കുട്ടികളില്‍ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസില്‍ പടര്‍ന്നുപിടിക്കുന്നു. മലിനജന സാമ്പിളില്‍ നടത്തിയ പരിശോധനയില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68(d68) വലിയതോതില്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

To advertise here,

നാഡിവ്യൂഹ വ്യവസ്ഥയെ ബാധിക്കാന്‍ ഇടയുള്ള അക്യൂട്ട് ഫ്‌ളാസിഡ് മയലൈറ്റിസ് (എഎഫ്എം) എന്ന അവസ്ഥയുമായി വൈറസിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. കുട്ടികളുടെ കൈകാലുകള്‍ തളര്‍ന്നുപോകുന്ന അവസ്ഥയിലേക്ക് ഇത് നയിച്ചേക്കാം. 

മൂക്കൊലിപ്പ്, ചുമ, തലവേദന പോലുള്ള മിതമായ ലക്ഷണങ്ങളാണ് എന്ററോവൈറസ് പ്രകടിപ്പിക്കാറുള്ളതെങ്കിലും 2014 -ല്‍ ഡി68 വകഭേദം ആദ്യമായി കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കൂടുതല്‍ തീവ്രമായ ലക്ഷണങ്ങള്‍ പ്രകടമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ എ.എഫ്.എം ബാധ മൂലം ശരീരത്തിലുണ്ടാകുന്ന തളര്‍ച്ചക്ക് ചികിത്സ കണ്ടെത്തിയിട്ടില്ല. വൈറസ് പിടിപെട്ട കുട്ടികളില്‍ വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷവും ശാരീരിക അവശതകള്‍ നീണ്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ടുവര്‍ഷത്തെ ഇടവേളയിലാണ് എഎഫ്എം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ ഡി68 വകഭേദം വൈദ്യശാസ്ത്ര രംഗത്ത് നിഗൂഢമായി തുടരുകയാണ്. 2014ലെ ആദ്യ കേസിനു ശേഷം 2016ല്‍ 153 കേസുകളും 2018ല്‍ 238 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതിനാല്‍ 2020ല്‍ 32 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷം 2022ല്‍ വൈറസ് പടര്‍ന്നിരുന്നെങ്കിലും കേസുകള്‍ ഉയര്‍ന്നിരുന്നില്ല. വൈറസിനുണ്ടായ മ്യൂട്ടേഷനോ മനുഷ്യരില്‍ ഡി98 വൈറസിനോടുള്ള പ്രതിരോധശേഷി വര്‍ധിച്ചതോ ആകാം കേസുകള്‍ കുറഞ്ഞതിനു പിന്നിലെ കാരണമെന്ന് ഡോ.കെവിന്‍ മെസാക്കര്‍ പറയുന്നു. 

2024ല്‍ ഇതുവരെ 13 എ.എഫ്.എം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 മുതല്‍ ഇതുവരെ 758 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.