അൽപ്പനേരം കൂടുതൽ ഉറങ്ങുക, ശാരീരിക പ്രവർത്തനങ്ങൾ കുറച്ചെങ്കിലും കൂട്ടുക, കഴിക്കുന്ന പച്ചക്കറികളുടെ അളവ് അൽപ്പമൊന്ന് വർധിപ്പിക്കുക എന്നിവയിലൂടെ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് പഠനം. യുകെ ബയോബാങ്കിൽ നിന്നുള്ള 53,000-ൽ അധികം മുതിർന്നവരെ എട്ട് വർഷം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളിൽ ചെറിയ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതുപോലും വലിയ പ്രയോജനമുണ്ടാക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

To advertise here,

രാത്രിയിൽ 11 മിനിറ്റ് കൂടുതൽ ഉറങ്ങുക, 4.5 മിനിറ്റ് മിതമായതോ കഠിനമായതോ ആയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കാൽക്കപ്പ് അധികം പച്ചക്കറികൾ കഴിക്കുക എന്നിവ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ഈ മാറ്റം ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവയുടെ അപകടസാധ്യത 10 ശതമാനം വരെ കുറയ്ക്കുന്നതായി കണ്ടെത്തി.

വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുന്നവർക്ക് അതിന്റെ ഗുണഫലങ്ങൾ ഇനിയും കൂടുതലായിരിക്കുമെന്ന് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വ്യക്തമാക്കുന്നു. പ്രതിദിനം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുക, 42 മിനിറ്റിൽ കൂടുതൽ മിതമായതോ കഠിനമായതോ ആയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, നല്ല ഭക്ഷണം കഴിക്കുക എന്നിവയാണ് ഏറ്റവും മികച്ച പ്രയോജനം നൽകുക. ഏറ്റവും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ അപകടസാധ്യത 57 ശതമാനം കുറച്ചതായി പഠനത്തിൽ കണ്ടെത്തി.

സ്മാർട്ട് വാച്ചുകൾ പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഗവേഷകർ ഉറക്ക രീതികളും വ്യായാമ നിലകളും വിശകലനം ചെയ്തു. പഠനത്തിൽ പങ്കെടുത്തവർ അവരുടെ ഭക്ഷണരീതികൾ സ്വയം റിപ്പോർട്ട് ചെയ്തു. എട്ട് വർഷത്തെ നിരീക്ഷണ കാലയളവിൽ, ഗവേഷകർ 2,034 പ്രധാന ഹൃദയസംബന്ധമായ സംഭവങ്ങൾ രേഖപ്പെടുത്തി.

ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതുപോലും ഹൃദയാരോഗ്യത്തിൽ അതിശയകരമായ വലിയ സ്വാധീനം ചെലുത്തുമെന്ന് പഠനത്തിൽ കണ്ടെത്തിയതായി സിഡ്നി യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് ഫെലോ ഡോ. നിക്കോളാസ് കോമൽ പറയുന്നു. ഒറ്റയടിക്ക് ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനേക്കാൾ ഇത്തരം ചെറിയ മുന്നേറ്റങ്ങൾ നടത്തുന്നത് മിക്കവർക്കും കൂടുതൽ പ്രായോഗികവും തുടർന്നുകൊണ്ടുപോകാൻ കഴിയുന്നതുമായിരിക്കും. ജീവിതശൈലി ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കേണ്ട ആവശ്യമില്ലെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ എമിലി മക്ഗ്രാത്ത് പറയുന്നു. ഉറക്കം, ചലനം, ഭക്ഷണം എന്നിവയിലെ ചെറിയ മാറ്റങ്ങൾക്ക് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.