മലപ്പുറം: പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന നോർക്ക കെയർ ആരോഗ്യഇൻഷുറൻസ് പദ്ധതി തിരിച്ചുവന്ന പ്രവാസികളെ പുറത്താക്കുന്നു. 41.7 ലക്ഷം പ്രവാസികളെയാണ് ലക്ഷ്യംവെക്കുന്നതെങ്കിലും നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിനു പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം. ഇതോടെ തിരിച്ചുവന്ന 14 ലക്ഷത്തോളം പ്രവാസികൾ പദ്ധതിയിൽനിന്ന് പുറത്താവും. ഈ മാസം 22 മുതലാണ് പദ്ധതി തുടങ്ങുന്നത്.
പതിറ്റാണ്ടുകൾ വിദേശങ്ങളിൽ ജോലിചെയ്ത് അനാരോഗ്യംമൂലവും തൊഴിൽനഷ്ടംമൂലവും തിരിച്ചെത്തിയവരാണ് ഈ 14 ലക്ഷം പ്രവാസികളിലധികവും. യഥാർത്ഥത്തിൽ അവർക്കാണ് ആരോഗ്യ ഇൻഷുറൻസ് ഏറ്റവുമധികം ആവശ്യം. ഇപ്പോൾ വിദേശത്തു ജോലിചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം തൊഴിൽ പെർമിറ്റിനോടൊപ്പം അതത് രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. അതിനാൽ അവിടത്തെ ആരോഗ്യപരിരക്ഷ അവർക്കു ലഭിക്കും. പ്രവാസിക്കും പങ്കാളിക്കും രണ്ടു മക്കൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.
അതേസമയം നോർക്ക കെയറിന്റെ പരിരക്ഷയിൽ വിദേശത്തെ പ്രവാസികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയിട്ടുമില്ല. പ്രായംകൊണ്ടും അനാരോഗ്യംകൊണ്ടും രക്ഷിതാക്കളാണ് ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷ ആവശ്യമുള്ളവർ. തിരിച്ചുവന്ന പ്രവാസികൾക്ക് നോർക്കയുടെ തിരിച്ചറിയൽകാർഡ് ഇല്ലെന്ന പ്രശ്നവുമുണ്ട്. നാട്ടിലെ പ്രവാസികൾക്കും ഈ കാർഡ് നൽകണമെന്ന് പ്രവാസിസംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. അതുമാത്രമല്ല, നോർക്ക കെയർ ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിൽവന്ന് ചികിത്സതേടുകയും വേണം.
എന്താണ് നോർക്ക കെയർ
: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി(ജിഎംസി), ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റൽ പോളിസി(ജിപിഎ) എന്നിവയാണ് നോർക്ക കെയർ നൽകുന്ന പോളിസികൾ. ജിഎംസിയിൽ ഏത് ആരോഗ്യപ്രശ്നത്തിനും കുടുംബത്തിനോ വ്യക്തിക്കോ അഞ്ചുലക്ഷം രൂപവരെ പരിരക്ഷ ലഭിക്കും. ജിപിഎയിൽ ഏതു തരം അപകടത്തിനും 10 ലക്ഷം രൂപവരെ ലഭിക്കും. 18 നും 70നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിരക്ഷ. കേരളത്തിലെ 488 ആശുപത്രികളും രാജ്യത്തെ 16167 ആശുപത്രികളുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. രണ്ടു പദ്ധതികളിലുംകൂടി പ്രവാസിക്ക് മാത്രം 8101 ഇന്ത്യൻരൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ടുമക്കൾ എന്നിവർക്ക് 13411 രൂപവരും. കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4130 രൂപ അടയ്ക്കണം.
നാട്ടിലെ പ്രവാസികളോട് നീതികാണിക്കണം
നാടിന്റെ വികസനത്തിന് വലിയപങ്കുവഹിച്ച മടങ്ങിയെത്തിയ പ്രവാസികളെ അവഗണിക്കുന്നത് അനീതിയാണ്. അവരെക്കൂടി നോർക്കയുടെ ആരോഗ്യഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാക്കണം. വിദേശത്തുള്ളവരുടെ രക്ഷിതാക്കളെയും ഇതിൽ ചേർക്കണം. ഇൻഷുറൻസ് പദ്ധതിയിൽ വിദേശങ്ങളിലെ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തിയാലേ പ്രവാസികൾക്ക് യഥാർത്ഥ പ്രയോജനം ലഭിക്കൂ.
ഹനീഫ മൂന്നിയൂർ
(പ്രവാസിലീഗ് സംസ്ഥാനപ്രസിഡന്റ്)
Content Highlights: norka-care-health-insurance-excludes-returned-expats
Published: 19 Sept 2025, 08:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented