
കോട്ടയം: ‘എന്റെ മരണം മറ്റൊരാളുടെ തുടക്കമാകുമെങ്കിൽ, അങ്ങനെയാകട്ടെ’- മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യാൻ അവയവദാന സമ്മതപത്രത്തിൽ ഒപ്പിട്ട് നിഷാ ജോസ് കെ.മാണി. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷനിലാണ് (നോട്ടോ) ഇതിനായി രജിസ്റ്റർ ചെയ്തത്. ‘എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമാകരുതെന്നും 14 പേർക്ക് പുതിയ തുടർച്ചയാകണമെന്ന് ആഗ്രഹിക്കുന്നു,’ എന്ന് ഫെയ്‌സ്‌ബുക്കിലൂടെയാണ് അവർ അറിയിച്ചത്.
‘വീണ്ടും മിടിക്കുന്ന ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, വർഷങ്ങളുടെ കഷ്ടപ്പാടുകളിൽനിന്ന് മറ്റൊരാൾക്ക് മോചനം നൽകുന്ന വൃക്ക, പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്ന കരൾ, ശ്വാസകോശം, ടിഷ്യുകൾ എന്നിവ ദാനംചെയ്താൽ 14 പേർക്കാണ് പുതുജീവൻ ലഭിക്കുക.
കുറച്ചുപേർക്കെങ്കിലും പുതിയൊരു ‘ജീവൻ സമ്മാനിച്ചാണ് അമ്മ മടങ്ങിയതെന്ന് മക്കൾ ഓർക്കണമെന്നും അവർ കുറിച്ചു. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർക്ക് നോട്ടോയുടെ രജിസ്ട്രേഷൻ ലിങ്കും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. ജോസ് കെ. മാണി എം.പി.യുടെ ഭാര്യയാണ് നിഷ.
അവയവദാനം എന്താണ്? അവയവദാനം എങ്ങനെ നടത്താം?
അവയവദാനം രണ്ട് രീതികളിലായാണ്. ഒന്ന് നാം ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യുന്നത്. ഇതിനെ നാം ലൈവ് ഡോണർ ട്രാൻസ്പ്ലാന്റ് എന്ന് പറയും. മറ്റൊന്ന് മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം ദാനം ചെയ്യുന്നത് ഇതിനെ ഡിസീസ്ഡ് ഡോണർ ട്രാൻസ്പ്ലാന്റ് എന്ന് പറയുന്നു. മരണപ്പെട്ട വ്യക്തിയുടെ അവയവങ്ങൾ സ്വീകരിക്കണമെങ്കിൽ സ്വീകർത്താവ് സർക്കാർ സംവിധാനമായ കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണം.
മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഏതൊക്കെ അവയവങ്ങൾ ദാനം ചെയ്യാം?
കരൾ, ഹൃദയം, രണ്ട് വൃക്കകൾ പാൻക്രിയാസ്, ഹൃദയവാൾവ്, കോർണിയ, ശ്വാസകോശം(2), ചെറുകുടൽ, കൈ എന്നീ അവയവങ്ങൾ ബന്ധപ്പെട്ടവരുടെ സമ്മതത്തോടെ മരണ ശേഷം ദാനം ചെയ്യാവുന്നതാണ്.
ലൈവ് ഡോണേഴ്സിന് എന്തൊക്കെ ദാനം ചെയ്യാം?
ജീവിച്ചിരിക്കുന്നവർക്ക് തങ്ങളുടെ കരൾ, വൃക്ക എന്നിവ ദാനം ചെയ്യാവുന്നതാണ്. ലൈവ് ഡോണർ ട്രാൻസ്പ്ലാന്റിൽ ഏറ്റവും അധികം ഇന്ന് ദാനം ചെയ്യുന്നതായി കാണുന്നതും ഈ അവയങ്ങൾ തന്നെയാണ്. അവയവ ദാതാക്കൾക്കാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുക.
ആർക്കൊക്കെ അവയങ്ങൾ ദാനം ചെയ്യാം?
ആരോഗ്യപരമായി പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ പതിനെട്ട് മുതൽ അൻപത്തിയഞ്ച് വയസ്സ് ഉള്ളവർക്കു വരെ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്.
അവയവദാനശേഷം ദാതാവിന് സാധാരണ ജീവിതം മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കുമോ?
സാധാരണ ഗതിയിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. നല്ല ജീവിത ശൈലിയിൽ സാധാരണ രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകാവുന്നതാണ്.
അവയവദാനം സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട്
ഡോ: സജീഷ് സഹദേവൻ
ആസ്റ്റർ മിംസ്
കോഴിക്കോട്
Content Highlights: Nisha Jose K. Mani signed consent to donate 14 organs posthumously., Registered officially with the National Organ and Tissue Transplant Organisation (NOTO).
Published: 13 Aug 2026, 10:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented