ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് മരുന്ന് വിതരണം ഉറപ്പാക്കുന്നതിനായി അടിയന്തര നീക്കങ്ങളുമായി പാകിസ്താന്‍ ആരോഗ്യ വൃത്തങ്ങള്‍. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെയാണ് ന്യൂഡല്‍ഹിയുമായുള്ള എല്ലാ വ്യാപാരബന്ധവും നിര്‍ത്തിവെക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഈ തീരുമാനം പാകിസ്താനിലെ മരുന്നു ലഭ്യത സംബന്ധിച്ച ആശങ്കയ്ക്ക് കാരണമായെന്നും വിതരണം ഉറപ്പാക്കാന്‍ ആരോഗ്യ അധികാരികള്‍ അടിയന്തര നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തര സാഹചര്യം നേരിടാനുള്ള പദ്ധതികള്‍ ഇതിനകം തയ്യാറാണെന്ന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്താന്‍ (ഡിആര്‍എപി) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍, ഫാര്‍മസ്യൂട്ടിക്കല്‍ അസംസ്‌കൃത വസ്തുക്കളുടെ 30 ശതമാനം മുതല്‍ 40 ശതമാനംവരെ വരെ പാകിസ്താന്‍ ഇന്ത്യയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്സും (API) വിവിധ നൂതന ചികിത്സാ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. ഇവയുടെ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബദല്‍ സ്രോതസുകള്‍ തേടുകയാണ് ഡിആര്‍എപി.
പേവിഷബാധയ്ക്കെതിരായ വാക്സിനുകള്‍, പാമ്പ് വിഷത്തിനുള്ള മറുമരുന്ന്, കാന്‍സര്‍ ചികിത്സകള്‍, മോണോക്ലോണല്‍ ആന്റിബോഡികള്‍, മറ്റ് നിര്‍ണായക ജൈവ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ മെഡിക്കല്‍ സപ്ലൈകളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാനാണ് ഏജന്‍സി ലക്ഷ്യമിടുന്നത്. വ്യാപാരം നിര്‍ത്തിവെച്ചതിന്റെ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് വ്യവസായ രംഗത്തെ പ്രമുഖരും ആരോഗ്യ വിദഗ്ധരും പാക് അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഗുരുതരമായ ക്ഷാമത്തിലേക്ക് നയിക്കുമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ഭയപ്പെടുന്നുണ്ട്. അഫ്ഗാനിസ്താന്‍, ഇറാന്‍, അതിര്‍ത്തി വഴി രജിസ്റ്റര്‍ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ മരുന്നുകള്‍ പാകിസ്ഥാനിലേക്ക് കടത്തുന്ന ശക്തമായ സംഘങ്ങള്‍ നിലനില്‍ക്കുന്നത് സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിയമപരമായ ഇറക്കുമതി മൂലമുണ്ടാകുന്ന വിടവുകള്‍ ഇതിലൂടെ നികത്തപ്പെടുമെങ്കിലും ഗുണനിലവാരവും സ്ഥിരമായ വിതരണവും ഉറപ്പാക്കാന്‍ കഴിയില്ല.
വ്യാപാര നിരോധനത്തില്‍ നിന്ന് ഇളവ് തേടുന്നതിനായി ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ പ്രമുഖരുടെ ഒരു പ്രതിനിധി സംഘം വ്യാഴാഴ്ച ഇസ്ലാമാബാദിലെത്തിയിരുന്നു. ഡിആര്‍എപി, വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരുമായി അവര്‍ കൂടിക്കാഴ്ച നടത്തി. അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് മാത്രം ലഭിക്കുന്ന നിരവധി ജീവന്‍ രക്ഷാ ഉല്‍പ്പന്നങ്ങള്‍ ഉള്ളതിനാല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സംഘം ആവശ്യപ്പെട്ടുവെന്ന് പാകിസ്താന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (പിപിഎംഎ) ചെയര്‍മാന്‍ തൗഖീര്‍-ഉല്‍-ഹഖ് പറയുന്നു.
Content Highlights: Pakistan`s Drug Shortage After India Trade Halt
Published: 27 Apr 2025, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented