ദുബായ്: ശൈത്യകാലം കടുത്തതോടെ യു.എ.ഇയിൽ ഇൻഫ്‌ലുവൻസ വീണ്ടും വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഇൻഫ്‌ലുവൻസ പടർന്നിരുന്നുവെങ്കിൽ ഇത് രണ്ടാംഘട്ട വൈറസ് വ്യാപനമായാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഫ്‌ലൂ സീസൺ സാധാരണയായി രണ്ട് ഘട്ടങ്ങളിലായാണ് ഉണ്ടാകുന്നത്.
ഇൻഫ്‌ലുവൻസ എ സാധാരണയായി ഡിസംബർ മുതൽ ജനുവരി വരെയും, ഇൻഫ്‌ലുവൻസ ബി ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുമാണ് കൂടുതലായി കാണപ്പെടുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ. പ്രായമായവർ, ചെറിയ കുട്ടികൾ എന്നിവരിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നതായും ഇത്തരത്തിൽ ധാരാളം പേർ ആശുപത്രികളിലേക്ക് എത്തുന്നതായും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ഇൻഫ്‌ലുവൻസ ചിലപ്പോൾ കടുത്ത ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവക്കും കാരണമായേക്കാം.
കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷിയില്ലാത്തവർ എന്നിവർക്കാണ് അപകടസാധ്യത കൂടുതൽ. എല്ലാവർഷവും ഫ്‌ലൂ വാക്‌സിനേഷൻ എടുക്കുകയാണ് ആദ്യ പ്രതിരോധമാർഗമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് അനുയോജ്യമായ വാക്‌സിനേഷൻ സമയം. ആറ് മാസം പ്രായം മുതൽ മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാകും. കുത്തിവെപ്പ് വേണ്ടാത്തവർക്ക് നേസൽ സ്പ്രേ രൂപത്തിലുള്ള വാക്‌സിൻ ഉപയോഗിക്കാം. അതേസമയം വാക്‌സിൻ എല്ലാ ഫ്‌ലൂ കേസുകളും തടയില്ല, രോഗത്തിന്റെ തീവ്രത കുറക്കും. ഫ്‌ലൂ പിടിപ്പെട്ടാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറക്കുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
രോഗബാധിതർ ചുമക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇൻഫ്‌ലുവൻസ പടരുന്നത്. കൂടാതെ രോഗാണുക്കൾ വാതിലിന്റെ പിടി, ഫോൺ, മേശ തുടങ്ങിയവയുടെ പ്രതലത്തിലും ജീവിക്കും. ഇതിലൂടെയും രോഗം പടരാം. കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം. അല്ലെങ്കിൽ നിലവാരമുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ ശുചിയാക്കാം. കൈകൾ വൃത്തിയാക്കാതെ മുഖത്ത് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ കൈകൾ നേരിട്ട് ഉപയോഗിക്കാതെ ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് മുഖം മൂടണം. ഉപയോഗിച്ച ടിഷ്യു ഉടൻ ഉപേക്ഷിക്കുകയും വേണം. സമീപത്ത് രോഗം ബാധിച്ചവർ ഉണ്ടെങ്കിൽ അകലം പാലിക്കുക. തിരക്കേറിയ ഇടങ്ങളിലോ രോഗിയായ ഒരാളെ പരിചരിക്കുമ്പോഴോ മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണം. പനിയുണ്ടെങ്കിൽ 24 മണിക്കൂറെങ്കിലും വീട്ടിൽതന്നെ വിശ്രമിക്കാൻ ശ്രദ്ധിക്കണം. രോഗം മാറുന്നത് വരെയെങ്കിലും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. മികച്ച വായുസഞ്ചാരമുള്ള ഇടങ്ങളിൽ വേണം വിശ്രമിക്കാൻ.
രോഗപ്രതിരോധ ശേഷി നേടിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി ആരോഗ്യശീലങ്ങളിലും മാറ്റങ്ങൾ വരുത്തണം. മതിയായ ഉറക്കം പ്രധാനമാണ്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം ശീലമാക്കുക, ശരീരത്തിൽ ജലാംശം നിലനിർത്തുക, വ്യായാമം പതിവാക്കുക, സമ്മർദ്ദം ഒഴിവാക്കുക എന്നിവയെല്ലാം പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഫ്‌ലൂ വൈറസുകൾ തടയാൻ കഴിയില്ല, പകരം മികച്ച ജീവിതശൈലിയിലൂടെ പ്രതിരോധശേഷി നേടിയെടുക്കണമെന്നും ആരോഗ്യരംഗത്തുള്ളവർ ഓർമ്മിപ്പിച്ചു. യുഎസ് ഉൾപ്പെടെ ലോകത്തിന്റെ മറ്റ് ചിലയിടങ്ങളിലും ഇൻഫ്‌ലുവൻസ വർധിച്ചു വരുന്നുണ്ടെന്നാണ് വിവരം.
Content Highlights: Influenza cases are rising in the UAE this winter. Learn about symptoms, prevention, and vaccination to protect yourself and your loved ones
Published: 04 Feb 2026, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented