സൗന്ദര്യസംരക്ഷണത്തിന് കയ്യിൽ കിട്ടാവുന്ന എളുപ്പവഴികളൊക്കെ പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇവ പലതും ഗുണത്തേക്കാളുപരി ദോഷം ചെയ്യുന്നവയുമാകാം. ഇതേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് എയിംസിലെ ഡെർമറ്റോളജിസ്റ്റായ ഡോ. അഞ്ചൽ പന്ത്. ചർമസംരക്ഷണത്തിൽ പൊതുവേ എല്ലാവരും ചെയ്തു വരുന്ന തെറ്റായ ചില കാര്യങ്ങളേക്കുറിച്ചാണ് അഞ്ചൽ പങ്കുവെച്ചിരിക്കുന്നത്.
അതിൽ ആദ്യത്തേത് മുഖം അമിതമായി ക്ലെൻസ് ചെയ്യുന്നതാണ്. പലരും മുഖം വൃത്തിയാക്കാൻ ക്ലെൻസറുകളിൽ അഭയം തേടുന്നവരാണ്. എന്നാൽ ഒരുദിവസം രണ്ടുതവണയിൽ കൂടുതൽ ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകരുതെന്നാണ് അഞ്ചൽ പറയുന്നത്. അല്ലാത്തപക്ഷം മുഖത്തെ സ്വാഭാവിക എണ്ണ നഷ്ടമാവുകയും ചർമം വരണ്ടുപോവുകയും ചെയ്യും. ദിവസം രാവിലെയും രാത്രിയുമായി രണ്ടുതവണ മാത്രം ക്ലെൻസ് ചെയ്യുകയും പുറത്തോ, പൊടിയുമായോ അമിതമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണെങ്കിൽ വെറുംവെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് നല്ലതെന്നും അഞ്ചൽ പറയുന്നു.
മറ്റൊന്ന് ശിരോചർമത്തിന്റെ ആരോഗ്യമാണ്. ശിരോചർമം വൃത്തിയായിരുന്നാൽ മുഖചർമവും വൃത്തിയാകുമെന്ന് അഞ്ചൽ പറയുന്നു. പ്രത്യേകിച്ച് നെറ്റിയുടെ ഭാഗത്തെ ചർമം ശിരോചർമത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഷാംപൂ ചെയ്യുന്നതാണ് ആരോഗ്യകരമെന്നും അഞ്ചൽ പറയുന്നു.
പലരും ക്രീമുകളുടെയും മറ്റും കാര്യത്തിൽ കൃത്യമായ തിരഞ്ഞെടുപ്പ് നടത്തുമെങ്കിലും ഉപയോഗിക്കുന്ന തലയിണയുടെ കാര്യത്തിൽ അതുണ്ടാകില്ല. തലയിണക്കവറുകൾ വൃത്തികേടാകുന്നതും ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് അഞ്ചൽ പറയുന്നു. തലയിണക്കവറിൽ അടിഞ്ഞുകൂടുന്ന എണ്ണയും ചെളിയും ബാക്ടീരിയയുമൊക്കെ ചർമത്തിലേക്ക് കൈമാറ്റംചെയ്യപ്പെടും. ഇത് മുഖത്ത് കുരു ഉണ്ടാകുന്നതിന് കാരണമാകും. കൃത്യമായ ഇടവേളകളിൽ തലയിണക്കവർ മാറ്റുന്നത് ഗുണംചെയ്യും.
ചർമത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന മറ്റൊരു കാരണമായി അഞ്ചൽ പറയുന്നത് മുഖത്തിനും ശരീരത്തിനും ഒരേ ടവ്വൽ ഉപയോഗിക്കുന്നതാണ്. ഇത് ബാക്ടീരിയ ശരീരത്തിൽ പടരാനും ചർമരോഗങ്ങൾ പടരാനും കാരണമാകും. ഇവയൊഴിവാക്കാൻ മുഖത്തിന് പ്രത്യേകം ടവ്വൽ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
മുഖക്കുരു കൈകൊണ്ട് പൊട്ടിക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. ഇതും പ്രശ്നകരമാണെന്ന് അഞ്ചൽ പറയുന്നു. അനാരോഗ്യകരമായ രീതിയിൽ മുഖക്കുരു പൊട്ടിക്കുന്നത് പാട് ഉണ്ടാവാനും അണുബാധയ്ക്കും കാരണമാകും.
ചർമത്തെ തിരിച്ചറിയാതെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. പലവരും അവനവന്റെ ചർമത്തിന്റെ സ്വഭാവം തിരിച്ചറിയാതെ സൗന്ദര്യ വർധക ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിൽ ശരീരത്തേക്കുറിച്ച് ധാരണയില്ലാതെ ഇൻഫ്ലുവൻസർമാരുടെ വാക്കുകേട്ട് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും ചർമത്തിന് പണിതരുമെന്ന് അഞ്ചൽ പറയുന്നു.
Content Highlights: Learn common skincare mistakes like over-cleansing, Dermatologist Dr. Anchal Pant`s expert advice.
Published: 25 Jun 2025, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented