ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ആശയവിനിമയം എളുപ്പമാക്കാനും തൊഴിലവസരങ്ങളിൽ മുന്നിട്ടു നിൽക്കാനുമൊക്കെ ഭാഷ സഹായിക്കും. എന്നാൽ ഇതുമാത്രമല്ല മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒന്നിലധികം ഭാഷ പഠിക്കുന്നത് സഹായിക്കുമെന്ന് പറയുകയാണ് ഗവേഷകർ.

To advertise here,

ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യുന്നവരുടെ മസ്തിഷ്കം ചെറുപ്പവും ആരോഗ്യകരവുമായി തുടരുമെന്ന് പഠനം പറയുന്നു. പുതിയ ഭാഷകൾ പഠിക്കാൻ ശ്രമിക്കുന്നതിലൂടെ പുതിയ വാക്കുകൾ ഓർത്തെടുക്കുകയും വ്യാകരണം പഠിക്കുകയും ചെയ്യും. ഇതിലൂടെ നിരന്തരം മസ്തിഷ്കം പ്രവർത്തിക്കുന്നതിനാൽ ഗുണംചെയ്യുമെന്നാണ് കരുതുന്നത്.

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ജെന്യൂറോസി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷും ഇംഗ്ലീഷും സംസാരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരായിരുന്നു പഠനത്തിൽ പങ്കാളികളായത്. എംഇജി( magnetoencephalography)യിലൂടെ പഠനത്തിൽ ഭാഗമായവരുടെ ഭാഷാവിനിമയശേഷിയും മസ്തിഷ്കത്തിന്റെ പ്രവർത്തനവും വിലയിരുത്തിയാണ് പഠനം നടത്തിയത്.

പുതിയ ഭാഷ പഠിക്കുന്നത് ശ്രദ്ധ കൂട്ടുകയും ഓർശക്തി വർധിപ്പിക്കുകയും കാര്യനിർവഹണശേഷി കൂട്ടുകയും ചെയ്യുമെന്നു ഗവേഷകർ പറയുന്നു. എത്രത്തോളം പുതിയ ഭാഷ പഠിക്കാൻ തയ്യാറാകുന്നോ അത്രത്തോളം പ്രായംകുറവും തോന്നിക്കും. നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെ മസ്തിഷ്കം മറ്റുള്ളവരെ അപേക്ഷിച്ച് ചെറുപ്പമായിരിക്കുമെന്നും ഗവേഷകർ പറയുന്നു.

വ്യത്യസ്ത സന്ദർഭങ്ങളിൽ രണ്ട് ഭാഷകൾ സജീവമായി ഉപയോഗിക്കുന്ന ഒരാൾക്ക് അവ അപൂർവ്വമായി ഉപയോഗിക്കുന്ന ഒരാളേക്കാൾ വൈജ്ഞാനികശേഷി കൂടുതലുണ്ടാവും. ‍ഒരു വ്യക്തിക്ക് എത്ര ഭാഷകൾ അറിയാം എന്നതിനേക്കാൾ ആ ഭാഷകൾ എത്രത്തോളം ആഴത്തിൽ, വഴക്കത്തോടെ, പതിവായി ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്നു എന്നതാണ് മസ്തിഷ്കാരോഗ്യത്തിന് ഗുണംചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു.