പാക്കറ്റിലും കുപ്പിയിലും മറ്റുമെത്തുന്ന അമിതമായി സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ പുകയിലയോളം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പഠനം. ഹാർവാർഡ് സർവകലാശാല, മിഷിഗൺ സർവകലാശാല, ഡ്യൂക് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. യുപിഎഫ് (Ultra-processed foods) എന്നറിയപ്പെടുന്ന അമിതമായി സംസ്കരിച്ച ആഹാരപദാർഥങ്ങൾ പുകവലിക്കുന്നതിന് സമാനമായ ആസക്തിയുണ്ടാക്കുന്നു എന്നാണ് ഗവേഷകരുടെ വാദം.

To advertise here,

ദി മിൽബാങ് ക്വാർട്ടേർലി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രുചിയും നിറവും മണവുമൊക്കെ കൂട്ടാൻ കൃത്രിമ പദാർഥങ്ങളും പ്രിസർവേറ്റീവുകളുമൊക്കെ ചേർക്കുന്ന ഇവ വീണ്ടും ഉപയോഗിക്കാനുള്ള ആസക്തി കൂട്ടുന്നവയാണെന്ന് ഗവേഷകർ പറയുന്നു. സോഫ്റ്റ് ഡ്രിങ്കുകൾ, പാക്കറ്റുകളിലുള്ള സ്നാക്സ്, ബിസ്ക്കറ്റുകൾ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നതാണ്.

കുറഞ്ഞ കൊഴുപ്പ്, ഷുഗർ ഫ്രീ തുടങ്ങിയ ലേബലുകളോടെ ഇവ വിൽക്കുന്നത് തെറ്റാണെന്നും ഗവേഷകർ പറയുന്നു. ഭക്ഷണത്തോടുള്ള ആസക്തിയെ നിക്കോട്ടിനോടുള്ള ആസക്തിപോലെയാണ് തന്റെ പല രോഗികളും പങ്കുവെച്ചതെന്ന് മിഷിഗൺ സർവകലാശാലയിലെ പ്രൊഫസറായ ആഷ്ലി ഗിയർഹാർഡ് പറഞ്ഞു. അവരിൽപ്പലരും സിഗരറ്റിന് പകരം ശീതള പാനീയങ്ങളും മധുരമുള്ള സ്നാക്സുകളും കഴിക്കുന്നത് കൂട്ടിയെന്നും ആഷ്ലി പറഞ്ഞു.

എന്നാൽ ആധുനിക സാഹചര്യത്തിൽ ഇത്തരം ഭക്ഷണങ്ങൾക്ക് നിയന്ത്രണം വെക്കുക എന്നത് വെല്ലുവിളിനിറഞ്ഞ കാര്യമാണെന്നും ഗവേഷകർ ആശങ്ക പ്രകടിപ്പിക്കുന്നു. വിപണിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുക, നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുക തുടങ്ങിയവയിലൂടെ പരിഹാരം കണ്ടെത്തലാണ് അഭികാമ്യമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

അമിതമായി സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ ശരീരത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കുന്നുവെന്ന് കേന്ദ്രം കഴിഞ്ഞ വർഷം പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആരോഗ്യനികുതിയുൾപ്പെടെ ചുമത്തി അവ നിരുത്സാഹപ്പെടുത്തണമെന്നും ബോധവത്‌കരണം നടത്തണമെന്നും ശുപാർശ ചെയ്തിരുന്നു. ഇപ്പോൾ 3.3 കോടി കുട്ടികൾ രാജ്യത്ത് അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണെന്ന പശ്ചാത്തലമാണ് ഗൗരവം കൂട്ടുന്നത്. 2011 മുതൽ 10 വർഷംകൊണ്ട് ഇവയുടെ വിൽപന രാജ്യത്ത് 13.7 ശതമാനം കൂടി. ഭക്ഷണത്തിന് ചെലവഴിക്കുന്ന തുകയുടെ 10 ശതമാനത്തിലധികം ഇത്തരം വസ്തുക്കൾക്കാണ്.

യു.പി.എഫ്.

പായ്ക്കറ്റിലാക്കി വിൽപനയ്ക്കെത്തുന്ന ബ്രെയ്ക്ക്ഫാസ്റ്റ് സിരിയലുകൾ, കൃത്രിമ മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ടെട്രാപാക്‌ ജ്യൂസുകൾ, ഇൻസ്റ്റന്റ് സൂപ്പ്, സ്നാക്സ്‌, ചിക്കൻ നഗ്ഗറ്റ്സ്, സംസ്കരിച്ച മാംസം, പാചകം ചെയ്യാതെ കഴിക്കാവുന്ന പലതരം റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടും.

വ്യവസായശാലകളിൽ അമിതമായി സംസ്കരിച്ചെടുക്കുന്നതാണവ. സംസ്കരിച്ച അന്നജമാണ് പലതിലെയും പ്രധാന ഘടകം. അതിൽ രുചി വർധിപ്പിക്കുന്ന വസ്തുക്കൾ, ചീത്തയാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകൾ, കൃത്രിമമധുരം, നിറങ്ങൾ, വിവിധ ഘടകങ്ങളെ ചേർത്തുനിർത്തുന്ന എമൾസിഫയർ, പൂരിത കൊഴുപ്പ്, ഉപ്പ് തുടങ്ങി പല വസ്തുക്കൾ ചേർക്കുന്നു. ഒടുവിൽ യഥാർഥ ഭക്ഷണത്തിന്റെ അടിസ്ഥാനസ്വഭാവം മാറിയാണ് കൈകളിലെത്തുന്നത്.

ദോഷങ്ങൾ പലത്

ഇവയിൽ ഊർജം കൂടുതലാണ്. പെട്ടെന്ന് ലഘുവായ ഘടകങ്ങളായി മാറും. മറ്റു പോഷകഘടകങ്ങൾ കുറവ്. ഭക്ഷ്യനാരുകളില്ല. പലതരം രാസവസ്തുക്കൾ ശരീരത്തിലെത്തുന്നത് ഹാനികരം. അമിതമധുരം ഇൻസുലിൻ ഉത്പാദനം കൂട്ടും. തലച്ചോറിന്റെ പ്രവർത്തനത്തിൽ മാറ്റംവരും. ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുവ്യവസ്ഥയെ തകരാറിലാക്കും.

അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ശീലമാക്കുന്നത് ദോഷമാണ്. അതിനാൽ പരമാവധി ഒഴിവാക്കുക. വല്ലപ്പോഴുമാണ് കഴിക്കുന്നതെങ്കിലും ലേബൽ വായിച്ചുനോക്കി മാത്രം ഉപയോഗിക്കുക. അഞ്ച് ചേരുവയിൽ കൂടുതലുള്ളവ ഒഴിവാക്കുക.