ഭക്ഷണകാര്യങ്ങളിൽ മുമ്പത്തെ അപേക്ഷിച്ച് കൃത്യമായ തിരഞ്ഞെടുപ്പുകൾ ഉള്ളവരാണ് പുതിയ തലമുറയിലുള്ളവരേറെയും. പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളോട് പ്രത്യേകമമതയുള്ളവരുമുണ്ട്. പ്രോട്ടീൻ ധാരാളമായുള്ള ഭക്ഷണങ്ങൾ പരമാവധി കഴിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ പ്രോട്ടീൻ അമിതമായി കഴിച്ച് വ്യായാമമില്ലാതെ ഉദാസീനമായ ജീവിതം നയിക്കുന്നവരാണെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു പറയുകയാണ് പുതിയൊരു പഠനം. സെൽപ്രസ് ബ്ലൂ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

To advertise here,

അമേരിക്കയിലെ വിസ്കോൻസിൻ മാഡിസണിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രോട്ടീൻ കഴിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതും ഗുണംചെയ്യുമെന്നാണ് പഠനം പറയുന്നത്. ചിലസാഹചര്യങ്ങളിൽ ആയുസ്സ് വർധിപ്പിക്കാനും കുറഞ്ഞ പ്രോട്ടീനുള്ള ഭക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനം പറയുന്നു. പ്രോട്ടീൻ കുറഞ്ഞ ആഹാരം കഴിക്കുന്നത് പെട്ടെന്ന് പ്രായമാകുന്നത് തടയുമെന്നും മെറ്റബോളിസം വർധിപ്പിക്കുകയും കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. 

പേശികളുടെ വളർച്ചയ്ക്കും മറ്റും പ്രോട്ടീൻ അത്യന്താപേക്ഷിതമാണെന്നത് പ്രധാനമാണെങ്കിലും മിക്കയാളുകളും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിനാൽ ആവശ്യത്തിലധികം പ്രോട്ടീൻ ശരീരത്തിലെത്തുന്നത് വിപരീതമായി ബാധിക്കുമെന്നതാണ് യാഥാർഥ്യമെന്ന് പഠനത്തിൽ പങ്കാളിയായ ഗവേഷകൻ ഡ്യൂഡ്ലി ലാമിങ് പറഞ്ഞു.

പ്രോട്ടീൻ നിയന്ത്രണം മെറ്റബോളിസം മെച്ചപ്പെടുത്തുകയും കോശങ്ങൾ പോഷകങ്ങളോട് പ്രതികരിക്കുന്ന രീതി മാറ്റുകയും കോശങ്ങൾ നശിക്കുന്നത് കുറയ്ക്കുകയും ആരോഗ്യകരമായ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പ്രായമാകൽ മന്ദഗതിയിലാകും എന്നാണ് ഗവേഷകർ പറയുന്നത്.

പ്രോട്ടീൻ ഉപഭോഗം കുറയുമ്പോൾ ഫൈബ്രോബ്ലാസ്റ്റ് ഗ്രോത്ത് ഫാക്ടർ 21 (FGF21) എന്ന ഹോർമോൺ വർധിക്കുകയും അതുവഴി ശരീരം ഊർജം ഉപയോഗിക്കുന്നത് കൂട്ടുകയും രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു. ഉദാസീനമായ ജീവിതം നയിക്കുന്നവർ പ്രോട്ടീന്റെ അളവ് കൂട്ടുന്നത് ദോഷകരമായി ബാധിക്കുമെന്നത് വ്യക്തമാണെന്നാണ് ഗവേഷകർ പറയുന്നത്.

ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഉയർന്ന പ്രോട്ടീൻ ആവശ്യകതകളുണ്ടെങ്കിലും വെറുതെയിരിക്കുന്നവരിൽ അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പ്രതീക്ഷിക്കുന്നത്ര ആരോഗ്യ ഗുണങ്ങൾ നൽകില്ലെന്നും ഗവേഷകർ പറയുന്നു. കായികമേഖലയിലുള്ളവർ ധാരാളം പ്രോട്ടീൻ കഴിക്കുമെങ്കിലും സ്ഥിരമായ വ്യായാമമാണ് മെറ്റബോളിക് രോഗങ്ങൾ വരാതെ അവരെ സംരക്ഷിക്കുന്നത്. സമീപകാലത്തുവരുന്ന ആരോഗ്യനിർദേശങ്ങളിൽ പലതും പ്രോട്ടീൻ ധാരാളമായി കഴിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ അതിനനുസരിച്ച് വ്യായാമം ചെയ്യേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നുണ്ട്. ശാരീരികമായി എത്രത്തോളം സജീവമായിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവണം പ്രോട്ടീന്റെ അളവ് നിശ്ചയിക്കേണ്ടതെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.