മലയാളികളുടേയും പ്രിയപ്പെട്ട നടനും ചലച്ചിത്രകാരനുമാണ് ബോളിവുഡ് താരം രാകേഷ് റോഷൻ. ഇപ്പോഴിതാ, അപ്രതീക്ഷിതമായി തനിക്ക് നേരിടേണ്ടി വന്ന ഒരു രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം. സ്വന്തം ഇൻസ്റ്റഗ്രാമിലൂടെയാണ് രാകേഷ് റോഷൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ തലച്ചോറിലേക്കുള്ള രണ്ട് കരോട്ടിഡ് ധമനികളിലും 75 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയതായാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 'രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ലെങ്കിലും പതിവായുള്ള പരിശോധനയ്ക്കിടയിലാണ് ഡോക്ടർമാർ വിഷയം കണ്ടെത്തിയത്. ഹൃദയത്തിൻ്റെ സോണോഗ്രാഫി കൂടാതെ കഴുത്തിൻ്റെ സോണോഗ്രാഫി കൂടെ ചെയ്യാൻ ഡോക്ടർ നിർദേശിച്ചപ്പോഴാണ് പ്രശ്നം കണ്ടെത്തിയത്. അവഗണിച്ചിരുന്നെങ്കിൽ, അപകടകരമായ അവസ്ഥയായേനെ', ആശുപത്രി ജീവനക്കാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
'ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ച് പ്രതിരോധത്തിനുള്ള നടപടികൾ ചെയ്തു. ഇപ്പോൾ സുഖം പ്രാപിച്ചു വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. ഉടൻ തന്നെ വ്യായാമങ്ങളിലേക്ക് മടങ്ങിവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണം. 45-50 വയസ്സിന് മുകളിലുള്ള എല്ലാവരും ഹാർട്ട് സിടി-യും, കരോട്ടിഡ് ബ്രെയിൻ ആർട്ടറി സോണോഗ്രാഫിയും നിർബന്ധമായും ചെയ്യേണ്ടതാണ്. ചികിത്സിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് പ്രതിരോധമാണ്', രാകേഷ് റോഷൻ കൂട്ടിച്ചേർത്തു.
എന്താണ് കരോട്ടിഡ് ആർട്ടറി ഡിസീസ്?
തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നമാണ് കരോട്ടിഡ് ആർട്ടറി ഡിസീസ്. ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. രോഗലക്ഷണം പ്രകടമായി പരമാവധി 3-4 ആഴ്ചയ്ക്കുള്ളിൽ തന്നെ ചികിത്സ തേടേണ്ടതാണ്. ധമനികളിൽ ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യുകയോ (Carotid Endarterectomy) അല്ലെങ്കിൽ കരോട്ടിഡ് ആർട്ടറി സ്റ്റെന്റിംഗ് ചെയ്തോ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
Content Highlights: Rakesh Roshan's Health Scare: Actor Highlights Importance of Carotid Artery Screening
Published: 22 Jul 2025, 12:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented