ഉപ്പ് ചേർക്കാത്ത ഏതെങ്കിലും വിഭവത്തെക്കുറിച്ച് ഇന്ത്യക്കാർക്ക് ചിന്തിക്കാനാകില്ല. നമ്മുടെ നിത്യേനയുള്ള ഭക്ഷണക്രമത്തിലെ പ്രധാന ഘടകമാണ് ഉപ്പ്. വിഭവങ്ങളുടെ സ്വാദ് കൂട്ടുന്നതോടൊപ്പം നമ്മുടെ ആരോഗ്യകാര്യത്തിലും ഉപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, എത്രത്തോളം ഉപ്പ് ഭക്ഷണത്തിൽ ചേർക്കണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നമുക്കുണ്ടാവണം.
ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. സഞ്ജയ് ബോജ്‌രാജ്. യഥാർഥത്തിൽ നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ച് വില്ലനാണോ ഉപ്പ്. അതോ, ഇതെല്ലാം വെറുതേ ആളുകളെ തെറ്റിദ്ധരിക്കാൻ പറയുന്നതാണോ. ഉപ്പ് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഉപ്പ് കഴിക്കുന്നത് നിയന്ത്രിക്കുന്നതിന് മുമ്പ് വൈദ്യസഹായം തേടേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
എപ്പോഴാണ് ദോഷമാകുന്നത്?
ഉയർന്ന അളവിൽ സോഡിയം കഴിക്കുന്നത് രക്തക്കുഴലുകളെ ബാധിക്കുകയും അത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകുമെന്നും ഡോക്ടർ പറയുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തേയും ബാധിച്ചേക്കാം. അധികമാകുന്ന സോഡിയം ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
എന്നാൽ, ഉപ്പ് എല്ലാവർക്കും മോശമാണെന്നല്ല പറയുന്നത്. യഥാർഥത്തിൽ, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ്, മറ്റ് ഇലക്ട്രോലൈറ്റുകൾ എന്നിവ ശരിയായ അളവിൽ ശരീരത്തിന് ആവശ്യവുമാണ്. ഇവ അധികമാകുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്.
ഉപ്പ് നല്ലതാണോ മോശമാണോ എന്ന് ചിന്തിക്കുന്നതിന് പകരം ഇത് വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയണം. പൂർണ്ണമായും ഉപ്പ് കഴിക്കുന്നത് നിർത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. വൈദ്യസഹായം തേടുന്നതിന് മുമ്പ് ഉപ്പ് പൂർണമായും നിർത്തുന്നത് ആരോഗ്യത്തിന് തിരിച്ചടിയായേക്കാം. അത്തരം കർശനമായ നിയന്ത്രണം ആവശ്യമില്ലാതെ ഉപ്പ് നിർത്തുന്നത് ഇലക്ട്രോലൈറ്റ് ബാലൻസ് താളം തെറ്റിച്ചേക്കും.
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും
വയറു വീർക്കുക
ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്. ഉപ്പ് അമിതമാകുന്നതിലൂടെ ശരീരത്തിലെ വെള്ളം വർധിക്കുകയും ദ്രാവകം അടിയുന്നതുകൂടുകയും ചെയ്യും.
രക്തസമ്മർദം കൂടുതൽ
ശരീരത്തിലെ രക്തസമ്മർദത്തിന്റെ അളവ് കൂടുന്നതിൽ പലകാരണങ്ങളുമുണ്ടാകാം. ഉപ്പ് കൂടുന്നതും രക്തസമ്മർദത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുണ്ടാക്കാം. ശരീരത്തിൽ ഉപ്പ് വർധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയും തകരാറിലാക്കും. ശരീരത്തിന് ആവശ്യമില്ലാത്ത ദ്രാവകം പുറംതള്ളുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
നീരുവെക്കുന്നത്
ശരീരത്തിൽ നീരുവെക്കുന്നതും ഉപ്പിന്റെ അളവ് കൂടുന്നുവെന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്. മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം. പെട്ടെന്ന് ശരീരത്തിൽ നീര് അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ ഡയറ്റിലെ ഉപ്പിന്റെ ഇളവും പരിശോധിക്കണം.
ദാഹക്കൂടുതൽ
സാധാരണത്തേതിലും അമിതമായി ദാഹം തോന്നുന്നുവെങ്കിൽ അതിന് ഉപ്പും ഒരു കാരണമാകാം.
ഭാരം വെക്കുന്നത്
ഉപ്പ് അമിതമായി കഴിക്കുന്നതിലൂടെ ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് വണ്ണംവെക്കാനിടയാക്കും. ഏതാനും ദിവസങ്ങൾക്കോ ആഴ്ച്ചകൾക്കോ ഉള്ളിൽ വണ്ണംവെച്ചതായി തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ ഉപ്പിനും സ്ഥാനമുണ്ടാകാം.
മൂത്രത്തിന്റെ അളവ് കൂടുക
ആഹാരത്തിൽ ഉപ്പ് അമിതമായി ഉൾപ്പെടുത്തുന്നവരിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും കൂടുതലായിരിക്കും. ഉപ്പ് കൂടുതൽ കഴിക്കുക വഴി ദാഹം അനുഭവപ്പെടുകയും അതുവഴി വെള്ളം കൂടുതൽ കുടിക്കുകയും ചെയ്യും. ഇത് മൂത്രത്തിന്റെ അളവും വർധിപ്പിക്കും.
ഉറക്കക്കുറവ്
ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഉപ്പ് കൂടുതലായുള്ള ഭക്ഷണമാണ് കഴിച്ചതെങ്കിൽ ഉറക്കം സുഖകരമാകില്ല. മതിയായ ഉറക്കം ലഭിക്കാത്തതും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നതുമൊക്കെ അതിന്റെ ലക്ഷണങ്ങളാകാം.
വയറും പ്രശ്നമാകാം
ഭക്ഷണത്തിൽ ഉപ്പ് കൂടുതലാണെങ്കിൽ നിർജലീകരണം അനുഭവപ്പെടുകയും വയർ അസ്വസ്ഥമാവുകയും ചെയ്യും. ഛർദിക്കണമെന്ന തോന്നലോ, വയറിളക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപ്പിന്റെ അളവും കാരണമായിരിക്കാം.
ഇവകൂടാതെ ദീർഘനാളായി ഉപ്പ് അമിതമായി ഉപയോഗിക്കുന്നതുവഴി ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക തകരാർ, ഓസ്റ്റിയോപൊറോസിസ്, ഉദര അർബുദം മുതലായ ദീർഘകാലരോഗങ്ങളും ഉണ്ടാകാം.
ഉപ്പിന്റെ അളവ് കുറയ്ക്കാൻ ചില ടിപ്സ്
പാക്കറ്റ് ഭക്ഷണങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളുമൊക്കെ അമിതമായി ഉപ്പ് അടങ്ങിയിട്ടുള്ളവയാകും. അതിനാൽ ലേബലുകൾ കൃത്യമായി വായിച്ച് സോഡിയത്തിന്റെ അളവ് പരിശോധിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കാം.
സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം
ഡയറ്റിൽ സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതും ഗുണംചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ, മുട്ട, നട്സ് തുടങ്ങിയവ കൂടുതൽ ഉൾപ്പെടുത്താം. പാക്കറ്റ് ഭക്ഷണങ്ങൾ കുറയ്ക്കാം.
പൊട്ടാസ്യം സമ്പന്നമായ ഡയറ്റ്
പൊട്ടാസ്യം അടങ്ങിയ ഡയറ്റ് ശീലമാക്കുന്നതും നല്ലതാണ്. സോഡിയം മൂലമുണ്ടാകുന്ന പല പ്രശ്നങ്ങളേയും പ്രതിരോധിക്കാൻ പൊട്ടാസ്യം സഹായിക്കും. രക്തസമ്മർദം കുറയ്ക്കുന്നതിലും പൊട്ടാസ്യത്തിന് പങ്കുണ്ട്. വാഴപ്പഴം, ഉരുളക്കിഴങ്ങ്, ചീര, തണ്ണിമത്തൻ തുടങ്ങിയവയിൽ പൊട്ടാസ്യം ധാരാളമടങ്ങിയിട്ടുണ്ട്.
വീട്ടിലും അളവ് നിശ്ചയിക്കാം
വീട്ടിൽ ഭക്ഷണം പാകംചെയ്യുമ്പോഴും ഉപ്പിന്റെ അളവ് കുറച്ചുകൊണ്ടുവരാം. പടിപടിയായി കുറച്ചുകൊണ്ടുവരുന്നതാണ് നല്ലത്. സുഗന്ധവ്യഞ്ജനങ്ങളും മറ്റും ഉപയോഗിക്കുന്നത് ഉപ്പിന്റെ കുറവുകൊണ്ടുള്ള രുചിയില്ലായ്മ ഇല്ലാതാക്കാൻ സഹായിക്കും.
പുറത്തെ ഭക്ഷണം കുറയ്ക്കാം
പുറത്തുനിന്നുള്ള ഭക്ഷണങ്ങളോട് കൂടുതൽ താൽപര്യമുള്ളവരാണ് മിക്കവരും. ഇതും ശരീരത്തിൽ ഉപ്പിന്റെ അളവ് വർധിക്കാൻ കാരണമാകും. പുറത്തുനിന്നുള്ള ഭക്ഷണങ്ങളിൽ ഏറിയ പങ്കും എരിവും ഉപ്പും പുളിയുമൊക്കെ അമിതമായി ഉള്ളവയാകും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ
Content Highlights: Is salt bad? Cardiologist Dr. Sanjay Bhojraj explains the nuanced truth about salt intake, essential electrolytes, and why doctor consultation is crucial before restriction.
Published: 31 Jan 2026, 04:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented