
ഒന്ന് ഓർത്ത് നോക്കു, ഇന്ന് നമുക്കെത്രപേർക്ക് എന്തെങ്കിലും വായിക്കുമ്പോൾ കുറച്ച് വരികൾക്കപ്പുറവും ശ്രദ്ധ അവിടെ തന്നെ നിലനിർത്താൻ സാധിക്കാറുണ്ട്. മിക്കവാറും ഈ വാചകം വായിച്ചുതീർക്കാൻ വേണ്ട നിമിഷങ്ങൾക്കകം തന്നെ മറ്റെന്തെങ്കിലും ചിന്തകൾ നമ്മുക്കുള്ളിൽ കടന്നുപോയിട്ടുണ്ടാകും. ഒന്ന് ചെയ്യുമ്പോൾ എത്ര തവണ നിങ്ങളുടെ ശ്രദ്ധ വേറെ പലതിലേക്കും പാറിപ്പോയി? അക്ഷമയോടെ അടുത്തതിലേക്ക് സ്ക്രോൾ ചെയ്യാൻ വിരലുകൾ തുടിക്കുന്നുണ്ട്? എങ്കിൽ ഓർക്കുക, നിങ്ങളും ഒരു 'ഡിജിറ്റൽ കെണിയിൽ' വീണു കഴിഞ്ഞിരിക്കുന്നു. അത് ഇന്ന് ഒരാളുടെയോ ചുരുക്കം ചിലരുടെയോ മാത്രം കാര്യമല്ല, ഇപ്പോഴത്തെ തലമുറയിലെ ഭൂരിഭാഗം പേരും ഈ അവസ്ഥയിൽ ആണെന്നതാണ് ഇന്നത്തെ ഭീകരാവസ്ഥ.
15 മുതൽ 60 സെക്കൻഡ് വരെയുള്ള കുട്ടി വിഡിയോകളുടെയും റീലുകളുടെയും മാസ്മരിക ലോകം ഇന്നത്തെ തലമുറയുടെ ശ്രദ്ധാശേഷിയെ (അറ്റെൻഷൻ സ്പാൻ) പാടെ തകർത്തിരിക്കുകയാണ്. ആഴത്തിലുള്ള ചിന്തകൾക്കോ വായനയ്ക്കോ സമയമില്ലാതെ, നിമിഷനേരം കൊണ്ട് മാറുന്ന ഫീഡുകൾക്ക് പിന്നാലെ പായുന്ന കുട്ടികളുടെ തലച്ചോറ് യഥാർത്ഥത്തിൽ മാറ്റി നിർമ്മിക്കപ്പെടുകയാണ്—അഥവാ 'ഡിജിറ്റൽ ബ്രെയിൻ റീവയറിംഗിന്' വിധേയമാവുകയാണ്.
ഡിജിറ്റൽ ബ്രെയിൻ റീവയറിംഗ്
കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറ് വളർച്ചയുടെയും മാറ്റങ്ങളുടെയും ഘട്ടത്തിലാണ്. ഈ പ്രായത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടാവുന്നത് കാരണം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അഡിക്റ്റീവ് ഡിസൈനുകൾ അവരുടെ ചിന്താശേഷിയെ ദോഷകരമായി ബാധിക്കുന്നു. സ്വയംനിയന്ത്രണം, തീരുമാനങ്ങൾ എടുക്കൽ, ദീർഘവീക്ഷണം എന്നീ കഴിവുകൾ വികസനത്തിന്റെ ഘട്ടത്തിലായതിനാൽ കുട്ടികൾ ഇതിന്റെ അപകടങ്ങളിലേക്ക് എളുപ്പത്തിൽ വീണുപോകുന്നു.
ക്ഷയിക്കുന്ന ശ്രദ്ധാശേഷി: നിമിഷങ്ങൾക്കകം മാറുന്ന റീലുകൾ നിരന്തരം കാണുന്നത് വഴി തലച്ചോറ് വേഗതയ്ക്ക് പ്രാധാന്യം നൽകാനും ആഴത്തിലുള്ള ചിന്തകളെ തള്ളിക്കളയാനും ശീലിക്കുന്നു. ഇത് കുട്ടികളിൽ കടുത്ത ഏകാഗ്രതക്കുറവ് ഉണ്ടാക്കുന്നു.
മാറ്റം വരുത്തുന്ന ഡോപമിൻ: ആൽഗോരിതങ്ങൾ നൽകുന്ന അപ്രതീക്ഷിത ലൈക്കുകളും കാഴ്ച്ചകളും തലച്ചോറിൽ 'ഡോപമിൻ' ഹോർമോണിന്റെ വലിയ പ്രവാഹമുണ്ടാക്കുന്നു. ഇത് തൽക്ഷണ സംതൃപ്തിക്ക് അടിമപ്പെടാനും ക്ഷമയും കഠിനാധ്വാനവും ആവശ്യമുള്ള കാര്യങ്ങളിൽ നിന്ന് കുട്ടികൾ പിന്തിരിയാനും കാരണമാകുന്നു.
ഡിജിറ്റൽ അഡിക്ഷൻ: ചെറുപ്രായത്തിൽ തന്നെ ഉണ്ടാകുന്ന ഈ അമിത ഉപയോഗം മുതിർന്നാലും മാറ്റിയെടുക്കാൻ കഴിയാത്ത വിധം തലച്ചോറിലെ ശീലങ്ങളെ ദൃഢമാക്കുന്നു.
മാനസികാരോഗ്യവും വ്യക്തിത്വ തകർച്ചയും
സോഷ്യൽ മീഡിയ കുട്ടികളുടെ വൈകാരിക ലോകത്തെയും സ്വത്വബോധത്തെയും വലിയ രീതിയിൽ ഉലയ്ക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് "കംപെയർ ആൻഡ് ഡെസ്പെയർ" അഥവാ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നിരാശപ്പെടൽ.
യഥാർഥ്യബോധമില്ലാത്ത ജീവിതശൈലികളും ആൽഗോരിത കുമിളകളും: സോഷ്യൽ മീഡിയ ഫീഡുകൾ എപ്പോഴും കാണിക്കുന്നത് തിളക്കമാർന്ന, എഡിറ്റ് ചെയ്ത, കൃത്രിമമായ വിജയങ്ങളുടെയും സൗന്ദര്യത്തിന്റെയും ചിത്രങ്ങളാണ്. തങ്ങളുടെ ഐഡന്റിറ്റി രൂപപ്പെടുന്ന ഘട്ടത്തിലുള്ള കുട്ടികൾ ഇവ കാണുമ്പോൾ "ഞാനും ഇതുപോലെയാണോ?" എന്ന ചിന്തയിലേക്ക് വഴുതിവീഴുന്നു. കൂടാതെ, ഒരാൾ ഇൻസെക്യൂരിറ്റി കാരണം ഇത്തരം ഫിറ്റ്നസ്/ബ്യൂട്ടി വിഡിയോകൾ കാണാൻ തുടങ്ങിയാൽ, ആൽഗോരിതം അതേപോലെയുള്ള കൂടുതൽ വിഡിയോകൾ ആ കുട്ടിയുടെ ഫീഡിലേക്ക് എത്തിച്ച് അപകർഷതാബോധം ഇരട്ടിയാക്കാൻ ഇടയാക്കുന്നു.
ഫിറ്റ്നസ് ഇൻഫ്ലുവൻസർമാരുടെ എഡിറ്റ് ചെയ്ത വിഡിയോകൾ നിരന്തരം കണ്ടതുമൂലം സ്വന്തം ശരീരത്തെക്കുറിച്ച് കടുത്ത ആശങ്കയും ഉത്കണ്ഠയും അനുഭവപ്പെടുക.
ആത്മവിശ്വാസമുള്ള കുട്ടിയായിരുന്നിട്ടും, സോഷ്യൽ മീഡിയയിലെ കൃത്രിമമായ ജീവിതങ്ങൾ കണ്ട് താൻ ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നൽ ഉണ്ടാവുക.
പ്രകടന വ്യക്തിത്വം: ലൈക്കുകളും ഷെയറുകളും ഒരു സോഷ്യൽ കറൻസിയായി മാറുമ്പോൾ, കുട്ടികൾ സ്വന്തം തനിമ മറന്ന് ഡിജിറ്റൽ ലോകത്തെ കൈയടിക്കായി മാത്രം ജീവിക്കാൻ തുടങ്ങുന്നു.
തീരാത്ത അപകർഷതാബോധം: തങ്ങളുടെ പോസ്റ്റുകൾക്ക് പ്രതീക്ഷിച്ച ലൈക്കുകൾ ലഭിക്കാതെ വരുമ്പോൾ കുട്ടികൾ സ്വന്തം മൂല്യത്തെ ചോദ്യം ചെയ്യാനും 'ഞാൻ ആർക്കും വേണ്ടാത്തവനാണ്' എന്ന ചിന്തയിലേക്ക് എത്താനും തുടങ്ങുന്നു.
വിഷാദരോഗവും ഉത്കണ്ഠയും: ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗം കൗമാരക്കാരിൽ കടുത്ത ഉത്കണ്ഠയ്ക്കും വിഷാദരോഗ ലക്ഷണങ്ങൾക്കും കാരണമാകുന്നു.
ശാരീരികവും പെരുമാറ്റപരവുമായ അപകടങ്ങൾ
ഡിജിറ്റൽ ലോകത്തെ അമിത ഉപയോഗം കുട്ടികളുടെ ശാരീരിക സുരക്ഷിതത്വത്തെയും ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്നു.
ഉറക്കമില്ലായ്മ: രാത്രി വൈകിയുള്ള ഉപയോഗവും സ്ക്രീനുകളിൽ നിന്നുള്ള 'ബ്ലൂ ലൈറ്റ്' പ്രസരണവും ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ തകിടം മറിക്കുന്നു. ഇത് വിട്ടുമാറാത്ത ക്ഷീണത്തിനും മാനസികനില തെറ്റുന്നതിനും വഴിവെക്കുന്നു.
അപകടകരമായ ചലഞ്ചുകൾ: പ്രിഫ്രണ്ടൽ കോർട്ടെക്സിന്റെ അപക്വത കാരണം, കൂട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയും വൈറലാകാനും വേണ്ടി 'ബ്ലാക്ക്ഔട്ട് ചലഞ്ച്' പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന വെല്ലുവിളികളിൽ കുട്ടികൾ ചാടിവീഴുന്നു.
സൈബർ ആക്രമണങ്ങളും പബ്ലിക് ഷേമിംഗും: സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ പെട്ടെന്ന് വൈറലാകുന്നതിനാൽ സൈബർ ബുള്ളിയിംഗ് വഴി ലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ പെട്ടെന്ന് അപമാനിതരാകുന്നത് താങ്ങാൻ കുട്ടികളുടെ മനസ്സിന് കഴിയില്ല.
സ്വകാര്യതാ ലംഘനം: തങ്ങളുടെ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും എങ്ങനെ ട്രാക്ക് ചെയ്യപ്പെടുന്നുവെന്നോ അത് പബ്ലിക് പ്രൊഫൈലുകളായി മാറുന്നുവെന്നോ ഉള്ള ഗൗരവം പലപ്പോഴും കുട്ടികൾ തിരിച്ചറിയുന്നില്ല.
വിദ്യാഭ്യാസ രംഗത്തെ തിരിച്ചടികൾ
ആഴമല്ലാത്ത പഠനം: സോഷ്യൽ മീഡിയ ചിലപ്പോൾ കൗതുകം ഉണർത്തുമെങ്കിലും, പെട്ടെന്ന് മാറുന്ന അതിന്റെ സ്വഭാവം കാരണം ആഴത്തിലുള്ള പഠനത്തിനോ ചിന്തയ്ക്കോ വിശകലനത്തിനോ കുട്ടികൾക്ക് സാധിക്കുന്നില്ല.
വ്യാജവിവരങ്ങളുടെ സ്വാധീനം: ശരിയായ വിവരങ്ങളും ആകർഷകമായി സംസാരിക്കുന്ന ഇൻഫ്ലുവൻസർമാരുടെ വ്യാജപ്രചാരണങ്ങളും തമ്മിൽ വേർതിരിച്ചറിയാനുള്ള ഡിജിറ്റൽ സാക്ഷരത കുട്ടികൾക്ക് ഉണ്ടാകാറില്ല.
പരിഹാര മാർഗ്ഗങ്ങൾ: ഡിജിറ്റൽ അടിമത്തത്തിൽ നിന്നും മോചനം
സോഷ്യൽ മീഡിയയുടെ വികസനവും അപകടങ്ങളും തമ്മിലുള്ള ഈ പൊരുത്തക്കേട് മാറ്റാൻ തടസ്സങ്ങൾ വെക്കുകയല്ല, മറിച്ച് ബോധപൂർവ്വമായ ഇടപെടലുകളാണ് ആവശ്യം:
കുട്ടികൾക്ക്
1.ഫീഡ് കൃത്യമായി തിരഞ്ഞെടുക്കുക: നെഗറ്റീവ് ചിന്തകൾ ഉണ്ടാക്കുന്ന അക്കൗണ്ടുകൾ മാറ്റി, നല്ല അറിവ് തരുന്നവ ഫോളോ ചെയ്യുക. ‘നോട്ട് ഇന്ററെസ്റ്റഡ്’ ബട്ടൺ കൃത്യമായി ഉപയോഗിക്കുക.
2.സമയപരിധി നിശ്ചയിക്കുക: ഫോണുകളിലെ സ്ക്രീൻ ടൈം ഫീച്ചർ ഉപയോഗിച്ച് ദിവസേനയുള്ള സമയം പരിമിതപ്പെടുത്തുക (ഉദാഹരണത്തിന് 60 മിനിറ്റ്).
3.ഡിജിറ്റൽ ഡിറ്റോക്സ്: ഭക്ഷണ സമയത്തും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപും ഫോൺ പൂർണ്ണമായി ഒഴിവാക്കി 'ടെക്-ഫ്രീ' സമയങ്ങൾ ശീലിക്കുക.
മാതാപിതാക്കൾക്ക്
1.നിയന്ത്രണത്തിന് പകരം മാർഗ്ഗനിർദ്ദേശം: ഫോണുകൾ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം, കുട്ടികളോടൊപ്പം ഇരുന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളെയും ആൽഗോരിതങ്ങളെയും കുറിച്ച് അവരെ പഠിപ്പിക്കുക.
2.തുറന്ന സംഭാഷണങ്ങൾ: കുട്ടികളുടെ ഡിജിറ്റൽ ലോകത്തെ അനുഭവങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാനും അവരുടെ ആത്മവിശ്വാസം ഓൺലൈൻ ലൈക്കുകളിലല്ല, മറിച്ച് യഥാർത്ഥ ജീവിതത്തിലെ നേട്ടങ്ങളിലാണ് എന്ന് മനസ്സിലാക്കിക്കൊടുക്കാനും ശ്രമിക്കുക.
അധ്യാപകർക്കും സമൂഹത്തിനും
1.ഡിജിറ്റൽ സാക്ഷരത: പാഠ്യപദ്ധതികളിൽ ഡിജിറ്റൽ സാക്ഷരതയും വിമർശനാത്മക ചിന്തയും (ക്രിട്ടിക്കൽ തിങ്കിങ്) ഉൾപ്പെടുത്തുക.
2.നിയമപരമായ സുതാര്യത: ആൽഗോരിതങ്ങളുടെ സുതാര്യത ഉറപ്പാക്കാനും കുട്ടികൾക്ക് ദോഷകരമാകുന്ന കാര്യങ്ങൾ തടയാനും ഉള്ള നിയമനിർമ്മാണങ്ങൾക്കായി അധികാരികൾ ഉണർന്ന് പ്രവർത്തിക്കുക.
സോഷ്യൽ മീഡിയ എന്നത് സാങ്കേതികവിദ്യയുടെ വികാസവും മനുഷ്യന്റെ വിവേകവും തമ്മിലുള്ള ഒരു സങ്കീർണ്ണമായ പ്രതിഭാസമാണ്. അതിനെ കേവലം അടിമത്തമാക്കാതെ ജാഗ്രതയോടെയുള്ള പങ്കാളിത്തമാക്കി മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഒഴുക്കിനൊപ്പം നീന്താതെ, ബോധപൂർവ്വമായ ഇടപെടലുകളിലൂടെ മാത്രമേ വരുംതലമുറയെ ഇതിന്റെ ദൂഷ്യവശങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കൂ.
(കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകനാണ് ലേഖകൻ)
Content Highlights: Explanation of digital brain rewiring caused by short-form video consumption., The role of dopamine in creating addiction to social media algorithms., Impact on mental health, including body image issues and anxiety
Published: 22 Jul 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented