സ്ത്രീകൾക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നതും പരിശോധന നടത്താനും തക്കസമയത്തു ചികിത്സ തേടാനും മടിക്കുന്ന ഒരു രോഗമാണ് ഗർഭാശയത്തിലെ മുഴകൾ (ഫൈബ്രോയ്ഡ്‌സ്). മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതൽ കണ്ടു വരുന്നത്. പയറുമണി മുതൽ ചെറിയ ഫുട്‌ബോളിന്റെ വരെയത്ര വലുപ്പം വയ്ക്കാവുന്നവയാണ് ഫൈബ്രോയിഡുകൾ.
ഇപ്പോഴിതാ, അടുത്തിടെ കണ്ട ഒരു അപൂർ ഫൈബ്രോയിഡ് കേസിനെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. ലക്ഷ്മി ഗോയൽ. കൃത്യമായ ആർത്തവചക്രമുള്ള ഒരു 30-കാരിക്ക് രണ്ട് വർഷത്തിനിടെ രണ്ട് തവണ അബോർഷൻ സംഭവിച്ചിരുന്നു. മൂത്ര സംബന്ധമായതോ, കുടൽ സംബന്ധമായതോ ആയ പ്രശ്നങ്ങളും ഇല്ലായിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് 16 കിലോഗ്രാം ഭാരമുള്ള ഒരു ഫൈബ്രോയിഡ് ഇവരിൽ കണ്ടെത്തിയതെന്ന് ഡോക്ടർ ഹെൽത്ത് ഷോട്സിനോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഗർഭാശയത്തിലെ അർബുദമല്ലാത്ത വളർച്ചകളാണ് ഫൈബ്രോയിഡ്. ഇവയ്ക്ക് 10-15 കിലോഗ്രാമിന് മുകളിൽ ഭാരമുണ്ടാകുന്നത് അസാധാരണമാണ്. ഫൈബ്രോയിഡുള്ള സ്ത്രീകളിൽ ഏകദേശം 1000 പേരിൽ ഒരാൾക്ക് മാത്രമാണ് ഇത് സംഭവിക്കുന്നതെന്നാണ് ജേണൽ ഓഫ് മെഡിക്കൽ കേസ് റിപ്പോർട്ടിൽ പറയുന്നത്.
'ഫൈബ്രോയിഡുകൾ വളരെ സാധാരണമാണ്. 50 വയസ്സിനുള്ളിൽ 60-70% സ്ത്രീകളെ ഇത് ബാധിക്കുന്നു. എന്നാൽ ഇത്ര വലിയ ഫൈബ്രോയിഡുകൾ വളരെ അപൂർവമാണ്. 10 കിലോയോ അതിൽ കൂടുതലോ ഭാരമുള്ള വലിയ ഫൈബ്രോയിഡുകൾ 1% ൽ താഴെ മാത്രം കേസുകളിലാണ് സംഭവിക്കുന്നത്. പലപ്പോഴും പരിശോധനകളിലെ പിഴവുകൊണ്ടോ ലക്ഷണങ്ങളില്ലാത്തതിനാലോ ഇവ വർഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോകുന്നു', ഡോക്ടർ പറഞ്ഞു.
എന്താണ് ഫൈബ്രോയിഡുകൾ?
കട്ടി കൂടിയ ടിഷ്യൂകളാണ് ഫൈബ്രോയിഡുകൾ. ഗർഭാശയത്തിൽ പലതരം ഫൈബ്രോയിഡുകൾ വളരാറുണ്ട്. ഇവയെ ഇൻട്രാമ്യൂറൽ, സബ്സെറോസൽ, സബ്മ്യൂകോസൽ, സെർവിക്കൽ ഫൈബ്രോയിഡുകൾ എന്ന് വേർതിരിക്കാം. ഗർഭാശയ ഭിത്തിയുടെ പുറത്ത് വളരുന്ന ഇൻട്രാമ്യൂറൽ ഫൈബ്രോയിഡുകൾ ആണ് വലുപ്പം കൂടാൻ സാധ്യതയുള്ള മുഴ.
എന്തെല്ലാമാണ് ലക്ഷണങ്ങൾ ?
ആർത്തവം ക്രമം തെറ്റുക, കടുത്ത രക്തസ്രാവം, മാസമുറ രക്തം കട്ടയായി കാണപ്പെടുക, മലബന്ധം, അരക്കെട്ടിന്റെ വണ്ണം വർദ്ധിക്കുക, വയറു വേദന, പുറം വേദന, കാൽ വേദന, വിളർച്ച ഇങ്ങനെ സാധാരണ സ്ത്രീകളിലൊക്കെ കാണപ്പെടാവുന്ന സാമാന്യ ലക്ഷണങ്ങൾ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.
ഗർഭപാത്രത്തിനകത്തേക്കു വളരുന്ന ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഗർഭധാരണം തടസപ്പെടുക, ഗർഭ കാലയളവിൽ ചിലർക്ക് മാസം തികയാതെ പ്രസവിക്കുക, ഗർഭം അലസൽ, പ്രസവ വൈഷമ്യങ്ങൾ എന്നിവ ഉണ്ടാകാറുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയും മറ്റുചിലപ്പോൾ ഒട്ടും മൂത്രം ഒഴിക്കാൻ സാധിക്കാതെ വരികയോ ചെയ്തിട്ടു പരിശോധിക്കുമ്പോൾ ഫൈബ്രോയിഡുകൾ കണ്ടെത്താറുമുണ്ട്.
ഫൈബ്രോയിഡുകൾ എങ്ങനെ കണ്ടെത്താം?
രോഗിക്ക് ഫൈബ്രോയിഡോ, ഗ്രോത്തോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഡോക്ടർ അൾട്രാസൗണ്ട് സ്‌കാൻ നിർദ്ദേശിക്കാറുണ്ട്. മുഴയുടെ വലുപ്പം, ഗർഭപാത്രത്തിന്റെ ഏത് ഭാഗത്താണ് ഉണ്ടാകുന്നത്, മൂത്രനാളിക്കു പുറമെ മർദ്ദം ഏല്പിക്കുന്നുണ്ടോ, അപകടകാരിയോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഡോക്ടർ ചികിത്സ നിശ്ചയിക്കുന്നത്. ആർത്തവ വിരാമം അടുക്കുന്തോറും മുഴയുടെ വലുപ്പം കുറഞ്ഞു വരാൻ സാധ്യതയുണ്ട്. ഫൈബ്രോയിഡുകളെ കുറിച്ചുള്ള വ്യക്തമായ രൂപം ലഭിക്കുന്നതിനും അപകടകാരിയാണോ എന്ന് കൂടുതൽ മനസിലാക്കുന്നതിനും ചിലപ്പോൾ എംആർഐ നിർദ്ദേശിക്കാറുമുണ്ട്.
Content Highlights: Learn about a rare case of a 16kg uterine fibroid diagnosed in a young woman. Dr. Laxmi Goel, a top fertility expert, shares insights. Read now!
Published: 05 Jan 2026, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented