദന തോന്നുമെന്ന മുന്നറിയിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ശരിയായ സ്ഥാനത്തല്ലായിരുന്നു ഫില്ലറുകൾ എന്നതിനാൽ അത് അലിയിച്ചു കളയാൻ തീരുമാനിച്ചു. ഫില്ലറുകളോട് പൂർണമായി എതിരല്ല. കുറച്ചുകൂടെ സ്വഭാവികമായ രീതിയിൽ ഇത് ഞാൻ വീണ്ടും ചെയ്യും. കൂടാതെ, ഫില്ലറുകൾക്കായി ഒരു നല്ല ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്. പല ക്ലിനിക്കുകളിലേയും ഡോക്ടർമാർക്ക് ഒന്നും അറിയില്ല', ഉർഫി കുറിച്ചു. 

ഒരു കുത്തിവെപ്പിലൂടെ ചെയ്യുന്ന സൗന്ദര്യവർധക ചികിത്സയാണ് ലിപ് ഫില്ലറുകൾ. ഇതിലൂടെ ചുണ്ടുകൾക്ക് കൂടുതൽ വലിപ്പം ലഭിക്കുന്നു. കൂടാതെ, ലാഫ് ലൈനുകൾ പോലുള്ള ചുളിവുകൾ കുറയ്ക്കാനും ഫില്ലറുകൾ സഹായിക്കുന്നു.