അടുത്തിടെയാണ് ഹോളിവു‍ഡ് നടി ഒലിവിയ മൺ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച നീണ്ടകുറിപ്പിലൂടെയാണ് ചിത്രങ്ങൾ സഹിതം ഒലിവിയ സ്തനാർബുദയാത്ര പോസ്റ്റ് ചെയ്തത്. കാൻസർ നിർണയ ജീൻ പരിശോധനകളിൽപ്പോലും നെ​ഗറ്റീവ് റിസൽട്ട് ലഭിച്ചെങ്കിലും ബ്രെസ്റ്റ് കാൻസർ റിസ്ക് അസസ്മെന്റ് സ്കോർ പരിശോധിച്ചതാണ് ജീവൻ രക്ഷിച്ചതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്തനാർബുദ ശസ്ത്രക്രിയയ്ക്കുശേഷം പാടുകളുള്ള ശരീരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

To advertise here,

സ്കിംസ് എന്ന ബ്രാൻഡിന്റെ ക്യാംപയിൻ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഒലിവിയ പങ്കുവെച്ചത്. തന്റെ ശരീരത്തിലെ മാസക്ടമിയുടെ പാടുകളിൽ അരക്ഷിതാവസ്ഥയുമായി മുന്നോട്ടു പോകുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് ഒലിവിയ കുറിക്കുന്നത്. ശരീരത്തിൽ അവശേഷിപ്പിച്ചിരിക്കുന്ന ഓരോ അടയാളങ്ങളും താൻ എത്രത്തോളം കഠിനമായി പോരാടിയെന്നതിന്റെ തെളിവുകളാണെന്നും ഒലിവിയ പറയുന്നു. 

തങ്ങളുടെ ശരീരത്തിലെ പാടുകളേയോർത്ത് ആകുലപ്പെടുന്ന സ്ത്രീകൾ ഈ ചിത്രങ്ങൾ കാണുകയും താൻ പകരുന്ന സ്നേഹമെല്ലാം അനുഭവിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒലിവിയ കുറിക്കുന്നു.

ബയോപ്സി ചെയ്ത് മുപ്പതുദിവസത്തിനുള്ളിൽ ഇരുസ്തനങ്ങളും നീക്കംചെയ്തുവെന്ന് ഒലിവിയ നേരത്തേ പറഞ്ഞിരുന്നു. സ്തനാർബുദം നേരത്തേ കണ്ടെത്താൻ കഴിഞ്ഞുവെന്നതാണ് തന്റെകാര്യത്തിൽ തുണയായത്. മുപ്പതുകഴിഞ്ഞാൽ ഡോക്ടർമാരോട് സ്തനാർബുദസാധ്യത പരിശോധിക്കാൻ ആവശ്യപ്പെടണമെന്നും അത് ഇരുപതുശതമാനത്തിനു മുകളിലാണെങ്കിൽ എല്ലാവർഷവും മാമോ​ഗ്രാമും സ്തനത്തിന്റെ എം.ആർ.ഐ.യും ചെയ്യണമെന്നും ഒലിവിയ പറയുകയുണ്ടായി. 

സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?  

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ പരിശോധിക്കണം? 

കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ  സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ  ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.

തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ 

  • സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
  • റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
  • കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
  • മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
  • വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും. 

രോഗനിർണയം സങ്കീർണമല്ല

ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന. റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.

മുഴയിൽ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്. 

ചികിത്സ  

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക ഓപ്പറേഷന് ശേഷം റേഡിയേഷൻ പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.