വർക്കൗട്ടിനിടെ കുഴഞ്ഞുവീണു മരിച്ച വാർത്തകൾ അടുത്തിടെയായി നിരവധി പുറത്തുവരുന്നുണ്ട്. പലപ്പോഴും തിരിച്ചറിയപ്പെടാതെപോകുന്ന ഹൃദ്രോഗങ്ങളാണ് അത്തരം മരണങ്ങളിലേക്കു നയിക്കുന്നത്. ആരോഗ്യകരമായ ശരീരത്തിന് വ്യായാമം അനിവാര്യമാണെങ്കിലും വ്യായാമം കൂടുന്നതും തയ്യാറെടുപ്പുകളില്ലാതെ വ്യായാമം ചെയ്യുന്നതും അത്ര നല്ലതല്ല. മൂന്നുമണിക്കൂറോളം വ്യായാമം ചെയ്ത മുപ്പത്തിയഞ്ചുകാരന് ഹൃദയസ്തംഭനം ഉണ്ടായതിനേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് ഇന്റേ‍ർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. പ്രിയം ബൊർദൊലോയ്.

To advertise here,

മാസങ്ങളാളോളം വ്യായാമമില്ലാതെ കഴിഞ്ഞിരുന്ന യുവാവാണ് മൂന്നുമണിക്കൂറോളം തുടർച്ചയായി വർക്കൗട്ട് ചെയ്തത്. പിന്നാലെ പേശികൾ വീക്കംവെക്കുകയും വേദനാജനകമാവുകയും ചെയ്തു. മൂത്രത്തിന് കടുംനിറമായതോടെയാണ് യുവാവ് സംഗതി ഗൗരവകരമായി കാണുന്നത്. ആ രാത്രിയിൽ തന്നെ ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്തു. വൃക്കയുടെ പ്രവർത്തനം തകരാറിലായതാണ് മൂത്രത്തിന്റെ നിറംമാറാൻ കാരണം. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവുകൂടിയതുമൂലമാണ് ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതെന്നും ഡോക്ടർ പറയുന്നു.

റാബ്ഡോമയോലൈസിസ് എന്ന ഗുരുതരമായ അവസ്ഥയാണ് ഇതിനുപിന്നിൽ. കഠിനമായ വ്യായാമത്തിനു പിന്നാലെയാണ് ഇതുണ്ടാകുന്നത്. കഠിനമായ വ്യായാമം പേശികളുടെ ആരോഗ്യം തകരാറിലാക്കുകയും മയോഗ്ലോബിൻ, പൊട്ടാസ്യം എന്നിവയുൾപ്പെടെ വലിയ അളവിൽ രക്തത്തിലേക്ക് പുറന്തള്ളുകയും ചെയ്യും. പേശീകോശങ്ങൾക്കുള്ളിൽ കാണപ്പെടുന്ന പ്രോട്ടീനായ മയോഗ്ലോബിൻ വൃക്കകളിൽ അടിഞ്ഞുകൂടാനും വൃക്കയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനും ഇടയാക്കും. ഇതുമൂലമാണ് മൂത്രം ഇരുണ്ടനിറത്തിൽ പ്രകടമാകുന്നത്. പേശികളിൽ നിന്ന് അമിതമായി പൊട്ടാസ്യം പുറന്തള്ളുന്നതിലൂടെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ നില ഉയരാനും ഹൃദയാരോഗ്യം തകരാറിലാകാനും ഇടയാക്കും. നിസ്സാരമാക്കിയാൽ ഹൃദയമിടിപ്പിന്റെ ക്രമം തെറ്റാനും ഹൃദയസ്തംഭനത്തിനും കാരണമാകും.

തയ്യാറെടുപ്പില്ലാതെ പെട്ടെന്ന് കഠിനവ്യായാമം ചെയ്യുന്നത് റാബ്ഡോമയോലൈസിസിനു കാരണമാകുമെന്നും കരുതൽ വേണമെന്നും ഡോക്ടർ പറയുന്നു. ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ വൃക്കരോഗത്തിനും കാരണമാകും. പേശികളിൽ വീക്കവും ബലഹീനതയും, പേശികളിൽ വേദന, ഇരുണ്ട നിറത്തിലുള്ള മൂത്രം, ഓക്കാനം, ഛർദ്ദി, അബോധാവസ്ഥയിലാവുക തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്

ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.

എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.

ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.

ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.

പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.

നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.

വാം അപ് നിർബന്ധം

വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.

വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.

മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.

ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.

അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്‌, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.

വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.