ലോകമെങ്ങും ഓരോ വര്‍ഷവും മസ്തിഷ്‌കാഘാതം അഥവാ സ്‌ട്രോക്ക് കൊണ്ട് മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ചികിത്സ തേടുന്നതുവരെയുള്ള ഓരോ നിമിഷവും അതിനിര്‍ണായകമായി കടന്നുപോകുന്ന രോഗം എന്ന നിലയില്‍ അവബോധത്തിന്റെയും വളരെ നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം വളരെ വലുതാണ്.

To advertise here,

ഇപ്പോഴിതാ, സ്ട്രോക്ക് ഉണ്ടായപ്പോൾ താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സെറോദ സഹസ്ഥാപകൻ നിതിൻ കാമത്ത്. ചികിത്സ വൈകിപ്പിച്ചതായിരുന്നു താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. രോഗലക്ഷണങ്ങളെ ഗൗരവമായി കാണണമെന്നും ഉടനടി വൈദ്യസഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗമുണ്ടാകുമ്പോൾ ഉറങ്ങിയാൽ മാറുമെന്ന് ചിന്തിക്കാതെ 4.5 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പോയിരുന്നെങ്കിലെന്ന് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് ഗോൾഡൻ ഹവർ. ‘എനിക്കൊന്നും സംഭവിക്കില്ല’ എന്ന മനോഭാവമാണ് പലർക്കും. എന്നാൽ, സ്ട്രോക്ക് കുത്തനെ വർധിക്കുകയാണ്. സമീപ വർഷങ്ങളിൽ പക്ഷാഘാതം സംഭവിക്കുന്നവരിൽ ഏകദേശം 30 ശതമാനവും 30-നും 50-നും ഇടയിൽ പ്രായമുള്ളവരാണ്, അദ്ദേഹം എക്സിൽ കുറിച്ചു.

എന്താണ് സ്ട്രോക്ക് ?

നമ്മുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുകയോ രക്തസ്രാവം സംഭവിക്കുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഇങ്ങനെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത് വഴി ഓക്‌സിജനും പോഷകവസ്തുക്കളും ലഭിക്കാതെ മസ്തിഷ്കത്തിലെ കോശങ്ങൾ അതിവേഗം നശിച്ചു പോകുന്നു. പ്രധാനമായും രണ്ടു തരത്തിലുള്ള സ്ട്രോക്കുകളാണ് ഉള്ളത്.

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് മൂലം സംഭവിക്കുന്ന ഇസ്കീമിക് സ്ട്രോക്ക്, തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് സംഭവിക്കുന്ന ഹെമറാജിക് സ്ട്രോക്ക് എന്നിവയാണവ.

എന്താണ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ?

മുഖത്തെ പേശികളിൽ വലിവ് അനുഭവപ്പെടുന്നത്, മുഖമോ ചുണ്ടോ കോടിപ്പോവുക, സംസാരത്തിലെ അവ്യക്തത, കൈ-കാൽ ബലഹീനത, കാഴ്ച മങ്ങൽ, തലവേദന എന്നിവയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ. ഇവയിലേതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ചികിത്സ തേടേണ്ടതാണ്. രോഗിയെ സ്ട്രോക്ക് ചികിത്സാസൗകര്യം ഉള്ള ആശുപത്രിയിൽ എത്രയും വേഗം എത്തിക്കുക എന്നതാണ് ചികിത്സയുടെ ഫലപ്രാപ്തിക്ക് പ്രധാനം. അതിനാൽ "സമയം തന്നെയാണ് മസ്തിഷ്കം" എന്നതാണ് സ്ട്രോക്ക് ചികിത്സയുടെ മുഖ്യ സന്ദേശം തന്നെ.

സ്ട്രോക്ക് വരാതിരിക്കാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?

രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, ദിവസേന കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.

കൊഴുപ്പ്, ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ്, എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ജങ്ക്ഫുഡുകളും ഒഴിവാക്കി കൃത്യമായ പോഷണം ഉറപ്പാക്കുന്ന പോഷകാഹാരം ഡയറ്റിൽ ഉൾപ്പെടുത്തുക. പുകവലിയും മദ്യപാനവും ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ സ്ട്രോക്ക് പ്രതിരോധത്തിന്റെ കാതലായ ഘടകങ്ങളാണ്.

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും ഉടൻ ചികിത്സ തേടാനും പ്രായമായവർ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും സമൂഹവും മുന്നോട്ടുവരണം.