ഭാര്യയുടെ അർബുദപോരാട്ടത്തേക്കുറിച്ച് പങ്കുവെച്ച് 'ദി ഫാമിലി മാൻ' എന്ന സീരീസിലൂടെ പ്രശസ്തനായ നടൻ ഷരീബ് ഹഷ്മി. ഭാര്യ നസ്രീന്റെ എട്ടുവർഷം നീണ്ട ഓറൽ കാൻസർ പോരാട്ടത്തേക്കുറിച്ചാണ് നടൻ തുറന്നുപറഞ്ഞത്. അഞ്ചു തവണ രോഗത്തെ അതിജീവിച്ച നസ്രീന് ആറാം തവണയും രോഗം സ്ഥിരീകരിച്ചുവെന്ന് ഷരീബ് പങ്കുവെച്ചു.

To advertise here,

2018-ലാണ് നസ്രീന് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. അവിടുന്നിങ്ങോട്ട് അഞ്ചു തവണ നസ്രീൻ രോഗത്തെ അതിജീവിച്ചു. ആറാം തവണയും കാൻസർ തിരികെ വന്നുവെന്നാണ് ഷരീബ് പറഞ്ഞത്.

നസ്രീന് ഇപ്പോൾ അഞ്ചുതവണ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. അഞ്ചുതവണ രോഗം തിരിച്ചുവരികയും ചെയ്തു. ഇത് ആറാം തവണയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ തവണ എല്ലായിടത്തും രോഗം പടർന്നിട്ടുണ്ട്. ഇതും കടന്നുപോകും- എന്നാണ് ഷരീബ് പറഞ്ഞത്. 

നസ്രീൻ രോഗത്തെ കൈകാര്യം ചെയ്യുന്ന രീതി തങ്ങൾക്കെല്ലാം ധൈര്യം പകരുന്നതാണെന്നും ഭാര്യയെ ബാധിച്ച അർബുദം മാരകമായതിനാൽ തന്നെ പലതവണ രോഗം തിരിച്ചുവന്നുവെന്നും ഷരീബ് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ ഷരീബ് നൽകിയ ഉറച്ച പിന്തുണയെക്കുറിച്ച് നസ്രീനും പങ്കുവെച്ചു. ഷരീബ് തന്റെയരികിൽനിന്ന് മാറിയിട്ടേയില്ല. ഷൂട്ടിങ് തിരക്കാണെങ്കിലും ആശുപത്രിയിൽ എങ്ങനെയെങ്കിലുമൊക്കെ എത്തും. ഹോസ്പ്റ്റലിലാകുന്ന സമയംമുതൽ ഡിസ്ചാർജ് ആകുന്നതുവരെ അവിടെയിരിക്കും. ഷരീബ് അവിടെയുണ്ടെന്നത് തനിക്ക് ധൈര്യം പകർന്നുവെന്നും ആശ്വാസമായിരുന്നുവെന്നും നസ്രീൻ പറഞ്ഞു.

2003 ഡിസംബർ 27-നാണ് ഷരീബ് നസ്രീനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകളും ഒരു മകനുമുണ്ട്.

ഓറൽ കാൻസർ നിസ്സാരമാക്കരുത്

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് വായിലെ കാൻസർ. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം)വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പലപ്പോഴും, രോഗത്തിന്റെ ആദ്യകാലലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവ് എന്നിവരെ പലരും അവഗണിക്കാറാണ് പതിവ്.

വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.

പൂർവാർബുദ അവസ്ഥകൾ

ല്യൂക്കോപ്ലാക്കിയ (Leukoplakia)

വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു

ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)

തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് .

സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)

കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടുവശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത് . ഇവ കാൻസർ ആയി മാറാനുള്ള സാധ്യത കൂടുതലാണ്

നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)

വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക. കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടറെ കാണേണ്ടതാണ് .

ലക്ഷണങ്ങൾ

  • വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
  • വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
  • വെള്ളയോ, ചുവന്നതോ, രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
  • ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
  • വായിലോ, താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
  • ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
  • വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
  • വായിൽ നിന്നും അകാരണമായ രക്തസ്രാവം
  • ശബ്ദത്തിലുള്ള വ്യതിയാനം
  • പല്ലുകൾ ഇളകുക
  • അകാരണമായി ശരീരഭാരം കുറയുക

വായിലെ കാൻസർ എങ്ങനെ തടയാം ?

  • എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗവും പൂർണമായി നിർത്തുക.
  • മദ്യം ഉപയോഗിക്കാതിരിക്കുക.
  • സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
  • എല്ലാ ആറുമാസം കൂടുംതോറും ഡോക്ടറെ കാണുക.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)