സ്ത്രീകളിൽ സ്ഥിരീകരണം മിക്കപ്പോഴും വൈകുന്ന രോഗങ്ങളിലൊന്നാണ് ഒവേറിയൻ കാൻസർ. പലപ്പോഴും രോഗത്തിന്റെ വൈകിയ ഘട്ടങ്ങളിലായിരിക്കും സ്ഥിരീകരണം നടക്കുക. ഇത് ചികിത്സാസാധ്യതകൾ പരിമിതപ്പെടുത്തുകയും അതുവഴി രോഗി മരണപ്പെടുകയും ചെയ്യാം. ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കാൻസർ സ്ഥിരീകരണം നേരത്തേ നടത്താമെന്നും അതുവഴി ചികിത്സാസാധ്യതകൾ മെച്ചപ്പെടുത്താമെന്നുമാണ് ഗവേഷകർ പറയുന്നത്.
ഇന്റർനാഷണൽ ജേർണൽ ഓഫ് ഗൈനക്കോളജിക്കൽ കാൻസറിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യി.ലെ ബിർമിങാം സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. നാല് പ്രധാന ലക്ഷണങ്ങൾ നിരീക്ഷിച്ച് ഒവേറിയൻ കാൻസർ സാധ്യത കണ്ടെത്താമെന്നാണ് ഗവേഷകർ പറയുന്നത്. വയറുവീർക്കുക, അടിവയറുവേദന, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, പെട്ടെന്ന് വയറുനിറഞ്ഞതായി അനുഭവപ്പെടുക തുടങ്ങിയവയാണ് ആ പ്രധാനലക്ഷണങ്ങൾ. സ്ഥിരമായി ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾ വൈകാതെ തന്നെ വിദഗ്ധനെ കണ്ട് വേണ്ട പരിശോധനകൾ ചെയ്യണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
യു.കെ.യിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. 2015 ജൂണിനും 2022 ജൂലൈക്കും ഇടയിലാണ് പഠനം നടത്തിയത്. പതിനാറു വയസ്സിനും തൊണ്ണൂറിനും ഇടയിലുള്ള 2,596 സ്ത്രീകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. യു.കെ.യിലെ വിവിധ ആശുപത്രികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഇവരിൽ പന്ത്രണ്ടുശതമാനംപേരിൽ ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിരുന്നു. 6.8ശതമാനം പേരിൽ ഗുരുതരമായ അവസ്ഥയിലുള്ളതും സ്ഥിരീകരിക്കപ്പെട്ടിരുന്നു. തീവ്രവ്യാപനശേഷിയുള്ള കാൻസർ സ്ഥിരീകരിച്ചിരുന്ന നാലിലൊന്ന് സ്ത്രീകളും നേരത്തേ രോഗം തിരിച്ചറിയുകയും ചികിത്സ നേരത്തേ ആരംഭിച്ചതുകൊണ്ടുമാത്രം അതിജീവിച്ചവരുമാണ്. ഇത്തരത്തിൽ രോഗം നേരത്തേ തിരിച്ചറിയലാണ് ഒവേറിയൻ കാൻസറിനെ അതിജീവിക്കാൻ പ്രധാനമെന്ന് ഗവേഷകർ പറയുന്നു.
ഈ പ്രധാന നാല് ലക്ഷണങ്ങളെ കേന്ദ്രീകരിച്ച് ഒവേറിയൻ കാൻസറിനെ നേരിടുക വഴി അതിജീവന നിരക്ക് കൂട്ടാനാകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഒവേറിയൻ കാൻസർ
ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.
അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.
അപകടസാധ്യതാഘടകങ്ങൾ
- പ്രായംകൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്.
- ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്.
- രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്.
- അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം.
- ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.
Content Highlights: study identifies four symptoms for early detection of ovarian cancer
Published: 16 Aug 2024, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented