2020- ല്‍ ഇതുപോലൊരു ജനുവരി മാസത്തിലാണ് ചൈനയിലെ വുഹാനില്‍ നിന്നൊരു വൈറസ് ലോകമാകെ പടരുന്നത്. കൊറോണ. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു വൈറസ് ചൈനയെ വിറപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പേര് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്,അഥവാ HMPV. 

To advertise here,

ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കെത്തുന്ന രോഗികളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ നേരത്തേ പ്രചരിച്ചു തുടങ്ങിയിരുന്നു. അന്നു മുതല്‍ ലോകം ജാഗ്രതയോടെ ചൈനയിലേക്ക് ഒരു കണ്ണു തുറന്നു വച്ചിരുന്നു. ചൈനയില്‍ ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നീ രോ?ഗങ്ങള്‍ പടരുന്നുവെന്ന വിവരങ്ങള്‍ ചില എക്‌സ് ഹാന്‍ഡിലുകള്‍ പുറത്തുവിട്ടു. 

ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് വാര്‍ത്തയുണ്ടെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയും, ലോകം ആശങ്കയിലാകുകയും ചെയ്തതോടെ ചൈനാ വിദേശകാര്യവക്താവ് മാവോനിങ്ങിന്റെ  പ്രസ്താവനയെത്തി. ശൈത്യകാലത്ത് സാധാരണ കാണുന്ന ശ്വാസകോശ സംബന്ധമായ അണുബാധ രാജ്യത്ത് പടരുന്നുണ്ട്. അതിന് രോഗതീവ്രത കുറവാണ്. രോഗാവസ്ഥ അത്ര കാര്യമാക്കേണ്ടതില്ലെന്നും യാത്രകള്‍ക്കടക്കം ചൈന സുരക്ഷിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  മാത്രമല്ല മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗങ്ങളുടെ തീവ്രത ചൈനയില്‍ കുറവാണെന്നും അദ്ദേഹം പറയുന്നു

ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതും 14 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍. കോവിഡിന് സമാനമായി ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണ് എച്ച്.എം.പി.വി. എന്നാണ് ഔദ്യോഗിക ഭാഷ്യം.

പ്രായമായവരിലും കുട്ടികളിലും പ്രതിരോധശക്തി കുറഞ്ഞവരിലുമാണ് വൈറസ് ബാധ കടുത്തതാവുക. കോവിഡ് പോലെ ഇതിനും പ്രത്യേകവാക്സിനോ ചികിത്സാരീതിയോ ഇല്ല. ന്യൂമോവിരിഡേ ഗണത്തില്‍ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്. നെതര്‍ലാന്‍ഡ്‌സ്, ബ്രിട്ടന്‍, ഫിന്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, കാനഡ, യുഎസ്, ചൈന എന്നിവിടങ്ങളില്‍ 2023-ല്‍ HMPV കണ്ടെത്തിയിരുന്നു.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രകാരം, സാധാരണയായി എച്ച്എംപിവിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ കാലയളവ്. മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നിവയെല്ലാം രോഗത്തെ തടയാന്‍ സഹായിക്കും. 

എന്നാല്‍ ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ മുന്‍കരുതലുകള്‍ തുടങ്ങിക്കഴിഞ്ഞു. ആശങ്കപ്പെടേണ്ടതില്ലെന്ന് രാജ്യത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജും അറിയിച്ചിട്ടുണ്ട്.

Inshorts | A new virus, HMPV, is spreading in China, causing concern globally.  Learn about symptoms, prevention, and the latest updates.