Representative Image | Photo: Gettyimages.in
കൊല്ലം: ജില്ലയിൽ തക്കാളിപ്പനിയെന്ന ഹാൻഡ്, ഫുട്, മൗത്ത് ഡിസീസസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവരെ 82 കേസുകളാണ് കണ്ടെത്തിയത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താൽ കേസുകൾ ഇനിയും കൂടും. രോഗം സ്ഥിരീകരിച്ച നെടുവത്തൂർ, അഞ്ചൽ, ആര്യങ്കാവ് മേഖലകളിൽ സർവേ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തി.
വീടുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും നൽകി. കിഴക്കൻ മേഖലകളിലാണ് അധികവും ലക്ഷണമെങ്കിലും ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സതേടുന്ന കുട്ടികൾ ഏറെയാണ്. ആര്യങ്കാവിൽ അങ്കണവാടികളിലെ കുട്ടികളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇടപ്പാളയം, കഴുതുരുട്ടി ലക്ഷംവീട് കോളനി എന്നിവിടങ്ങളിലെ അങ്കണവാടികൾ അടച്ചിട്ടു.
പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്സ് പോലെ പൊള്ളലുകളുണ്ടാകുക എന്നിവയാണ് ലക്ഷണം. ചിക്കൻപോക്സ് കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത് പിറകുവശത്തായി വരുന്ന പൊള്ളലുകൾ കാരണം കുട്ടികൾക്ക് മരുന്നുപോലും ഇറക്കാൻ പറ്റാത്ത അവസ്ഥ വരുന്നതാണ് ഏറ്റവും വിഷമകരം.
അപകടകാരിയല്ല, വേണ്ടത് ജാഗ്രത
വൈറസ് രോഗമായ തക്കാളിപ്പനി അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന ലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കുളിപ്പിക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്കൂളുകളിലും വിടരുത്.
-ഡോ. ബിന്ദു മോഹൻ, ഡി.എം.ഒ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..