പശുവിന്റെ അകിടിൽ നിന്ന് നേരിട്ട് പാൽ കുടിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലായിരുന്നു. രക്ഷിതാവ് തന്നെയാണ് കുട്ടിയെ കൈകളിലെടുത്ത് പശുവിന്റെ അകിടിൽ നിന്ന് നേരിട്ട് പാൽ കുടിപ്പിക്കുന്നത്. എന്നാൽ എത്രത്തോളം അപകടകരമാണ് ഈ രീതിയെന്ന് വ്യക്തമാക്കുകയാണ് സാമൂഹികമാധ്യമത്തിൽ ലിവർ ഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഡോ.സിറിയക് അബി ഫിലിപ്സ്.
ശരീരത്തിന് ആവശ്യമായ കാൽസ്യവും പ്രോട്ടീനുമൊക്കെ നൽകുന്നതിൽ പാലിന്റെ സ്ഥാനം വലുതാണ്. എന്നാൽ ശരിയായ രീതിയിലല്ല പാൽ ഉപയോഗിക്കുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. തിളപ്പിക്കുകയോ, പാസ്ചറൈസ് ചെയ്യുകയോ ചെയ്യാത്ത പാൽ സുരക്ഷിതമെന്ന് കരുതി ഉപയോഗിക്കുന്നവർ ഏറെയാണ്. അത്തരക്കാർക്ക് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുകയാണ് ലിവർ ഡോക്ടർ. നിങ്ങളുടെ കുട്ടികൾക്ക് ദയവുചെയ്ത് മൃഗത്തിൽ നിന്ന് നേരിട്ടെടുക്കുന്ന പാൽ കൊടുക്കരുത് എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ഇത്തരത്തിലെടുക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നില്ലെന്നാണ് ഡോക്ടർ പറയുന്നത്. എപ്പോഴും പാസ്ചറൈസ് ചെയ്ത പാൽ ഉപയോഗിക്കൂ എന്നും അല്ലാത്തപക്ഷം ഉപദ്രവകാരികളായ സൂക്ഷ്മാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമെന്നും ഡോക്ടർ കുറിക്കുന്നുണ്ട്.
അസംസ്കൃത പാൽ കുട്ടികൾക്ക് കൊടുക്കുന്നതിലൂടെ ഇ.കോളി ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നും ദിവസങ്ങൾക്കുള്ളിൽ കുട്ടിക്ക് കടുത്ത വേദനയും രക്തം കലർന്ന വയറിളക്കവും ഉണ്ടാവുമെന്നും ഡോക്ടർ പറയുന്നു. പതിയെ മറ്റൊരു മുന്നറിയിപ്പും ഇല്ലാതെ തന്നെ വൃക്കയുടെ പ്രവർത്തനം തകരാറിലാവും. മൂത്രമൊഴിക്കുന്നത് നിൽക്കുകയും ചർമം വിളറുകയും ചെയ്യും. ഐസിയു ബെഡിൽ അനക്കമില്ലാതെ കിടക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും ഡോക്ടർ കുറിക്കുന്നു. ടോക്സിനുകൾ മസ്തിഷ്കത്തിലേക്ക് എത്തുന്നതോടെ അപസ്മാരവും ഉണ്ടാകും. ഇതെല്ലാം സംഭവിക്കുന്നത് അണുവിമുക്തമാക്കാത്ത ഒരു ഗ്ലാസ് പാൽ ഉപയോഗിക്കുന്നതിലൂടെയാണെന്നും അദ്ദേഹം കുറിക്കുന്നു.
കുട്ടികൾക്ക് നല്ലരീതിയിൽ വളരാൻ ശാസ്ത്രീയ അവബോധമുള്ള യുക്തിപരമായി ചിന്തിക്കുന്ന മാതാപിതാക്കളാകൂ എന്നും പറഞ്ഞാണ് ഡോ.അബി കുറിപ്പ് അവസാനിപ്പിക്കുന്നത്.
പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാത്ത പാൽ അപകടകാരിയാകുന്നതെങ്ങനെ?
പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാത്ത പാൽ ഒരിക്കലും നേരിട്ട് കുടിക്കരുത്. പാലിൽ ഉണ്ടാകാവുന്ന ശരീരത്തിന് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനാണ് പാസ്ചറൈസ് ചെയ്യുകയോ, തിളപ്പിക്കുകയോ ചെയ്യുന്നത്. അണുവിമുക്തമാക്കാത്ത പാലിലൂടെ ഇ.കോളി, സാൽമോണെല്ല, ലിസ്റ്റീരിയ മോണോസൈറ്റോജിൻസ് തുടങ്ങിയ ബാക്ടീരിയകൾ ശരീരത്തിലെത്തും. ഇ.കോളി കടുത്ത വയറുവേദന, വയറിളക്കം, ഛർദി എന്നിവയ്ക്ക് കാരണമാകുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും. സാൽമോണെല്ല വയറിളക്കം, പനി, അടിവയറുവേദന എന്നിവയിലേക്ക് നയിക്കും. ലിസ്റ്റീരിയ മോണോസൈറ്റോജിൻസ് ലിസ്റ്റെറിയോസിസ് എന്ന അണുബാധയ്ക്ക് കാരണമാകും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ അണുവിമുക്തമാക്കാത്ത പാൽ കുടിക്കുന്നത് അപകടാവസ്ഥയിലേക്ക് നയിക്കും.
Content Highlights: doctor warns about the dangers of unpasteurized milk and its impact on children`s health.
Published: 23 Jul 2025, 07:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented