റാഞ്ചി: ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ചുകുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ രക്തബാങ്കിലേക്ക് രക്തം നല്‍കിയവരില്‍ മൂന്നുപേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി ഇര്‍ഫാന്‍ അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സദര്‍ ആശുപത്രിയിലാണ് സംഭവം.
2023 മുതല്‍ ഇതുവരെ രക്തബാങ്കിലേക്ക് 259 പേരാണ് രക്തം നല്‍കിയത്. ഇവരെ ഓരോരുത്തരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് തലാസീമിയ രോഗം ബാധിച്ച അഞ്ച് കുട്ടികള്‍ക്ക് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
എന്താണ് എച്ച്ഐവി?
മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).
മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.
എച്ച്.ഐ.വി. ബാധിതൻ എയ്‌ഡ്സ് രോഗിയാണോ?
അല്ല. എച്ച്.ഐ.വി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.
എയ്‌ഡ്സ് പകരുന്ന മാർഗങ്ങൾ
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ
എയ്‌ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.
കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.
Content Highlights: Three blood donors at a Jharkhand government hospital's blood bank test positive for HIV, confirms Health Minister Irfan Ansari
Published: 30 Oct 2025, 10:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented