ആലപ്പുഴ: ആശുപത്രികളിലെ ചികിത്സയിൽ മരുന്നുകളുടെയും ഉപകരണങ്ങളുടെയും കൊള്ളലാഭം നിയന്ത്രിക്കാൻ നടപടിയുമായി കർണാടക സർക്കാർ. അത്തരം വസ്തുക്കളുടെ അടിസ്ഥാനവിലകൂടി രോഗികളുടെ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ഉത്തരവ്. ആശുപത്രികൾക്കും ഫാർമസികൾക്കും ഇവ ലഭിക്കുന്നവിലയും അവയിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പനവിലയും തമ്മിൽ വലിയ അന്തരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നടപടി.

To advertise here,

പല സന്ദർഭത്തിലും വാങ്ങൽവിലയിൽനിന്ന് ഏറെ ഉയർന്ന വിൽപ്പനവിലയോ അതിനോടടുത്ത നിരക്കോ ആണ് രോഗികളിൽനിന്ന് ഈടാക്കുന്നത്. വിലയിലെ സുതാര്യത ഉറപ്പാക്കാനും രോഗികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആശുപത്രികൾ രോഗികൾക്കു നൽകുന്ന ബില്ലിൽ വാങ്ങിയ വിലയും ചില്ലറവിൽപ്പന വിലയും വ്യക്തമായി കാണിക്കണം. ഇതിനുപുറമേ, ഓരോ ക്ലിനിക്കൽ സ്ഥാപനവും നൽകുന്ന സേവനങ്ങളുടെയും ലഭ്യമായ സൗകര്യങ്ങളുടെയും നിരക്ക് കന്നഡയിലും ഇംഗ്ലീഷിലും കാണാവുന്നിടത്തു പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

കാലാകാലങ്ങളിൽ സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന നിരക്കുകളുടെ പരിധിക്കുള്ളിലാകണം ഇവ. വ്യവസ്ഥകൾ ലംഘിച്ചാൽ പിഴ, രജിസ്ട്രേഷൻ റദ്ദാക്കൽ എന്നിവയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

മരുന്നുവിലയും കമ്മിഷനും

നിലവിലെ രീതിയിൽ ഉത്പാദനച്ചെലവ്, ഗതാഗതച്ചെലവ്, കാലാവധി തീരുന്നതിലെ നഷ്ടം, പ്രചാരണച്ചെലവ് തുടങ്ങിയവയെല്ലാം മരുന്നിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നതിൽ ഉൾപ്പെടും. മൊത്തവിതരണക്കാർക്ക് നിശ്ചിത കമ്മിഷൻ വ്യവസ്ഥയിലാണു കമ്പനി മരുന്നുനൽകുക. അവിടെനിന്നു കമ്മിഷൻവ്യവസ്ഥയിൽ ചില്ലറവിൽപ്പനയ്ക്കു നൽകും. മൊത്തവിതരണക്കാർക്കു 10 ശതമാനവും ചില്ലറവിൽപ്പനക്കാർക്ക് 20 ശതമാനവുമാണ് നിയമപ്രകാരമുള്ള കമ്മിഷൻ. വിലനിയന്ത്രണമുള്ള മരുന്നിന് ഇത് യഥാക്രമം എട്ടും പതിനാറും ശതമാനമാണ്. പലപ്പോഴും ഇതിനെക്കാൾ ഉയർന്ന കമ്മിഷനാണ് പലതലങ്ങളിലും ഈടാക്കുന്നതെന്നാണ് സർക്കാർ ഏജൻസികളുടെതന്നെ കണ്ടെത്തൽ.

അർബുദമരുന്നിന്റെ അമിതവില; വ്യാപാര കമ്മിഷൻ നിയന്ത്രണം മാത്രം പോരെന്നു സംഘടനകൾ

ആലപ്പുഴ: അർബുദമരുന്നുകൾക്ക് അമിതവില ഈടാക്കുന്നതു തടയാൻ പ്രഖ്യാപിച്ച വ്യാപാര കമ്മിഷൻ നിയന്ത്രണനടപടി അപര്യാപ്തമെന്നു വിമർശം. കമ്മിഷൻ നിയന്ത്രണത്തിലായ മരുന്നുകളുടെ പട്ടിക പുറത്തുവരാനിരിക്കേയാണിത്. അവശ്യമരുന്നുപട്ടികയിലില്ലാത്ത ചിലതിന്റെ വിലയിൽ കുറവുവരുമെങ്കിലും അർബുദമരുന്നുകളുടെ കാര്യത്തിൽ കൂടുതൽ നടപടി വേണമെന്നാണ് പൊതുജനാരോഗ്യ സംഘടനകളടക്കം ആവശ്യപ്പെടുന്നത്.

പെയ്റ്റന്റുള്ള മരുന്നുകളുടെ കാര്യത്തിൽ പുതിയ നടപടി വലിയ പ്രയോജനമുണ്ടാക്കില്ല. അത്തരം മരുന്നുകൾക്ക് നിലവിൽ വലിയ വ്യാപാര കമ്മിഷനില്ല. അപ്പോൾ അവയുടെ വിലയിൽ വലിയ വ്യത്യാസം വരില്ല.

പെയ്റ്റന്റ് ഇനങ്ങളുടെ വില കുറയ്ക്കാൻ നിർബന്ധ ലൈസൻസിങ് സമ്പ്രദായം നടപ്പാക്കണമെന്നാണ് ആവശ്യം. പൊതുജനാരോഗ്യ രംഗത്തിനാവശ്യമായ തരത്തിൽ പെയ്റ്റന്റ് മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുണ്ടാക്കാൻ തദ്ദേശീയ കമ്പനികൾക്ക് അനുമതി നൽകുന്നതാണു രീതി. മരുന്നുകളുടെ നിയന്ത്രിതവില നിശ്ചയിക്കുന്നതിൽ ഉത്പാദനച്ചെലവ് പ്രധാനഘടകമായി പരിഗണിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ അമിതലാഭം കൊയ്യാനുള്ള അവസരം കുറയുമെന്നാണു വിലയിരുത്തൽ.

നിലവിൽ ഇതു മരുന്നിന്റെ മൊത്തം വിറ്റുവരവ് അടിസ്ഥാനമാക്കിയാണു നിശ്ചയിക്കുന്നത്. പുതിയ മരുന്നിന്റെ വിലനിശ്ചയിക്കുന്നതിലും കാലോചിതമായ മാറ്റം ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നുണ്ട്.