മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്കെത്തുന്ന യുറേനിയത്തിന്റെ അളവ് അപകടകരമായ നിലയിലാണെന്നാണ് പഠനം പറയുന്നു

പ്രതീകാത്മക ചിത്രം | Photo: AI Generated
ബിഹാറില്‍ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. പട്നയിലെ മഹാവീര്‍ കാന്‍സര്‍ സന്‍സ്താന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, പഞ്ചാബിലെ ജലന്ധറിലുള്ള ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി എയിംസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇതു സംബന്ധിച്ച പഠനം ബ്രിട്ടീഷ് പിയര്‍-റിവ്യൂഡ് ജേണലായ സയന്റിഫിക് റിപ്പോര്‍ട്ട്‌സിലാണ് പ്രസിദ്ധീകരിച്ചത്. ബിഹാറില്‍ നിന്ന് ശേഖരിച്ച മുലപ്പാലിന്റെ സാമ്പിളുകളില്‍ അഞ്ച് പിപിബി (പാര്‍ട്‌സ് പെര്‍ ബില്യണ്‍) വരെ യുറേനിയമാണ് കണ്ടെത്തിയത്.
ബിഹാറിലെ വിവിധ ജില്ലകളില്‍ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത മുലയൂട്ടുന്ന നാൽപത് സ്ത്രീകളെയാണ് പഠനവിധേയരാക്കിയത്. പഠനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവരെ കൃത്യമായി അറിയിച്ചശേഷമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കാന്‍സര്‍ വരാനുള്ള സാധ്യത ഉള്‍പ്പെടെ പഠനവിധേയമാക്കിയിരുന്നു. അമ്മമാരില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്കെത്തുന്ന യുറേനിയത്തിന്റെ അളവ് അപകടകരമായ നിലയിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതുകാരണം കുഞ്ഞുങ്ങള്‍ക്ക് കാന്‍സര്‍ ഇതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. പഠനം നടത്തിയ പ്രദേശങ്ങളില്‍ മനുഷ്യരിലേക്ക് യുറേനിയം എത്തുന്നത് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം വേണമെന്ന് പഠനം നിര്‍ദേശിക്കുന്നു.
പഠനവിധേയരായ 70 ശതമാനം കുഞ്ഞുങ്ങള്‍ക്കും അമ്മമാരുടെ മുലപ്പാലിലെ യുറേനിയം കാരണം കാന്‍സര്‍ ഇതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ യുറേനിയത്തിന്റെ അളവ് അനുവദിനീയമായ പരിധിക്ക് താഴെയാണെന്ന് ഡല്‍ഹി എയിംസിലെ ഡോ. അശോക് ശര്‍മ പറഞ്ഞു. മുലപ്പാലിലെ യുറേനിയം കാരണം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ അമ്മമാര്‍ തുടര്‍ന്നും കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നും ഡോ. ശര്‍മ പറഞ്ഞു.
മഹാവീര്‍ കാന്‍സര്‍ സന്‍സ്താന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോ. അരുണ്‍ കുമാറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അടുത്തകാലത്തായി ഭൂഗര്‍ഭജലത്തില്‍ നിന്നുള്ള യുറേനിയം കാരണം നിരവധി പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെ 151 ജില്ലകളില്‍ ഭൂഗര്‍ഭജലത്തില്‍ യുറേനിയം അടങ്ങിയതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Breast Milk is Toxic? Uranium Traces Found in Mothers' Milk in Bihar; Shocking Study Reveals Health Risks to Infants
Published: 23 Nov 2025, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented