പരിമിതഎണ്ണം വേദനസംഹാരികള്‍ മാത്രമാണ് ഗര്‍ഭകാലത്ത് കഴിക്കുന്നതില്‍ സുരക്ഷിതമെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്നതില്‍ ഏറ്റവും സുരക്ഷിതമാണെന്ന് കരുതപ്പെട്ടിരുന്ന മരുന്നാണ് പാരസീറ്റമോള്‍ എന്നറിയപ്പെടുന്ന അസെറ്റാമിനോഫെന്‍ (Acetaminophen). ഗർഭകാലത്തെ പാരസീറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥശിശുവിന് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിന് (എഡിഎച്ച്ഡി.-ADHD) കാരണമായോക്കാമെന്ന് പുതിയൊരു പഠനം പറയുന്നു. ഗര്‍ഭസ്ഥശിശുക്കളില്‍ ആദ്യകാല മസ്തിഷ്‌കവികാസത്തില്‍ പാരസീറ്റമോളിന്റെ ഉപയോഗത്തിലൂടെയുണ്ടാകാവുന്ന അപകടസാധ്യതകള്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പാണ് പുതിയ പഠനം മുന്നോട്ടുവെക്കുന്നത്.
യു.എസിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഒരു സംഘം ഗവേഷകരാണ് പഠനത്തിനുപിന്നില്‍. 307 ഗര്‍ഭിണികളിലാണ് സംഘം പഠനം നടത്തിയത്. ഇവരുടെ രക്തത്തിലെ അസെറ്റാമിനോഫെന്റെ അളവ് ഗവേഷകര്‍ നിരീക്ഷിച്ചു. അസെറ്റാമിനോഫെന്‍ ഉപയോഗിച്ച സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എഡിഎച്ച്ഡി ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം കണ്ടെത്തി. ഗര്‍ഭാവസ്ഥയില്‍ മാതാവ് അസെറ്റാമിനോഫെന്‍ ഉപയോഗിച്ച പെണ്‍കുട്ടികളില്‍ പത്ത് വയസ്സിനുള്ളില്‍ എഡിഎച്ച്ഡി പിടിപെടാനുള്ള സാധ്യത ആറിരട്ടിയാണെന്നും പഠനം പറയുന്നു.ഓണ്‍ലൈന്‍ ജേണലായ നേച്ചര്‍ മെന്റല്‍ ഹെല്‍ത്തില്‍ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
കുട്ടികളിലെ സ്വഭാവ / പെരുമാറ്റരീതികളില്‍ കണ്ടുവരുന്ന ചില അസ്വാഭാവികതകളാണ് എഡിഎച്ച്ഡി. ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്തുചാട്ടം എന്നിവയാണ് എഡിഎച്ച്ഡി (Attention deficit hyperactivity disorder)യുടെ പ്രധാന ലക്ഷണങ്ങള്‍. Minimal Brain Dysfunction, Hyper Kinetic Syndrome എന്നീ പേരുകളിലും എഡിഎച്ച്ഡി അറിയപ്പെടുന്നു. ചെറിയൊരു രോഗാവസ്ഥയാണെങ്കിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന, പല കുട്ടികളിലും കണ്ടുവരുന്ന അവസ്ഥയാണിത്. തലച്ചോറിന് സംഭവിക്കുന്ന സൂക്ഷ്മമായതും അതേസമയം കാരണം വ്യക്തമല്ലാത്തതുമായ ചില തകരാറുകള്‍ മൂലമാണ് എഡിഎച്ച്ഡി സംജാതമാകുന്നത് എന്നാണ് കരുതപ്പെട്ടിരുന്നത്. പ്രായപൂര്‍ത്തിയായവരിലും ഈ അവസ്ഥ ഒരു പരിധിവരെ കാണപ്പെടാറുണ്ട്.
പാരസീറ്റമോള്‍ അഥവാ അസെറ്റാമിനോഫെന്റെ അമിത ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കാമെന്നുള്ള പഠനറിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഗര്‍ഭകാലത്തെ അസെറ്റാമിനോഫെന്‍ ഉപയോഗം എഡിഎച്ച്ഡിയ്ക്ക് കാരണമായോക്കാമെന്നാണ് പുതിയ പഠനം പറയുന്നതെങ്കിലും പഠനത്തിന് കുറച്ചുകൂടി ആധികാരികത ലഭിക്കാനുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. താരതമ്യേന സുരക്ഷിതമായ വേദനസംഹാരിയായി കാലങ്ങളായി ഉപയോഗിച്ചുവരുന്ന പാരസീറ്റമോളിനെ പാടേ തള്ളിക്കളയോണ്ടതില്ലെന്നാണ് ഗവേഷകമതം. ഗര്‍ഭസ്ഥശിസുവിന്റെ നാഡീവ്യൂഹവികാസത്തില്‍ അസെറ്റാമിനോഫെന്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ലെന്ന് ശിശുരോഗവിദഗ്ധയായ ഷീല സത്യനാരായണ സയന്‍സ് അലര്‍ട്ടിനോട് പറഞ്ഞു.
ഗര്‍ഭകാലത്തെ അസെറ്റാമിനോഫെന്‍ ഉപയോഗം കുട്ടികളില്‍ എഡിഎച്ച്ഡിയ്ക്ക് കാരണമാകുമെന്നതിന്റെ അവ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് 2015 ല്‍ എഫ്ഡിഎ (Food and Drug Administration ) പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പാരസീറ്റമോളും എഡിഎച്ച്ഡിയും തമ്മിലുള്ള ബന്ധം സ്പഷ്ടമാക്കുന്ന കൂടുതല്‍ പഠനങ്ങളും കൃത്യമായ തെളിവുകളും ഇനിയും വരേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ പ്രതികരണം.
Content Highlights: Study links acetaminophen (paracetamol) use during pregnancy to increased ADHD risk in children
Published: 04 Mar 2025, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented