റോം: കോവിഡ് പ്രതിരോധവാക്സിനെടുക്കുന്നവര്‍ക്ക് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ഹൃദയസത്ംഭനം തുടങ്ങിയവയൊക്കെ ഉണ്ടാകുമോ എന്ന ആശങ്ക വ്യാപകമാണ്. എന്നാല്‍ വാക്സിന്‍ എടുക്കുന്നതുമൂലം ഇവയൊന്നും ഉണ്ടാകില്ല എന്ന് ഗവേഷകര്‍ ഇപ്പോള്‍ ഉറപ്പിച്ചുപറഞ്ഞിരിക്കയാണ്. 

To advertise here,

'വാക്സിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇപ്രകാരം പറയുന്നത്. ഇറ്റാലിയന്‍ പ്രവിശ്യയായ പെസ്‌കാരയിലെ ആളുകളില്‍ തുടര്‍ച്ചയായ 18 മാസം നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്. ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബൊളോണയിലുള്ള ഗവേഷകസംഘമാണ് ഈ വിഷയത്തില്‍ പരീക്ഷണം നടത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പള്‍മോണറി എംബോളിസം, ത്രോംബോസിസ് മുതലായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യതയാണ് പരിശോധിച്ചത്. 

വാക്‌സിന്‍ എടുത്തവരില്‍ ഇത്തരം അസുഖങ്ങള്‍ വരാനുള്ള സാധ്യത താരതമ്യേന കൂടുതലില്ല എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ബൊളോണയിലെ പ്രൊഫസര്‍ ലംബേര്‍ട്ടോ മന്‍സോളി പറഞ്ഞത്. വ്യത്യസ്ത പ്രായം, ജെന്‍ഡര്‍, പരിശോധനാചരിത്രം എന്നിവയുള്ളവരിലായിരുന്നു പരീക്ഷണം. വാക്‌സിന്‍ എടുത്തവരിലെ അസുഖബാധിതരുടേയും മരിച്ചവരുടേയും എണ്ണം വാക്‌സിന്‍ എടുക്കാത്തവരേക്കാള്‍ കുറവാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കൊറോണാ വൈറസില്‍ നിന്ന് കൂടുതല്‍ സുരക്ഷിതര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും പഠനത്തില്‍ തെളിഞ്ഞു. 

മൂന്നോ അതില്‍ക്കൂടുതലോ വാക്‌സിന്‍ എടുത്തവരില്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്. ഇതുവരെ കോവിഡ് വന്നിട്ടില്ലാത്തവരിലും ആദ്യത്തെ ഒന്നോ രണ്ടോ വാക്‌സിനുകള്‍ മാത്രം എടുത്തവരിലുമാണ് അസുഖങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യത. വാക്‌സിന്റെ ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവരില്‍ കൂടുതല്‍പ്പേരും ഡോസ് പൂര്‍ത്തീകരിക്കുന്നതിനു മുന്നേ മരിച്ചുപോയവരോ അല്ലെങ്കില്‍ മറ്റേതെങ്കിലും അസുഖം മൂലം എടുക്കാന്‍പറ്റാതെ പോയവരോ ആണെന്നും പ്രൊഫ. ലംബേര്‍ട്ടോ വ്യക്തമാക്കി.