നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ രോഗാവസ്ഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മകള്‍ സൗഭാഗ്യ വെങ്കിടേഷ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമ്മയുടെ ശബ്ദത്തിന് പ്രശ്‌നമുണ്ടായിരുന്നെന്നും ഇപ്പോള്‍ ശബ്ദം മുഴുവനായി നഷ്ടപ്പെട്ടിരിക്കുകയാണെന്നും സൗഭാഗ്യ യുട്യൂബ് വീഡിയോയില്‍ പറയുന്നു. താര കല്ല്യാണിന്റെ യുട്യൂബ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

To advertise here,

'സ്പാസ്മോഡിക് ഡിസ്‌ഫോണിയ' എന്ന രോഗാവസ്ഥയാണ് താര കല്ല്യാണിനെ ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും മൂന്നാഴ്ച്ച കൂടി സംസരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും സൗഭാഗ്യ പറയുന്നു. അതു കഴിഞ്ഞാല്‍ ശബ്ദം തിരിച്ചുകിട്ടും. ഇനി വരുന്ന ശബ്ദം പരുപരുത്തതായിരിക്കും. പാട്ട് പാടാനൊന്നും പറ്റില്ല. ഹൈ പിച്ചില്‍ സംസാരിക്കുകയോ പാടുകയോ ചെയ്യരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു. 

'അമ്മയ്ക്ക് വര്‍ഷങ്ങളായി ശബ്ദത്തിന് പ്രശ്‌നമുണ്ടായിരുന്നു. തൈറോയ്ഡിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. ഇതിനായി ചികിത്സയും നടത്തിയിരുന്നു. ഡാന്‍സ് പഠിക്കുമ്പോള്‍ അതിന്റെ പാട്ട് പാടിയിട്ടായിരിക്കും ശബ്ദത്തിന് പ്രശ്‌നം വന്നതെന്നും കരുതി. എന്നാല്‍ ശരിക്കുമുള്ള രോഗം ഇപ്പോഴാണ് കണ്ടെത്തിയത്. ആദ്യം ബോട്ടോക്‌സ് ചികിത്സയാണ് അമ്മയ്ക്ക് ചെയ്തത്. അതിനുശേഷം മൂന്നാഴ്ച്ച ശബ്ദമുണ്ടായിരുന്നില്ല. പിന്നീട് ശബ്ദം തിരിച്ചുവന്നു. അപ്പോഴാണ് അമ്മൂമ്മ മരിക്കുന്നത്. ആ സമയത്തെ സമ്മര്‍ദ്ദം കാരണം ശബ്ദം വീണ്ടുംപോയി. അമ്മൂമ്മയുടെ മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു വീണ്ടും സ്‌ട്രെയ്ന്‍ ചെയ്ത് സംസാരിച്ചതോടെ അവസ്ഥ വഷളായി. അതോടെ ശസ്ത്രക്രിയ ചെയ്യുകയല്ലാതെ വേറെ വഴിയില്ലാതായി.' -വീഡിയോയില്‍ സൗഭാഗ്യ പറയുന്നു. 

എന്താണ് സ്പാസ്മോഡിക് ഡിസ്‌ഫോണിയ?

തലച്ചോറില്‍നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദേശം അബ്‌നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ സ്‌റ്റേജിലാണ് താര കല്ല്യാണുള്ളത്. തൊണ്ടയില്‍ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെയാണ് രോഗിക്ക് തോന്നുക. സ്‌ട്രെയ്ന്‍ ചെയ്ത് സംസാരിച്ചാല്‍ അസ്വസ്ഥത കൂടും. എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇതില്‍നിന്ന് പുറത്തുകടക്കാന്‍ രണ്ട് വഴികളാണുള്ളത്. ബോട്ടോക്‌സ് ചികിത്സയും ശസ്ത്രക്രിയയും. ബോട്ടോക്‌സ് ഫലിച്ചില്ലെങ്കിലാണ് ശസ്ത്രക്രിയ ചെയ്യുക. ഈ രണ്ട് ചികിത്സയ്ക്ക് ശേഷവും രോഗി സ്‌ട്രെയ്ന്‍ എടുത്ത് സംസാരിക്കാന്‍ പാടില്ല. മൂന്നാഴ്ച്ചത്തെ വിശ്രമം അത്യാവശ്യമാണ്.