മധുരപാനീയങ്ങളോട് ആസക്തിയുള്ളവർ നിരവധിയുണ്ട്. അക്കൂട്ടരെ അൽപം ആശങ്കപ്പെടുത്തുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മധുര പാനീയങ്ങളോട് അടിമപ്പെട്ടവരാണെങ്കിൽ ഉദരാർബുദത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.
സോഡ, സ്പോർട്സ് ഡ്രിങ്‌സ് എന്നിങ്ങനെ ദിവസവും മധുരപാനീയങ്ങൾ കുടിക്കുന്നവരാണെങ്കിൽ ഉദരാർബുദത്തിനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനം പറയുന്നു. ഗ്യാസ്ട്രോ ഹെൽപ് അഡ്വാൻസസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
അമേരിക്കയിൽ പ്രായപൂർത്തിയായവരിൽ 65 ശതമാനവും ദിവസവും ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നവരാണെന്നും ഈ സാഹചര്യത്തിലാണ് പഠനം പ്രസക്തമാകുന്നതെന്നും ഗവേഷകർ പറയുന്നു. ആഗോളതലത്തിൽ സാധാരണയായി കാണുന്ന അഞ്ചാമത്തെ അർബുദമാണ് ഉദരാർബുദം അഥവാ ഗ്യാസ്ട്രിക് കാൻസർ.
1,12,000-ത്തിലധികം ആളുകളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഞ്ചസാര പാനീയങ്ങൾ ഉദാർബുദ സാധ്യതയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശകലനം ചെയ്തത്. പഠനത്തിൽ പങ്കാളികളായവരെ വർഷങ്ങളോളം നിരീക്ഷിക്കുകയും അവരുടെ ഭക്ഷണക്രമത്തെയും ജീവിതരീതിയെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കാർബണേറ്റഡ് പാനീയങ്ങൾ, ലെമണെയ്ഡ്, സ്പോർട്സ് ഡ്രിങ്ക്സ് എന്നിവയുൾപ്പെടെ ദിവസവും കുറഞ്ഞത് ഒരു പഞ്ചസാര പാനീയമെങ്കിലും കഴിക്കുന്ന ആളുകൾക്ക്, മാസത്തിൽ ഒരു തവണയിൽ താഴെ കുടിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഉദരാർബുദം വരാനുള്ള സാധ്യത 2.45 മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
മധുരം ചേർത്ത പാനീയങ്ങളുടെ ഉപയോഗം അമിതവണ്ണത്തിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാവുകയും ഇവ കാൻസർ സാധ്യത കൂട്ടാനിടയുണ്ടെന്നും ഗവേഷകർ പറയുന്നു. കൂടാതെ മധുരം ചേർത്ത പാനീയങ്ങൾ ശരീരത്തിൽ വീക്കമുണ്ടാക്കാനും കാരണമാകും. ഇതും അർബുദസാധ്യത കൂട്ടുന്ന ഘടകമായി ഗവേഷകർ വിലയിരുത്തുന്നുണ്ട്.
ഉദരാർബുദം; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
വയറു നിറഞ്ഞതായി തോന്നുക: അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ വയറുവീർക്കലോ വയറു നിറഞ്ഞതായുള്ള തോന്നലോ ദഹനക്കേടിന്റെ ലക്ഷണമാണ്. എന്നാൽ, ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിനു ശേഷം വയറു നിറഞ്ഞതായി തോന്നുന്നുവെങ്കിൽ അത് ശ്രദ്ധിക്കണം.
സ്ഥിരമായ നെഞ്ചെരിച്ചിൽ: ആന്റാസിഡുകളോട് ശരിയായി പ്രതികരിക്കാത്ത, അടിക്കടിയുണ്ടാകുന്ന നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് എന്നിവയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടാം.
മലവിസർജ്ജനത്തിലെ വ്യത്യാസം: ദഹനക്കേടിനൊപ്പം മലബന്ധം അല്ലെങ്കിൽ വയറിളക്കം പോലുള്ള പ്രശ്നങ്ങളുണ്ടായേക്കാം. എന്നാൽ, സ്ഥിരമായ വയറിളക്കം, മലബന്ധം എന്നിവ വയറ്റിലെ കാൻസർ ഉൾപ്പെടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാകാം.
ഉദരത്തിലെ കാൻസറും ദഹനക്കേടും സമാനമായ ലക്ഷണങ്ങൾ കാണിക്കാമെങ്കിലും, അർബുദത്തിന്റെ ലക്ഷണങ്ങളുടെ സ്ഥിരത, കാഠിന്യം, സാധാരണ ചികിത്സകളോട് പ്രതികരിക്കാത്തത് തുടങ്ങിയ പ്രത്യേകതകളാൽ കൂടുതൽ ആശങ്കാജനകമായി കണക്കാക്കുന്നു. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
Content Highlights: Drinking sugary beverages daily can double the risk of stomach cancer., Study published in Gastro Hep Advances by researchers from Massachusetts General Hospital.
Published: 22 Aug 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented