പല രോ​ഗങ്ങളും സ്ഥിരീകരിക്കും മുമ്പ് ശരീരം പലവിധത്തിലുള്ള ലക്ഷണങ്ങളും പ്രകടമാക്കും. എന്നാൽ മിക്കയാളുകളും ലക്ഷണങ്ങൾ മൂർച്ഛിക്കുമ്പോൾ മാത്രം ചികിത്സ തേടുന്നവരാണ്. പോഷകങ്ങളുടെ കുറവുപോലും ശരീരം പലരീതിയിൽ പ്രകടമാക്കുമെന്ന് പറയുകയാണ് പ്രശസ്ത ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ​ഡോ.സൗരഭ് സേഥി. ശരീരം പ്രകടമാക്കുന്ന അഞ്ച് കാര്യങ്ങൾ പരിശോധിച്ച് പോഷകങ്ങളുടെ കുറവ് തിരിച്ചറിയാമെന്ന് പറയുകയാണ് സൗരഭ് സേഥി. 

To advertise here,

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗരഭ് ഓരോ ലക്ഷണങ്ങളും പോഷകക്കുറവും സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. 

നഖംപൊട്ടുന്നത്

നഖം പൊട്ടിപ്പോകുന്നത് പോഷകങ്ങളുടെ കുറവിന്റെ പ്രധാന ലക്ഷണമാണെന്ന് ഡോ. സൗരഭ് പറയുന്നു. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നതും അതുമൂലം നഖങ്ങളിലെ കോശങ്ങളിലേക്കുള്ള ഓക്സിജന്റെ വിതരണം തടസ്സപ്പെടുന്നതുമാണ് നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണം. കൂടാതെ കരുത്താർന്ന നഖങ്ങൾക്കാവശ്യമായ ബയോട്ടിൻ, വിറ്റാമിൻ-ബി തുടങ്ങിയവയുടെ കുറവും സിങ്കിന്റെ കുറവുമൊക്കെ കാരണമാണ്. നഖങ്ങൾ ആരോ​ഗ്യപൂർണമാകാൻ മേൽപ്പറഞ്ഞ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഹാരത്തിൽ ഇലവർ​ഗങ്ങൾ, ബീറ്റ്റൂട്ട്, റെഡ് മീറ്റ്, പയർവർ​ഗങ്ങൾ തുടങ്ങിയവ ധാരാളം ഉൾപ്പെടുത്തണമെന്നും ഡോ.സൗരഭ് പറയുന്നു. 

കൺപോളകളിലെ വിറയൽ

കൺപോളകൾ വിറയ്ക്കുന്നതുപോലെയും പുളയുന്നതുപോലെയുമൊക്കെ അനുഭവപ്പെടുന്നത് പലരും അങ്ങനെ കാര്യമാക്കാറില്ല. എന്നാൽ ഇത് മ​ഗ്നീഷ്യത്തിന്റെ കുറവ് കൊണ്ടാണെന്ന് ഡോ. സൗരഭ് പറയുന്നു. മ​ഗ്നീഷ്യം കുറയുന്നത് പേശികളെ ആയാസപ്പെടുത്തുകയും നാഡികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവും കാരണമാകാറുണ്ട്. പഴവും നട്സും നന്നായി കഴിക്കുന്നത് ഈ പോഷകങ്ങളുടെ കുറവ് പരിഹരിക്കും. എന്നിട്ടും പ്രശ്നം തുടരുകയാണെങ്കിൽ വിദ​ഗ്ധ ചികിത്സ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. 

സന്ധികളിൽ നിന്നുള്ള ശബ്ദം

പലരും നടക്കുമ്പോഴും മറ്റും സന്ധികളിൽ പൊട്ടുന്നപോലെ ശബ്ദം അനുഭവപ്പെടാറുണ്ട്. ഇത് പലപ്പോഴും സ്വാഭാവികമാണെങ്കിലും വിറ്റാമിൻ ഡിയുടെ അപര്യാപ്തതയും കാരണമാവാമെന്ന് ഡോ.സൗരഭ് പറയുന്നു. അസ്ഥികളുടെയും സന്ധികളുടെയും ആരോ​ഗ്യത്തിന് വിറ്റാമിൻ ഡി പ്രധാനമാണ്. വെയിൽ കൊള്ളുക എന്നതാണ് വിറ്റാമിൻ ഡിയുടെ അപര്യാപ്തത തടയാനുള്ള മാർ​ഗമെന്നും ട്യൂണ, മുട്ടയുടെ മഞ്ഞ, കൂൺ, സിറിയൽസ് തുടങ്ങിയവയിൽ വിറ്റാമിൻ ഡി നന്നായി അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

അകാലനര

ചെറുപ്രായത്തിൽ തന്നെ നര പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അതും പോഷകാഹാരക്കുറവിന്റെ ലക്ഷണമാണെന്ന് പറയുകയാണ് ഡോ.സൗരഭ്. ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ നര കണ്ടാൽ വിറ്റാമിൻ ബി 12-ന്റെ കുറവ് ആവാനിടയുണ്ട്. വിറ്റാമിൻ ബി 13 കുറയുന്നത് മെലാനിൻ ഉത്പാദനത്തെ തകരാറിലാക്കുകയും അകാലനരയിലേക്ക് നയിക്കുകയും ചെയ്യും. 

പെട്ടെന്നുണ്ടാകുന്ന ചതവുകൾ

ശരീരത്തിൽ കൈകാലുകളിൽ അകാരണമായി ചതവുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ വിറ്റാമിൻ സിയുടെ നില പരിശോധിക്കേണ്ടതുണ്ടെന്ന് ഡോ.സൗരഭ് പറയുന്നു. ആരോ​ഗ്യകരമായ രക്തക്കുഴലുകൾക്ക് വിറ്റാമിൻ സി അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സിയുടെ കുറവ് മൂലം ശരീരം ചെറുതായി തട്ടുമ്പോൾ പോലും ചതവ് പ്രത്യക്ഷമാകാൻ കാരണമാകും. വിറ്റാമിൻ കെ, ഇരുമ്പ് എന്നിവയുടെ കുറവും എളുപ്പത്തിൽ ചതവ് വരാൻ കാരണമാകും.