വണ്ണംകുറയ്ക്കാൻ പലമാർ​ഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. വ്യായാമവും ആരോ​ഗ്യകരമായ ഭക്ഷണരീതിയും സുഖകരമായ ഉറക്കവുമൊക്കെ വണ്ണംകുറയ്ക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്. പട്ടിണി കിടന്ന് വണ്ണംകുറയ്ക്കാമെന്നു കരുതുന്നവരാണ് ചിലർ. സം​ഗതി വണ്ണം കുറയുമെങ്കിലും ഇക്കൂട്ടരിൽ പിന്നാലെ ചില ആരോ​ഗ്യപ്രശ്നങ്ങളും വരും. പട്ടിണി കിടക്കുന്നതിലൂടെ തുടക്കത്തിൽ വണ്ണം കുറയുമെങ്കിലും പോഷകാഹാരക്കുറവ് മുതൽ മാനസികാരോ​ഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാവുകയും ചെയ്യും. 

To advertise here,

പോഷകാഹാരക്കുറവ്

പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പോഷകാഹാരക്കുറവ്. ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കാതിരിക്കുകവഴി വിറ്റാമിനുകളും മിനറലുകളും കിട്ടാതാവും. ഇത് പിന്നീട് മാനസിക-ശാരീരിക പ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും. 

മാനസികാരോ​ഗ്യം തകരാറിലാക്കും

പട്ടിണികിടന്ന് വണ്ണം കുറയ്ക്കുന്നത് മാനസികനിലയും തകരാറിലാക്കും. ഈറ്റിങ് ഡിസോർഡർ സംബന്ധമായ പ്രശ്നങ്ങൾ ഇക്കൂട്ടരിൽ കണ്ടുവരാം. ഭക്ഷണം കഠിനമായി നിയന്ത്രിക്കുക, ഭക്ഷണത്തോട് പാടേ വിരക്തി, അമിതമായി വ്യായാമം ചെയ്യുക, വണ്ണത്തേയോർത്ത് നിരന്തരം ആകുലപ്പെടുക തുടങ്ങിയവയൊക്കെ കണ്ടേക്കാം. 

ശാരീരികപ്രവർത്തനങ്ങൾ താളംതെറ്റും

ഭക്ഷണനിയന്ത്രണത്തിലൂടെ ശരീരത്തിലെത്തുന്ന കലോറി നന്നേ കുറയുന്നതിനാൽ പല ശാരീരിക പ്രവർത്തനങ്ങളുടെയും താളംതെറ്റും. മുടികൊഴിച്ചിൽ, നഖം പൊട്ടിപ്പോവുക തുടങ്ങിയവ സംഭവിക്കാം. രോ​ഗപ്രതിരോധശക്തി നഷ്ടമാവുകയും ഇടയ്ക്കിടെ അണുബാധകൾ ഉണ്ടാവുകയും ചെയ്യും.

ദഹനപ്രക്രിയയെ ബാധിക്കും

ഭക്ഷണനിയന്ത്രണം അമിതമാകുന്നത് ദഹനപ്രക്രിയയേയും ബാധിക്കും. മലബന്ധം, വയറ് വീർക്കുക, മറ്റ് ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എന്നിവയിലേക്കും നയിക്കും.

വിട്ടുമാറാത്ത ക്ഷീണം

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്തത് വിട്ടുമാറാത്ത ക്ഷീണത്തിനും കാരണമാകും. എപ്പോഴും കിടക്കണമെന്ന തോന്നലുണ്ടാവുകയും കാര്യങ്ങൾ ചെയ്യാനുള്ള ഊർജം നഷ്ടമാവുകയും ചെയ്യും. ആരോ​ഗ്യകരമായി വണ്ണം കുറയ്ക്കുന്നതിന് സമീകൃതാഹാരം ശീലമാക്കുകയും വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാ​ഗമാക്കുകയും വേണം. 

വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ.(Indian Council of Medical Research) നിർദേശിക്കുന്ന ആരോ​ഗ്യകരമായ രീതി

സമീകൃതാഹാരം 

നാരുകളും പോഷകവും ധാരാളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും. 

പച്ചക്കറികൾ

കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും. 

അളവിൽ നിയന്ത്രണം

ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക. 

സ്നാക്സിലും മാറ്റം വേണം

സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോ​ഗട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം. 

ആരോ​ഗ്യകരമായ പാചകരീതി

പാചകരീതി ആരോ​ഗ്യകരമാവാൻ ശ്രദ്ധിക്കുക. ​ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും. 

മധുര പാനീയങ്ങൾ കുറയ്ക്കാം

സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം. 

ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ

കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫു‍ഡ് ലേബലിൽ പരിശോധിക്കണം. ആരോ​ഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

ആരോ​ഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. 
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക. 
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.